
പാലം പണി ഇഴയുന്നു; നാട്ടുകാർ വലയുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേർപ്പ് ∙ തൃപ്രയാർ സംസ്ഥാന പാതയിൽ ചിറയ്ക്കൽ തോട്ടിലെ പാലം പണി ഏഴു മാസം കഴിഞ്ഞിട്ടും എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നു; ബസുകൾ അടക്കമുള്ള നൂറുകണക്കിന് വാഹനങ്ങളിലെ യാത്രക്കാർക്കു ദുരിതം. ബൈക്കിനുപോലും കടന്നുപോകാനുള്ള വഴി ഇല്ലാത്തതും പാലത്തിന് അപ്പുറവും ഇപ്പുറവും കടക്കാനുള്ള ഏറ്റവും അടുത്ത വഴിയായ മാട്ടുമ്മൽ റോഡ് ചെളി നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായതും ദുരിതം പൂർണമാക്കുന്നു.
ഈ മാസം പകുതിയോടെ പാലം തുറന്നു നൽകാനാകുമെന്നാണ് അധികൃതർ പറഞ്ഞിരുന്നതെങ്കിലും പാലത്തിന്റെ പണി പകുതി പോലുമാകാത്ത അവസ്ഥയിലാണ്. പണി നടക്കുന്നിടത്തുനിന്ന് ഉൾഭാഗത്തേക്ക് മാറി മാട്ടുമ്മൽ റോഡ് വഴി ഇരുചക്ര വാഹനങ്ങൾക്ക് കടന്നുപോകാമെങ്കിലും ഈ റോഡിന്റെ അവസ്ഥ പരിതാപകരമാണ്. ഇവിടെ തോട്ടിലുള്ള പാലത്തിന് മൂന്നടി മാത്രമേ വീതിയുള്ളൂ, കൈവരിയുമില്ല. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ തോട്ടിൽവീണ് ഒട്ടേറെ അപകടങ്ങളാണ് സംഭവിക്കുന്നത്.
നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് പലപ്പോഴും ദുരന്തങ്ങൾ വഴിമാറുന്നത്. ഇനി അഥവാ ഈ പാലം സാഹസികമായി കടന്നുകഴിഞ്ഞാൽ മുട്ടൊപ്പം ചെളിയിലൂടെ വേണം പിന്നീട് യാത്രചെയ്യാൻ. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ ജനകീയ സമരങ്ങൾ നടന്നെങ്കിലും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.കെ.ഇബ്രാഹിം കുറ്റപ്പെടുത്തുന്നു.
ഇരുചക്ര വാഹനങ്ങൾക്ക് കടന്നുപോകാൻ ഉണ്ടായിരുന്ന ഈ വഴിയും സഞ്ചാരയോഗ്യമല്ലാതായതോടെ 20 മീറ്റർ മാത്രമുള്ള പാലത്തിന്റെ അപ്പുറത്തേക്ക് കടക്കുവാൻ വെള്ളാനി – കാറളം വഴിയും ആലപ്പാട് വഴിയും 10 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടിവരുന്നു. ആംബുലൻസിന് പോലും കടന്നുപോകുവാൻ വഴിയില്ലാത്ത രീതിയിൽ അടച്ചുവച്ച് പാലം പണി നടക്കുന്നതിനാൽ അത്യാവശ്യഘട്ടങ്ങളിൽ ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് വലിയ തടസ്സമാണ് നേരിടുന്നത്.
ബദൽ സംവിധാനം ഇല്ലാതെയുള്ള പാലം നിർമാണമായതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശക്തമായ മഴയിൽ ആലപ്പാട്, വെള്ളാനി, പഴുവിൽ -കിഴപ്പിള്ളിക്കര റോഡിൽ ഇടയ്ക്കിടെ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നുണ്ട്. അങ്ങനെ വരുന്ന സമയത്ത് ചിറക്കൽ, പഴുവിൽ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ തൃപ്രയാർ ഭാഗത്തേക്ക് ഒഴിച്ച് മറ്റുള്ള ഭാഗങ്ങളിലേക്ക് കടക്കാനാകാതെ ഒറ്റപ്പെടുന്നു.