
ചാലക്കുടി ∙ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് 52 ദിവസം പിന്നിട്ടിട്ടും മറുപടി ലഭിക്കാത്തതിൽ പ്രതിഷേധിച്ചു നഗരസഭ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ സി.എസ്.സുരേഷ് നഗരസഭ സെക്രട്ടറിയുടെ ചേംബറിനു മുൻപിൽ കുത്തിയിരിപ്പു സമരം നടത്തി. പ്രതിഷേധം ഒരു 3 മണിക്കൂർ തികഞ്ഞപ്പോഴേക്കും മറുപടി ലഭിക്കുകയും ചെയ്തു. നഗരസഭ ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ സഞ്ചരിക്കുന്ന, ശുചിമുറി മാലിന്യ സംസ്കരണ പദ്ധതി (ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ്–എഫ്എസ്ടിപി) നഗരസഭ കലാഭവൻ മണി പാർക്കിൽ വിശ്രമിക്കാൻ തുടങ്ങിയിട്ടു വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തിപ്പിക്കാത്തതുമായി ബന്ധപ്പെട്ടാണു നഗരസഭ സെക്രട്ടറിക്കു വിവരാവകാശ അപേക്ഷ നൽകിയത്.
നഗരസഭാ കൗൺസിലർമാർ സ്വന്തം ലെറ്റർപാഡിൽ നൽകുന്ന പരാതികളിൽ 24 മണിക്കൂറിനകം മറുപടി നൽകണമെന്ന നിയമം നിലനിൽക്കെയാണു മറുപടി വൈകിയതെന്നു സുരേഷ് ചൂണ്ടിക്കാട്ടി.
50 ലക്ഷം രൂപ ചെലവഴിച്ചു നടപ്പാക്കിയ പദ്ധതി ജനങ്ങൾക്കു പ്രയോജനപ്പെടുത്താൻ കഴിയാത്ത ഭരണസമിതി, ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചു യാഥാർഥ്യം ജനം അറിയാതിരിക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണു തന്റെ അപേക്ഷയിൽ മറുപടി നൽകാതിരിക്കുന്നതെന്നും ആരോപിച്ചു.
ജൂൺ 17നാണു സി.എസ്.സുരേഷ് വിവരാവകാശ അപേക്ഷ നൽകിയത്. പ്രതിഷേധത്തെ തുടർന്ന് ഇന്നലെ നൽകിയ മറുപടിയിൽ പ്ലാന്റ് പ്രവർത്തിക്കുന്നുണ്ടെന്നും 27 സെപ്റ്റിക് ടാങ്കുകൾ ശുചീകരിച്ചെന്നും പറയുന്നു. ഇതിനു ഗാരന്റി കാലാവധി ഇല്ലെന്നും 1.24 ലക്ഷം രൂപ പിരിഞ്ഞു കിട്ടിയതായും മറുപടിയിൽ വ്യക്തമാക്കി.
19 വീടുകൾക്ക് 5000 രൂപ വീതമാണ് ഈടാക്കിയത്. നഗരസഭയ്ക്കു പുറത്ത് ഒരു ക്ഷേത്രത്തിൽ നിന്ന് 20,000 രൂപയും കൊരട്ടി പഞ്ചായത്തിൽ നിന്ന് 9500 രൂപയും ലഭിച്ചെന്നും നഗരസഭ ക്ലീൻ സിറ്റി മാനേജർ നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി.
ജൂൺ 27 എന്നാണു മറുപടിയിൽ നൽകിയ തീയതി. വിവരാവകാശ രേഖ തയാറാക്കിയെങ്കിലും അപേക്ഷകനു നൽകാൻ വിട്ടുപോയെന്നാണ് അധികൃതരുടെ വിശദീകരണം. 2024 മാർച്ചിലാണു പ്ലാന്റിന്റെ ഉദ്ഘാടനം നടത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]