
ചിറങ്ങര അടിപ്പാത നിർമാണം: പൊളിച്ചു പുതിയതായി കെട്ടിയൊരുക്കിയ കമ്പിക്കെട്ട് വീണ്ടും പൊളിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊരട്ടി ∙ ചിറങ്ങര അടിപ്പാത നിർമാണത്തിന്റെ ഭാഗമായി അടിത്തറ കോൺക്രീറ്റിങ്ങിനു സ്ഥാപിച്ച കമ്പിക്കെട്ടുകൾ പൊളിച്ചു പുതിയതു കെട്ടിയൊരുക്കിയെങ്കിലും അവ വീണ്ടും പൊളിക്കുന്നു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും കൺസൽറ്റൻസിയുടെ എൻജിനീയർമാരും ഇന്നലെ നടത്തിയ പരിശോധനയിൽ വീണ്ടും തിരുത്തലുകൾ നിർദേശിച്ചു. അടിപ്പാതയുടെ കിഴക്കു ഭാഗത്തു ബെൽമൗത്ത് കൂടി ഉൾപ്പെടുത്തിയ ഡിസൈൻ തയാറാക്കിയിരുന്നു. ഇതനുസരിച്ചല്ല സ്ട്രക്ചർ നിർമിക്കാൻ ശ്രമിച്ചതെന്നതു ചൂണ്ടിക്കാട്ടിയാണു നേരത്തെ കമ്പിക്കെട്ടു പൊളിപ്പിച്ചത്. ഇന്നലെ നടത്തിയ പരിശോധനയിലും തിരുത്തലുകൾ വേണ്ടിവന്നതായി ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ അറിയിച്ചു.
ദേശീയപാത അതോറിറ്റി പ്രോജക്ട് മാനേജർ ബിജുകുമാർ, കൾസൽറ്റൻസിയുടെ ടീം ലീഡർ ദിലീപ് ചന്ദ്, മെറ്റീരിയൽ എൻജിനീയർ അനിൽകുമാർ ഘോഷ്, ബ്രിജ് എൻജിനീയർ അബ്ദുൽ നാസർ, അസി.ഹൈവേ എൻജിനീയർ കൊസാമണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വീണ്ടും പരിശോധന നടത്തി പിഴവില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ അടിപ്പാതയുടെ രണ്ടാമത്തെ ബോക്സിന്റെ കോൺക്രീറ്റിങ് അനുവദിക്കൂവെന്നു പ്രോജക്ട് ഡയറക്ടർ അറിയിച്ചു. കെട്ടിയ കമ്പികൾ വീണ്ടും അഴിച്ചു സാങ്കേതിക വിദഗ്ധർ നിർദേശിച്ച പ്രകാരം കെട്ടിയ ശേഷമാകും കോൺക്രീറ്റിങ്.
കുരുക്ക് തുടരുന്നു
ദേശീയപാതയിൽ ചിറങ്ങര മുതൽ പെരുമ്പി വരെ ഗതാഗതക്കുരുക്കിന് ഇന്നലെയും അയവുണ്ടായില്ല. സമാന്തര പാതകൾ ഉപയോഗപ്പെടുത്താൻ കലക്ടർ നിർദേശിച്ചതു പ്രകാരം വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെ കുരുക്കിന് അൽപം ആശ്വാസമായെന്നു മാത്രം. കനാൽ നിർമാണത്തിനായി റോഡ് പൊളിച്ചതു വില്ലനായതോടെ പുതിയ റോഡിലൂടെയാണ് വാഹനങ്ങൾ തിരിച്ചുവിട്ടത്. വാലുങ്ങാമുറിയിലാണു കനാൽ നിർമാണത്തിനായി റോഡ് പൊളിച്ചത്. കുറേ ചെറുവാഹനങ്ങൾ മുരിങ്ങൂരിൽനിന്നു മേലൂർ റോഡിലേക്കു തിരിച്ചുവിട്ടിരുന്നു. ഇവയ്ക്ക് നടത്തുരുത്ത്, പാലമുറി, കോനൂർ, പെരുമ്പി റോഡ്, സുഗതി ജംക്ഷൻ, തിരുമുടിക്കുന്ന്, കറുകുറ്റി വഴി ദേശീയപാതയിൽ കയറാവുന്ന ക്രമീകരണമാണ് ഏർപ്പെടുത്തിയത്.