പുത്തൂർ∙ പുത്തൂർ മൃഗശാല സന്ദർശകർക്കായി തുറക്കാൻ ഒരുങ്ങുന്നു. ഈ മാസം അവസാനത്തോടെ ടിക്കറ്റ് വിൽപന ആരംഭിക്കാനാണ് അധികൃതരുടെ ശ്രമം.
സ്വാഭാവിക ആവാസവ്യവസ്ഥയിൽ വിഹരിക്കുന്ന പക്ഷിമൃഗാദികളെ വനത്തിനുള്ളിലെന്ന പോലെ ഇവിടെ കാണാനാകും. 28 ആവാസയിടങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുളളത്. ഓമന മൃഗങ്ങൾക്കായുള്ള പ്രത്യേക ഏരിയ, വെർച്വൽ സൂ, മാനുകൾക്കായുള്ള സഫാരി പാർക്ക് തുടങ്ങിയവയും അടുത്ത ഘട്ടങ്ങളിൽ ഒരുക്കും.കടുവകളും പുലിയും മാനുകളും കുരങ്ങുകളുംവിവിധ പക്ഷികളുമടക്കം 202 ജീവികൾ നിലവിൽ മൃഗശാലയിലുണ്ട്.
തൃശൂർ മൃഗശാലയിൽ നിന്നു 200 ജീവികളെ കൂടി ഈ മാസം മാറ്റുന്നതോടെ പുത്തൂർ മൃഗശാല പൂർണ സജ്ജമാകും. തൃശൂരിൽ നിന്നു പുത്തൂരിലേക്ക് ജീവികളെ മാറ്റുന്നതിനുള്ള കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
കുട്ടനെല്ലൂർ.
പുത്തൂർ റോഡിന്റെ നവീകരണം വേഗത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്.ഈ റോഡിന്റെ മെക്കാഡം ടാറിങ് ആണ് ഇപ്പോൾ നടന്നു വരുന്നത്. പുത്തൂർ മുതൽ മൃഗശാല വരെയുള്ള റോഡിന്റെ ടാറിങ് പൂർത്തിയായാലുടൻ തൃശൂരിൽ നിന്നും ജീവികളെ മാറ്റി തുടങ്ങും. പിന്നാലെ സന്ദർശകർക്കു മൃഗശാല തുറന്നു കൊടുക്കും.336 ഏക്കർ ഭൂമിയിൽ 369 കോടി രൂപ ചെലവിട്ടാണ് പുത്തൂർ മൃഗശാല യാഥാർഥ്യമാക്കിയത്. പൂർണതോതിൽ തുറക്കുന്നതോടെ കേരളത്തിനകത്തും പുറത്തും നിന്നും മൃഗശാലയിലേക്ക് സന്ദർശകർ എത്തും.
പുത്തൂരിന്റെയും പരിസരപ്രദേശങ്ങളുടെയും മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള വികസനം ഇതുമൂലമുണ്ടാകുമെന്നാണ് പ്രതീക്ഷ.
പകുതിയിലധികം ജീവികളെ തൃശൂരിൽ നിന്നു മാറ്റാനുള്ളപ്പോഴും സന്ദർശകർക്ക് മൃഗശാല തുറന്നു കൊടുക്കുന്നത് നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് ആക്ഷേപമുണ്ട്. ട്രാം വേ സൗകര്യങ്ങൾ ഒരുക്കാത്തതുമൂലം പ്രായമായവരും കുട്ടികളും 4 കിലോമീറ്റർ നടക്കേണ്ട സാഹചര്യമാണ്.
ആദ്യ ഘട്ടമായി മയിലുകളെ മാറ്റിയിട്ട് 2 വർഷം കഴിഞ്ഞിട്ടും പകുതി ജീവികളെപ്പോലും പൂത്തൂരിലേക്ക് കൊണ്ടുവരാത്തത് നിർമാണം പൂർത്തിയാകാത്തതിനാലാണെന്നും ആരോപണമുണ്ട്. സേഫ്റ്റി ഓഡിറ്റിങ് നടത്താത്തതു മൂലം മൃഗശാലയിലെ ജീവികൾക്കും സന്ദർശകർക്കും അപകടത്തിനുള്ള സാധ്യതയുമുണ്ട് . ഭാവിയിലേക്കുള്ള പ്രവർത്തന രൂപരേഖ തയാറാക്കാത്തത് തുടർ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും നാട്ടുകാർ പറയുന്നു.
ടിക്കറ്റ് നിരക്ക്
മുതിർന്നവർക്ക് : 100 രൂപ. സീനിയർ സിറ്റിസൺ: 50 രൂപ.
സ്കൂൾ വിദ്യാർഥികൾ: 30 രൂപ.
നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം
സൗകര്യങ്ങൾ
പാർക്കിനുള്ളിൽ സഞ്ചരിക്കാൻ 2 കെഎസ്ആർടിസി ഡബിൾ ഡക്കർ ബസുകളാണുള്ളത്. ഓരോ 400 മീറ്റർ പരിധിയിലും ബസ് സ്റ്റോപ്പും, ഫുഡ് കിയോസ്കും ശുചിമുറി സൗകര്യവുമുണ്ട്.
പ്രധാന കവാടത്തിനു സമീപം വലിയ കഫറ്റേരിയയും പാർക്കിനുള്ളിൽ ഒരു മിനി കഫറ്റേരിയയും ഒരുക്കിയിട്ടുണ്ട്. 200 ഇരു ചക്രവാഹനങ്ങൾക്കും, 200 കാറുകൾക്കും 15 ബസുകൾക്കും ഒരേ സമയം പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

