
നെഞ്ചുരോഗാശുപത്രി കെട്ടിടം: നെഞ്ചിൽ ഇടിത്തീയാണേ….
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ക്യാംപസിനു സമീപം പ്രവർത്തിക്കുന്ന ഇഎസ്ഐ നെഞ്ചു രോഗാശുപത്രിയുടെ കെട്ടിടം കാലപ്പഴക്കം മൂലം ബലക്ഷയം നേരിടുന്നു. മേൽക്കൂരയുടെ സ്ലാബുകളിൽ പലയിടത്തും ചോർച്ച അനുഭവപ്പെടുന്നുണ്ട്. സീലിങ് അടർന്നുവീഴുന്നത് ഇവിടെ പതിവാണ്. കെട്ടിടത്തിന്റെ മേൽക്കൂരയുടെ പകുതി ഭാഗം തകരഷീറ്റ് മേഞ്ഞാണ് വർഷങ്ങളായി പ്രവർത്തിക്കുന്നത്. കെട്ടിടത്തിന് 60 വർഷത്തെ പഴക്കമുണ്ട്.
നെഞ്ചുരോഗത്തിനും ആയുർവേദ വിഭാഗത്തിനും കിടത്തിച്ചികിത്സയും ഡയാലിസിസിന് സൗകര്യവുമുള്ള സംസ്ഥാനത്തെ ഏക ഇഎസ്ഐ ആശുപത്രിയാണിത്. ആശുപത്രിക്ക് 24 ഏക്കർ സ്ഥലം സ്വന്തമായുണ്ട്. പുതിയ കെട്ടിടം നിർമിക്കുന്നതിന് എല്ലാ വർഷവും അധികൃതർ പ്രപ്പോസൽ സമർപ്പിക്കാറുണ്ട്, എന്നാൽ ഇഎസ്ഐ കോർപറേഷനിൽനിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നില്ല. സംസ്ഥാന തൊഴിൽ വകുപ്പിനാണ് ആശുപത്രിയുടെ നിയന്ത്രണം.
ആശുപത്രിക്കൊപ്പം നിർമിച്ച സ്റ്റാഫ് ക്വാർട്ടേഴ്സുകൾ വർഷങ്ങൾക്കു മുൻപ് തന്നെ ബലക്കുറവ് മൂലം ഉപേക്ഷിക്കാൻ അധികൃതർ നിർദേശിച്ചിരുന്നു. അറ്റകുറ്റപ്പണിക്ക് യോഗ്യമല്ലെന്ന് വിലയിരുത്തി കേന്ദ്ര പൊതുമരാമത്തു വിഭാഗം നവീകരിക്കാൻ അനുമതി നൽകിയിരുന്നില്ല. 10ൽ അധികം കുടുംബങ്ങൾക്ക് താമസിക്കാൻ അനുവദിച്ചിരുന്ന ഈ കെട്ടിടങ്ങൾ പിന്നീട് നിലംപൊത്തി. അപ്പോഴും ആശുപത്രി പ്രവർത്തിക്കുന്നത് സമാനമായ ബലക്ഷയം നേരിടുന്ന പഴയ കെട്ടിടത്തിൽ തന്നെ.