മാള ∙ ഓടിക്കൊണ്ടിരുന്ന വാനിന്റെ അടയാത്ത ഡോറിലൂടെ റോഡിലേക്ക് നിരങ്ങി വീഴാൻ തുടങ്ങിയ രണ്ടര വയസ്സുകാരിക്കു രക്ഷകനായി ബൈക്ക് യാത്രികൻ. പറവൂർ അത്താണി സ്വദേശി വെട്ടിയാട്ടിൽ അനീഷിന്റെ (41) അവസരോചിതമായ ഇടപെടലാണ് കുഞ്ഞിനെ വലിയ അപകടത്തിൽ നിന്നു രക്ഷിച്ചത്.
മാള സ്വദേശികളായ നൗഷാദിന്റെയും റുക്സാനയുടെയും മകൾ സയാനാണ് വാനിന്റെ പൂർണമായും അടയാതിരുന്ന ഡോറിനിടയിലൂടെ പുറത്തേക്ക് നിരങ്ങി വന്നത്. ഇന്നലെ രാവിലെ കയ്പമംഗലം -തൃപ്രയാർ റോഡിലാണ് സംഭവം.
പാതി അടഞ്ഞ ഡോറിലൂടെ കുഞ്ഞ് റോഡിലേക്ക് വീഴാൻ തുടങ്ങുന്നത് ഈ സമയം ക്ഷേത്രദർശനം കഴിഞ്ഞു ബൈക്കിൽ മടങ്ങുകയായിരുന്ന അനീഷിന്റെ ശ്രദ്ധയിൽപെട്ടു.
റോഡിൽ നിറയെ വാഹനങ്ങളുണ്ടായിരുന്ന സമയമായതിനാൽ ഹോൺ മുഴക്കി കാറിലുള്ളവരെ വിവരമറിയിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് റോഡരികിലെ കോൺക്രീറ്റ് സ്ലാബിലൂടെ ബൈക്ക് ഓടിച്ചു വാനിനു മുൻപിലെത്തി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.
റോഡിലേക്ക് കുഞ്ഞ് വീഴുന്നതിനു മുൻപായി വാൻ നിർത്താനായി. ഡോറുകൾ പൂർണമായും ലോക്ക് ചെയ്യാതെയാണ് വാൻ റോഡിലൂടെ ഓടിയത്.
റോഡിൽ നിറയെ കുഴികളുള്ള ഭാഗമായതിനാൽ സീറ്റിനടിയിൽ ഇരിക്കുകയായിരുന്ന കുഞ്ഞ് ഡോറിലേക്ക് നിരങ്ങി വരികയായിരുന്നു.
സ്ലൈഡിങ് ടൈപ്പ് ഡോർ ആയതിനാൽ കുട്ടിയുടെ തല കുടുങ്ങുന്ന വിധം മുന്നോട്ടും പിന്നോട്ടും നീങ്ങുന്നുണ്ടായിരുന്നെന്ന് അനീഷ് പറയുന്നു. കുഞ്ഞിനെ അപകടത്തിൽ നിന്ന് രക്ഷിച്ച അനീഷിനോട് മാതാപിതാക്കളും ബന്ധുക്കളും നന്ദി അറിയിച്ചു.
ഇത്തരത്തിലുള്ള അശ്രദ്ധ ആവർത്തിക്കരുതെന്ന സ്നേഹത്തോടെയുള്ള ഉപദേശം നൽകിയാണ് അനീഷ് മടങ്ങിയത്. കഴിഞ്ഞ 8 വർഷമായി എറണാകുളം ക്യുആർഎസിലെ ജീവനക്കാരനാണ് അനീഷ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

