തൃശൂർ∙ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിലും ചുമരെഴുത്തുകളിലും സിപിഎമ്മിന്റെ ‘അരിവാൾ ചുറ്റിക നക്ഷത്രം’ ചിഹ്നം പതിവു കാഴ്ചയാണ്. എന്നാൽ ആയിരങ്ങളെ ആവേശം കൊള്ളിക്കുന്ന ഈ വിപ്ലവ ചിഹ്നം തദ്ദേശ തിരഞ്ഞെടുപ്പിൽ മാറ്റിവച്ച് കുടയും ആപ്പിളും ചിഹ്നമാക്കി പല എൽഡിഎഫ് സ്വതന്ത്രരും ഇത്തവണ വോട്ട് തേടുന്നു.
പാർട്ടിയുടെയും പോഷക സംഘടനകളുടെയും ഭാരവാഹിത്വം ഉള്ളവരടക്കം സ്വതന്ത്രരായി മത്സരിച്ച് മറ്റു ചിഹ്നങ്ങളിൽ രംഗത്തുണ്ട്. ചാലക്കുടി നഗരസഭയിലെ 37 വാർഡുകളിൽ 25 ഇടങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. എന്നാൽ ഇതിൽ 8 സ്ഥലത്തു മാത്രമാണ് ഔദ്യോഗിക ചിഹ്നത്തിൽ സിപിഎം മത്സരിക്കുന്നത്.
ബാക്കി 17 വാർഡുകളിലും ഇടതു സ്വതന്ത്രർ മത്സരിക്കുന്നതിനാൽ സിപിഎമ്മിനു സ്വന്തം ചിഹ്നത്തിൽ വോട്ട് കുത്താനാവില്ല. സമാന സ്ഥിതി മറ്റു പല തദ്ദേശ സ്ഥാപനങ്ങളിലുമുണ്ട്.
കുന്നംകുളത്ത് 2020ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച വ്യക്തി ഇത്തവണ സിപിഎം ചിഹ്നത്തിൽ മത്സരിക്കുന്നു എന്നതും കൗതുകമാണ്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥികളിൽ കൂടുതൽ പേർക്കും ചിഹ്നം കുടയും ആപ്പിളുമാണ്.
ഇടതു സ്വതന്ത്രർ മത്സരിക്കുന്നതിനാലാണ് ചിഹ്നം അനുവദിക്കാത്തതെന്നും ജനകീയരായ വ്യക്തികൾക്ക് അവസരം നൽകുന്നത് ജയ സാധ്യത പരിഗണിച്ചാണെന്നും സിപിഎം നേതാക്കൾ പറയുന്നു. ഇതോടൊപ്പം മറ്റു രാഷ്ട്രീയ കക്ഷികൾക്കു വേരോട്ടമുള്ള പ്രദേശങ്ങളിൽ ഇടതു സ്വതന്ത്രരെ മത്സര രംഗത്തിറങ്ങുന്നതു വിജയ സാധ്യത വർധിപ്പിക്കുമെന്ന കണക്കുകൂട്ടുലുമുണ്ട്.
വോട്ടുറപ്പിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് പാർട്ടി ചിഹ്നം കൈവിടുന്നതിനെ നേതാക്കൾ വിലയിരുത്തുന്നത്. എന്നാൽ നിഷ്പക്ഷ വോട്ടുകൾ ലഭിക്കുന്നതിനു പാർട്ടി ചിഹ്നം തടസ്സമാകുമോ എന്ന സംശയമാണ് അരിവാൾ ചുറ്റിക ഉപേക്ഷിക്കാനുള്ള കാരണമെന്നാണ് ഉൾവർത്തമാനം.
വടക്കുമുറിക്കാർക്ക് അതിർത്തിപ്രശ്നം
പെരുമ്പിലാവ് ∙ കടവല്ലൂർ വടക്കുമുറിയിൽ 10 വീട്ടുകാർ തങ്ങളുടെ പഞ്ചായത്ത് അംഗത്തിനെ കാണുക തിരഞ്ഞെടുപ്പു സമയത്തു മാത്രം. വിജയിച്ചു കഴിഞ്ഞാൽ അവർ ഇങ്ങോട്ടു തിരിഞ്ഞു നോക്കാറില്ലെന്നാണ് ഇവരുടെ പരാതി.
കാരണം ഈ 10 വീടുകളും സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിൽ അല്ല. അതിർത്തി വിഭജനത്തിന്റെ അപാകത മൂലം മലപ്പുറം ജില്ലയിലാണ് ഇവർ ഉൾപ്പെട്ടത്. റോഡിന്റെ ഒരു വശം കടവല്ലൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലാണെങ്കിൽ മറുവശം ആലങ്കോട് പഞ്ചായത്തിലെ 12–ാം വാർഡിലാണു വരിക.
ഒരു ഭാഗത്തു കടവല്ലൂർ പഞ്ചായത്തിലെ സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് പര്യടനം നടത്തുമ്പോൾ തങ്ങളുടെ സ്ഥാനാർഥി ആരാണെന്നു പോലും സംശയമുള്ള നാൽപതോളം വോട്ടർമാരാണു റോഡിന്റെ മറുവശത്തു താമസിക്കുന്നത്.
വോട്ട് ചെയ്യണമെങ്കിൽ ഇവർക്കു നെൽവയൽ വഴി 3 കിലോമീറ്റർ ദൂരം നടക്കണം. വാഹനത്തിൽ പോകുകയാണെങ്കിൽ അതിലും ദൂരം വരും.ദേശവും പോസ്റ്റ് ഓഫിസും കടവല്ലൂർ ആണെങ്കിലും പഞ്ചായത്ത്, കൃഷിഭവൻ, പ്രാഥമിക ആരോഗ്യകേന്ദ്രം, വില്ലേജ് ഓഫിസ് തുടങ്ങി ദൈനംദിന സർക്കാർ സംവിധാനങ്ങൾക്ക് 10 കിലോമീറ്ററോളം സഞ്ചരിച്ച് മലപ്പുറം ജില്ലയിലെ ആലങ്കോടും ചങ്ങരംകുളത്തും എത്തണം.മേൽവിലാസത്തിൽ വരുന്ന നൂലാമാലകളാണ് ഇവർ നേരിടുന്ന ഗുരുതര പ്രശ്നം.
സർക്കാർ രേഖകളിലും സർട്ടിഫിക്കറ്റുകളിലും മേൽവിലാസം പോസ്റ്റ് കടവല്ലൂർ, മലപ്പുറം ജില്ല എന്ന് എഴുതണം. ഈ മേൽവിലാസം കാണുന്ന ഉദ്യോഗസ്ഥർ രേഖകളും സർട്ടിഫിക്കറ്റുകളും കൂടുതൽ പരിശോധനയ്ക്കു മാറ്റിവയ്ക്കും.
പിന്നീട് അത് തെളിയിക്കേണ്ട ബാധ്യത നാട്ടുകാരുടേതാണ്. ഇത്തരം പ്രശ്നങ്ങളിൽ പെട്ടവർ ഒട്ടേറെയുണ്ട്.
പ്രധാനപ്പെട്ട തപാൽ ഉരുപ്പടികൾ പലതും വൈകിയാണു ലഭിക്കുന്നതെന്നും ഇവർക്കു പരാതിയുണ്ട്.
കോടതി വിധിയും കെപിസിസി നടപടിയും സ്വാഗതം ചെയ്യുന്നു: കെ.മുരളീധരൻ
തൃശൂർ∙ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയ കോടതി വിധിയും പുറത്താക്കിയ കെപിസിസി നടപടിയും സ്വാഗതം ചെയ്യുന്നതായി കെ.മുരളീധരൻ.
രണ്ടു തീരുമാനങ്ങളും പൊതുസമൂഹത്തിന് സന്തോഷം നൽകുന്നതാണ്. ധാർമികത ഉണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം.
ധാർമികത എന്ന് പറയുന്നില്ല, ധാർമികതയുള്ള പ്രവൃത്തി അല്ലല്ലോ അയാൾ ഇത്ര നാൾ ചെയ്തുകൊണ്ടിരുന്നത്. രാഹുൽ എന്ന ചാപ്റ്റർ ക്ലോസ് ചെയ്തു.
സൈബർ ആക്രമണങ്ങളെ ഭയപ്പെടുന്നില്ല. ഇതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയിലിൽ കിടക്കുന്നവരെ പുറത്താക്കേണ്ട കാര്യമെന്ത്:എം.വി.ഗോവിന്ദൻ
തൃശൂർ∙ ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നല്ല രീതിയിൽ നടക്കുകയാണെന്നും ജയിലിൽ കിടക്കുന്നവരെ പുറത്താക്കേണ്ട
കാര്യമെന്താണെന്നും സംഘടനാ നേതൃത്വത്തിൽ അവർ ഇല്ലല്ലോ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇപ്പോൾ ജയിലിൽ കിടക്കുന്ന പാർട്ടി നേതാക്കൻമാർക്ക് പങ്കുണ്ടെങ്കിൽ അതിൽ കൃത്യമായ നിലപാട് സ്വീകരിക്കും
.
ഏതായാലും അത് മാങ്കൂട്ടത്തിലിനെതിരായ നടപടി പോലെയായിരിക്കില്ല.
രാജീവ് ചന്ദ്രശേഖർ നേമത്ത് മത്സരിച്ചാൽ തോറ്റു തുന്നംപാടും. ഹിന്ദുത്വ അജൻഡയുമായി ബന്ധപ്പെട്ട
ഭൂരിപക്ഷ വർഗീയതയെ പ്രതിരോധിക്കും. ഇതിന്റെ വേറൊരു പതിപ്പാണ് ന്യൂനപക്ഷ വർഗീയത. കമ്യൂണിസ്റ്റ് വിരുദ്ധ ആശയത്തെ യോജിപ്പിക്കാൻ ജമാഅത്തെ ഇസ്ലാമി ഇടപെടുന്നുണ്ട്.
ലീഗും കോൺഗ്രസും ഇതിനൊപ്പമാണ്. മുസ്ലിം സമുദായ സംഘടനകൾ പലതും ഈ നീക്കത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
‘കേന്ദ്രവുമായി കൂടുതൽ പാലങ്ങൾ പണിയും’
തൃശൂർ∙ ജോൺ ബ്രിട്ടാസിനെക്കൂടാതെ ഇനിയും കേന്ദ്രവുമായി കൂടുതൽ പാലങ്ങൾ പണിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പിഎംശ്രീ പദ്ധതിയിൽ ജോൺ ബ്രിട്ടാസ് പാലമായെങ്കിൽ പിന്നെ ഡൽഹിയിൽ കെ.വി.തോമസിന്റെ ആവശ്യമെന്താണ്, രണ്ടു പാലം വേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ‘മൂന്നു പാലം വേണമെങ്കിൽ മൂന്നു പാലം പണിയും.
ഇനിയും എത്ര പാലം പണിയണോ അത് പണിയും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഫെഡറൽ സംവിധാനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ചെയ്യേണ്ടത് അവർ ചെയ്യുന്നില്ല എന്നതാണ് നമ്മുടെ പരാതി. അല്ലാതെ കേന്ദ്രസർക്കാരുമായി ഒരു പാലവും ഉണ്ടാകാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല. ഏത് പദ്ധതിയായാലും കേരളത്തിൽ ആർഎസ്എസിന്റെ ഒരു അജൻഡയും നടപ്പാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മാങ്കൂട്ടത്തിലിന്റേത് കുറ്റകൃത്യ പരമ്പര’
തൃശൂർ∙ രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറ്റകൃത്യം ഒരു പരമ്പരയാണെന്നും ഇനിയാരും പരാതി നൽകാതിരിക്കാനാണ് ഇരകൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
തൃശൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയെ പത്രക്കാരോട് സംസാരിക്കുന്നതിൽ നിന്ന് വിലക്കിയതൊക്കെ സൈബർ ആക്രമണത്തിന്റെ മറ്റൊരു രൂപമാണ്. മുകേഷ് എംഎൽഎയുടേത് തീവ്രത കുറഞ്ഞ പീഡനമെന്ന് മഹിളാ അസോസിയേഷന്റെ പ്രസിഡന്റ് പറഞ്ഞെങ്കിൽ അവരോട് ചോദിക്കണം. പാർട്ടിയുടെ നിലപാട് പാർട്ടിയാണ് പറയുന്നത്. മുകേഷ് പാർട്ടി അംഗമല്ലാത്തതിനാൽ സിപിഎമ്മിന് നടപടിയെടുക്കാനാകില്ല.
സ്വതന്ത്രനായിട്ടാണ് ജയിച്ചത് – ഗോവിന്ദൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

