
ഓട്ടോറിക്ഷയിൽ കയറ്റി സ്വർണമാല കവർന്ന കേസ്: യുവതി അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിങ്ങാലക്കുട∙ വീട്ടിൽ കൊണ്ടുവിടാമെന്നു പറഞ്ഞ് വയോധികയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി സ്വർണമാല കവർന്ന കേസിലെ പ്രതികളായ യുവതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പൊള്ളാച്ചി വാടിപ്പെട്ടി സ്വദേശി അമ്മു(26)വിനെ ആണ് അറസ്റ്റ് ചെയ്തത്. മുരിയാട് പാറേക്കാട്ടുകര സ്വദേശി വിയ്യത്ത് വീട്ടിൽ തങ്കമണി(73)യുടെ രണ്ടര പവന്റെ മാലയാണ് കവർന്നത്. കോഴിക്കോട് നടക്കാവ് പൊലീസ് മറ്റൊരു കേസിൽ പിടികൂടിയ പ്രതിയെ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിയ തങ്കമണിയെ അമ്മുവും ഒപ്പമുണ്ടായിരുന്ന സ്ത്രീയും പരിചയപ്പെട്ടു.
പിന്നീട് വീട്ടിൽ പോകാൻ ആശുപത്രിയുടെ മുൻവശത്തെ സ്റ്റോപ്പിൽ ബസ് കാത്തു നിന്ന സമയത്ത് തങ്കമണിയുടെ അരികിലെത്തി ഓട്ടോറിക്ഷയിൽ പോകാമെന്നും ഞങ്ങളും ഇതേ ഈ ഭാഗത്തേക്കാണ് പോകുന്നതെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഓട്ടോറിക്ഷ വിളിച്ചു പോവുകയായിരുന്നു. ഇതിനിടയിലാണ് മോഷണം നടത്തിയത്. തുടർന്ന് പാറേക്കാട്ടുകരയിലെ റേഷൻ കടയുടെ മുൻവശം തങ്കമണിയെ ഇറക്കിവിട്ട് പ്രതികൾ രക്ഷപ്പെട്ടു. എസ്എച്ച്ഒ എം.എസ്.ഷാജൻ, എസ്ഐ സഹദ്, എഎസ്ഐ. മെഹറുന്നീസ, സിപിഒമാരായ മുരളീകൃഷ്ണൻ, എം.എ.ഹബീബ്, ടെസ്നി ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.