മാള ∙ വലിയപറമ്പിൽ പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച സഹകരണ പ്രിന്റിങ് പ്രസ് കെട്ടിടവും ഭൂമിയും അനാഥമായി. 25 വർഷം മുൻപ് പ്രസിന്റെ പ്രവർത്തനം നിലച്ചതോടെയാണ് കെട്ടിടം അനാഥമായത്.
ശേഷിക്കുന്ന യന്ത്രസാമഗ്രികൾ ഈ കെട്ടിടത്തിലുണ്ട്. കെട്ടിടം ഇടിഞ്ഞുവീഴാറായ നിലയിലാണ്.
ചുറ്റുപാടും കാടുവളർന്നു. വലിയപറമ്പ് ജംക്ഷനിൽനിന്ന് കുഴൂരിലേക്കുള്ള റോഡിൽ 20 സെന്റ് സ്ഥലത്ത് 1980ലാണ് കെട്ടിടം നിർമിച്ചത്. ആദ്യകാലങ്ങളിൽ സഹകരണ സംഘത്തിന്റെ നെയ്ത്തുകേന്ദ്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.
നൂറുകണക്കിനു തൊഴിലാളികൾ ഉണ്ടായിരുന്നു. ഇവിടെ നിർമിക്കുന്ന മുണ്ടും തോർത്തും സംഘം വഴിയായി വിപണിയിൽ എത്തിച്ചിരുന്നു.
അക്കാലത്ത് ഇവിടെ മുപ്പതിലധികം തറികളും ചർക്കകളും നൂലിൽ ചായം പുരട്ടാനുള്ള സംവിധാനവും ഉണ്ടായിരുന്നതായി പറയുന്നു.
വസ്ത്രനിർമാണ രംഗത്ത് കൂടുതൽ സാങ്കേതിക വളർച്ചയുണ്ടായതും നെയ്ത്തു തുണികൾക്ക് ആവശ്യക്കാർ കുറഞ്ഞതും നിമിത്തം സഹകരണ നെയ്ത്തുകേന്ദ്രത്തിന്റെ പ്രവർത്തനം അനിശ്ചിതാവസ്ഥയിലായി. തുടർന്നാണ് പ്രിന്റിങ് പ്രസ് ആരംഭിച്ചത്. എന്നാൽ പ്രസിന്റെ പ്രവർത്തനവും അധികനാൾ മുന്നോട്ടുകൊണ്ടുപോകാനായില്ല.
1999വരെ പ്രസ് പ്രവർത്തിച്ചിരുന്നു. പിന്നീട് താഴുവീണു.
പട്ടികജാതി വിഭാഗക്കാർ ഒട്ടേറെ താമസിക്കുന്ന പ്രദേശം എന്ന നിലയിലാണ് കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാം വഴി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനായി വലിയപറമ്പ് തിരഞ്ഞെടുത്തത്.
5 ലക്ഷം രൂപയുടെ മൂലധനമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. എ ക്ലാസ്, ബി ക്ലാസ് എന്നിങ്ങനെ ഷെയർ സ്വീകരിക്കുകയും ചെയ്തിരുന്നു.
പതിനായിരത്തിലധികം സഹകാരികൾ സംഘത്തിലുണ്ടായിരുന്നതായും പറയപ്പെടുന്നു. കെട്ടിടവും ഭൂമിയും മറ്റേതെങ്കിലും വികസന പദ്ധതികൾക്കായി വിനിയോഗിക്കണമെന്നുള്ള ആവശ്യം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

