തൃശൂർ ∙ സംസ്ഥാന കലോത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കലോത്സവ വേദികളുടെ നിർമാണം പുരോഗമിക്കുന്നു. ആകെ 25 വേദികളാണുള്ളത്.
ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും നടക്കുന്ന പ്രധാന വേദിയായ ‘സൂര്യകാന്തി’ (വേദി 1) തേക്കിൻകാട് മൈതാനിയിലെ പൂരം പ്രദർശന നഗരിയിലാണ്. പ്രധാന വേദി 7500 പേരെ ഉൾക്കൊള്ളാവുന്ന തരത്തിലാണു നിർമിക്കുന്നത്. തേക്കിൻകാട് മൈതാനത്ത് സിഎംഎസ് സ്കൂളിന് എതിർവശത്തെ ‘പാരിജാതം’, ബാനർജി ക്ലബ്ബിന് എതിർവശത്തെ ‘നീലക്കുറിഞ്ഞി’ എന്നീ വേദികളിൽ 2000 പേരെ ഉൾക്കൊള്ളിക്കാൻ സൗകര്യം ഉണ്ട്.
സ്കൂളുകളിലും പ്രധാന ഹാളുകളിലുമായി ഒരുക്കുന്ന മറ്റു വേദികളിൽ 1000 പേരെ വീതം ഉൾക്കൊള്ളിക്കാൻ സൗകര്യം ഒരുക്കും. തേക്കിൻകാട് മൈതാനത്ത് ഒരുക്കുന്ന വേദികളുടെ പരിസരത്ത് 25 ഇ–ടോയ്ലറ്റുകൾ സജ്ജീകരിക്കുന്നുണ്ട്.
വേദികൾക്കിടയിലെ കുടുംബകാര്യം
നിർമാണം നടക്കുന്ന 25 കലോത്സവ വേദികളുടെ പരിസരങ്ങളിലാണു കഴിഞ്ഞ ക്രിസ്മസ് ദിനം മുതൽ വിജയകുമാറും മകൾ ഗ്രീഷ്മയും.
കഴിഞ്ഞ 20നു പന്തൽ കാൽനാട്ടൽ കർമം നടന്നെങ്കിലും 25നാണു കലോത്സവ വേദികളുടെ നിർമാണം ആരംഭിച്ചത്. അതിരാവിലെ പന്തൽ തൊഴിലാളികൾ എത്തുന്നതിനു മുൻപ് തന്നെ ഗ്രീഷ്മയും അച്ഛനും നിർമാണം നടക്കുന്നിടത്ത് എത്തും.
പിന്നെ രാത്രി 12 മണി വരെ അവിടെ തന്നെ ഉണ്ടാവും. ഓരോന്നിനും നിർദേശങ്ങൾ നൽകിയും നിരീക്ഷിച്ചും പകൽ മുഴുവൻ തിരക്കിൽ തന്നെ.
കലോത്സവ വേദികൾ ഈ അച്ഛന്റെയും മകളുടെയും കൈകളിലെത്തുന്നത് ഇതു രണ്ടാം തവണ. കഴിഞ്ഞ തവണ തിരുവനന്തപുരത്തു നടന്ന സംസ്ഥാന കലോത്സവത്തിന് 27 വേദികൾ ഒരുക്കിയതും ഇവർ തന്നെ.
45 വർഷമായി വേദി നിർമാണത്തിൽ മികവിന്റെ വഴികളിലൂടെയാണു തിരുവനന്തപുരം എസ്വി ഡെക്കറേഷൻസ്.
സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, എന്റെ കേരളം, കേരളീയം എന്നിങ്ങനെ പ്രധാന ചടങ്ങുകൾക്കു വേണ്ടി മികവുറ്റ രീതിയിൽ വേദികൾ ഒരുക്കി പരിചയവുമുണ്ട്. കലോത്സവ വേദികളുടെ നിർമാണം ടെൻഡർ മുഖേനയാണു ലഭിച്ചത്. 200 തൊഴിലാളികൾ 25 വേദികളുടെ നിർമാണ ജോലികളിൽ ഉണ്ട്.
സിവിൽ എൻജിനീയർ ഡിപ്ലോമ നേടിയ ഗ്രീഷ്മ 8 വർഷമായി അച്ഛൻ വിജയനൊപ്പം വേദികളുടെ നിർമാണ ജോലികളിലാണ്. തിരുവനന്തപുരമാണു സ്വദേശം. ഭർത്താവ് ഹരിശങ്കറും ഗ്രീഷ്മയോടൊപ്പം ഉണ്ട്.
ഡിജെ ആർട്ടിസ്റ്റായ ഹരിശങ്കർ ദുബായിൽ പ്രോഗ്രാമിനു പോകുന്നതിനു മുൻപുള്ള കുറച്ചുസമയം വേദികളുടെ നിർമാണത്തിൽ സഹായത്തിനെത്തിയതാണ്.
24 എണ്ണം ജർമൻ, ഒന്നു മാത്രം നാടൻ
സംസ്ഥാന കലോത്സവത്തിന് ഒരുക്കുന്ന 25 വേദികളിൽ 24 എണ്ണവും നിർമിക്കുന്നത് ജർമൻ ടെക്നോളജിയിലാണ്, പ്രധാന വേദി ഒഴിച്ച്. പ്രധാന വേദി നിർമിക്കുന്നിടത്തു വലിയ മരങ്ങൾ ഉള്ളതിനാൽ അവിടെ ജർമൻ രീതിയിൽ വേദി നിർമാക്കാനാവില്ലെന്നു നിർമാണത്തിനു മേൽനോട്ടം വഹിക്കുന്ന ഗ്രീഷ്മ വിജയൻ പറയുന്നു. പ്രധാന വേദി ജിഐ ഷീറ്റ് ഹാങ്ങർ ഉപയോഗിച്ചാണു നിർമിക്കുന്നത്.
എളുപ്പത്തിലും ചെലവു കുറച്ചും നിർമിക്കാനാവും എന്നതാണു ജർമൻ ടെക്നോളജി ഉപയോഗിച്ചു നിർമിക്കുന്ന വേദികളുടെ പ്രത്യേകത. നിർമാണം പൂർത്തീകരിക്കാൻ സമയം കുറച്ചു മതി.
ചൂട് കുറവായിരിക്കും. ഇൻസ്റ്റലേഷനും അഴിച്ചുമാറ്റലും താരതമ്യേന എളുപ്പമാണ്.
പുറമേ നിന്നു നോക്കുമ്പോൾ ഒരു പ്രീമിയം ലുക്ക് ഉണ്ടാവും എന്നതും ജർമൻ ടെക്നോളജി ഉപയോഗിച്ച് നിർമിക്കുന്ന വേദികളുടെ പ്രത്യേകതയാണ്. ഒരു പില്ലറിൽ തന്നെ നിർമിക്കാൻ കഴിയുന്നു എന്നതു മറ്റൊരു ഗുണം.
താമസം 19 സ്കൂളുകളിൽ
സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന വിദ്യാർഥികൾക്കും അവർക്കൊപ്പം വരുന്ന അധ്യാപകർക്കും താമസ സൗകര്യം ഒരുക്കിയിരിക്കുന്നതു നഗരത്തിലെയും പരിസരത്തെയും 19 സ്കൂളുകളിൽ.
ഒരു ജില്ലയ്ക്ക് രണ്ടു സ്കൂളുകളാണ് അനുവദിച്ചിട്ടുണ്ട്. ആൺകുട്ടികൾ– സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ തോപ്, ഹോളി ഏയ്ഞ്ചൽസ് എച്ച്എസ്എസ് ഒല്ലൂർ, നിർമല യുപി സ്കൂൾ അയ്യന്തോൾ, ജെപിഇഎച്ച്എസ് കൂർക്കഞ്ചേരി, തരകൻസ് എച്ച്എസ്എസ് അരണാട്ടുകര, സെന്റ് ജോസഫ് എച്ച്എസ്എസ് കുരിയച്ചിറ, ഡോൺ ബോസ്കോ എച്ച്എസ്എസ് മണ്ണുത്തി, സെന്റ് തോമസ് കോളജ് എച്ച്എസ്എസ് തൃശൂർ, സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് കുട്ടനെല്ലൂർ, എൻഎസ്എസ് ഇഎം എച്ച്എസ്എസ് വെസ്റ്റ്ഫോർട്ട്. പെൺകുട്ടികൾ– സെന്റ് മേരീസ് ലൂർദ് യുപി സ്കൂൾ ഈസ്റ്റ് ഫോർട്ട്, ഇൻഫന്റ് ജീസസ് എച്ച്എസ് അരണാട്ടുകര, ബെത്ലഹേം സിജിഎച്ച്എസ്എസ് മുക്കാട്ടുകര, എൽഎഫ്സിജിഎച്ച്എസ് ഒളരിക്കര, സെന്റ് പോൾസ് എച്ച്എസ്എസ് കുരിയച്ചിറ, സെന്റ് മേരീസ് സിജിഎച്ച്എസ് ഒല്ലൂർ, വിവേകോദയം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തൃശൂർ, സെന്റ് റാഫേൽ സിജിഎച്ച്എസ്എസ് ഒല്ലൂർ, സെന്റ് ജോസഫ് സിജിഎച്ച്എസ്എസ് തൃശൂർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

