
കുട്ടികൾ ഓടിയെത്തുമ്പോൾ കണ്ടത് ദാരുണമായ കാഴ്ച; കേസിൽ വിധി വന്നത് ജിതിന്റെ വിവാഹ വാർഷിക ദിനത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
തൃശൂർ ∙ റോഡരികിൽ കാർ നിർത്തിയിട്ട് അറ്റകുറ്റപ്പണി നടത്തിയതിനെച്ചൊല്ലിയുള്ള തർക്കത്തിനു പിന്നാലെ അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു 3 ജീവപര്യന്തവും 3 വർഷം തടവും 20.50 ലക്ഷം രൂപ പിഴയും. ചേർപ്പ് പല്ലിശേരി പനങ്ങാടൻ ചന്ദ്രൻ (62), മകൻ ജിതിൻ കുമാർ (32) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ പല്ലിശേരി കിഴക്കൂടൻ വേലപ്പനെ (62) ആണു പട്ടികജാതി – വർഗ അതിക്രമങ്ങൾ തടയാനുള്ള പ്രത്യേക കോടതി ജഡ്ജി കെ.കമനീസ് ശിക്ഷിച്ചത്. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ നാലരവർഷം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴ സംഖ്യയിൽ 10 ലക്ഷം രൂപ ജിതിന്റെ ഭാര്യ നീനുവിനും 5 ലക്ഷം രൂപ ചന്ദ്രന്റെ ഭാര്യ രാധയ്ക്കും നൽകണമെന്നും കോടതി വിധിച്ചു.
2022 നവംബർ 28നു രാത്രി 10.45ന് ആയിരുന്നു 2 കുടുംബങ്ങളെ അനാഥമാക്കിയ ക്രൂരകൃത്യം നടന്നത്. വാഹനങ്ങളിൽ സൗണ്ട് സിസ്റ്റം ഘടിപ്പിക്കുന്ന ജോലിയായിരുന്നു ജിതിന്റേത്. വീട്ടിലേക്കുള്ള റോഡിന്റെ അരികിൽ കാർ നിർത്തിയിട്ട് അറ്റകുറ്റപ്പണികൾ നടത്തുന്നതിനെ വേലപ്പൻ എതിർത്തു. ഇതേച്ചൊല്ലി തർക്കമുണ്ടായതോടെ വേലപ്പൻ വീട്ടിൽ നിന്നു കത്തിയെടുത്തുകൊണ്ടുവന്നു ജിതിനെയും അച്ഛൻ ചന്ദ്രനെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 2008ലെ ജോഷി വധക്കേസ് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണു വേലപ്പൻ. ഇരിങ്ങാലക്കുട ഡിവൈഎസ്പിയായിരുന്ന ബാബു കെ.തോമസ് ആണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ.കൃഷ്ണൻ ഹാജരായി.
വിധി വന്നത് ജിതിന്റെ വിവാഹ വാർഷിക ദിനത്തിൽ
ജിതിനും അച്ഛൻ ചന്ദ്രനും കൊല്ലപ്പെട്ട കേസിന്റെ ശിക്ഷാവിധി വന്നതു ജിതിന്റെ 11–ാം വിവാഹ വാർഷിക ദിനത്തിൽ. 2014 ഏപ്രിൽ 5ന് ആയിരുന്നു ജിതിന്റെയും നീനുവിന്റെയും വിവാഹം. രണ്ടു കുട്ടികളായിരുന്നു ഇവർക്ക്. സുന്ദരമായി ജീവിതം മുന്നോട്ടു നീങ്ങുന്നതിനിടെയായിരുന്നു ക്രൂരത കത്തിയുമായി ഇവരുടെ ജീവിതത്തിനു നേർക്കെത്തുന്നത്. ഒച്ചയും ബഹളവും കേട്ട് ഏഴു വയസ്സുള്ള മൂത്ത കുട്ടിയും മൂന്നു വയസ്സുള്ള ഇളയ കുട്ടിയും ഓടിയെത്തുമ്പോൾ കണ്ടതു ദാരുണമായ കാഴ്ച.
നെഞ്ചിൽ കുത്തേറ്റു നിലവിളിച്ചുകൊണ്ടു ജിതിൻ വീഴുന്നതു കേട്ടാണ് അച്ഛൻ ചന്ദ്രൻ ഓടിയെത്തിയത്. ചന്ദ്രനെയും വേലപ്പൻ കുത്തിവീഴ്ത്തി. ഇരുവരുടെയും മരണത്തോടെ കുടുംബത്തിന്റെയാകെ പ്രതീക്ഷകൾ ഇരുട്ടിലായി. ചിയ്യാരത്തു വാടകയ്ക്കു താമസിച്ചിരുന്ന ചന്ദ്രനും കുടുംബവും 2019ൽ ആണു സ്വന്തമായി വീടുവാങ്ങി താമസം തുടങ്ങിയത്. വല്ലച്ചിറ പള്ളിക്കു സമീപത്തെ പുതിയ വീടിന്റെ പണി തീർക്കാൻ ഓടി നടക്കുന്ന തിരക്കിലായിരുന്നു ജിതിൻ. അമ്മയെയും കൂട്ടിപ്പോയി ടൈൽസ് വാങ്ങി വന്ന ദിവസമായിരുന്നു കൊല്ലപ്പെട്ടത്.