
ആ ചുവന്ന പെട്ടി ഇനിയില്ല; പതിറ്റാണ്ടുകൾക്കു മുൻപു സ്ഥാപിക്കപ്പെട്ട തപാൽപെട്ടി ഇനി ഓർമ
ചാലക്കുടി ∙ ഔദ്യോഗികവും വ്യക്തിപരവുമായ ആയിരക്കണക്കിനു കത്തുകൾ അയയ്ക്കാൻ ഉപയോഗിച്ചിരുന്ന ആ ചുവന്ന പെട്ടി ഇനിയില്ല.
നഗരസഭാ ഓഫിസിനു മുൻപിലെ തപാൽപെട്ടിയാണ് ഓർമയാകുന്നത്. നഗരസഭാ ഓഫിസ്, കോടതി, വനംവകുപ്പ് ഓഫിസുകൾ, ഇറിഗേഷൻ ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, കൃഷിഭവൻ, ഗവ.ഐടിഐ, ഗവ.സ്കൂളുകൾ തുടങ്ങി ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന ഭാഗത്തു പതിറ്റാണ്ടുകൾക്കു മുൻപു സ്ഥാപിക്കപ്പെട്ടതാണ് ഈ പെട്ടി.
പിന്നീടു പെട്ടിയുടെ ലോഹഭാഗം തുരുമ്പെടുത്തു തുടങ്ങിയതോടെ ചോർച്ച ആരംഭിച്ചു. അകത്തിടുന്ന കത്തുകൾ മഴ പെയ്താൽ നനയാൻ തുടങ്ങിയതോടെ ഏറെ കാലം പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ചു വച്ചു.
എന്നിട്ടും ചോർച്ച പരിഹരിക്കപ്പെടാതായതോടെ നഗരസഭാ ഓഫിസിന് എതിർവശത്തായി ബസ് ഷെൽറ്ററിൽ മറ്റൊരു തപാൽപെട്ടി സ്ഥാപിച്ചു. അതിനു ശേഷവും ഇതിനകത്ത് ആളുകൾ കത്തുകൾ ഇടാൻ തുടങ്ങിയതോടെയാണു കത്തുകൾ നനഞ്ഞു കേടു വരാതിരിക്കാനായി പോസ്റ്റൽ ഡിപ്പാർട്മെന്റ് പെട്ടി നീക്കാൻ തീരുമാനിച്ചത്. ക്രെയിൻ എത്തിച്ചാണു പെട്ടി നീക്കിയത്.
നാലടിയിലേറെ ഉയരമുള്ള തപാൽപെട്ടി തറയിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച നിലയിലായിരുന്നു. ഇത്രയും വലുപ്പമില്ലെങ്കിലും മറ്റൊരു തപാൽപെട്ടി തൊട്ടടുത്തായി സ്ഥാപിച്ചതാണ് ആശ്വാസം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]