
മകനെയും കൂട്ടി മരിക്കാൻ റെയിൽവേ ട്രാക്കിലെത്തിയ മേഘനയ്ക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙സ്വന്തമായി വീടോ മകനെ സ്കൂളിൽ അയയ്ക്കാനുള്ള സൗകര്യമോ ഇല്ലാത്ത വെങ്ങിണിശ്ശേരി സ്വദേശി മേഘനയുടെ സുരക്ഷിതത്വം വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. മകന് വനിത ശിശുവികസന വകുപ്പിന്റെ സ്പോൺസർഷിപ് പദ്ധതി പ്രകാരമുള്ള പഠനസഹായം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. മേഘനയുടെ അവസ്ഥയെ കുറിച്ച് ‘എവിടേയ്ക്കെന്നില്ലാത്ത യാത്രയിൽ മേഘനയും മകനും’ എന്ന തലക്കെട്ടിൽ ഞായറാഴ്ച മനോരമ വാർത്ത നൽകിയിരുന്നു.
അതിനിടെ അഞ്ചാം ക്ലാസ് പ്രവേശനത്തിന് ചേർപ്പ് സിഎൻഎൻ ബോയ്സ് എച്ച്എസിൽ എത്തിയ അങ്കിത് കൃഷ്ണയ്ക്ക് സ്കൂൾ അധികൃതരും എൻഎസ്എസ് വൊളന്റിയർമാരും ചേർന്ന് സ്വീകരണമൊരുക്കി. ‘കുഞ്ഞനിയനൊരു കൊച്ചു കൈത്താങ്ങ്’ എന്ന പേരിൽ സ്കൂളിലെ എൻഎസ്എസ് വൊളന്റിയർമാർ പഠനോപകരണങ്ങൾ ശേഖരിച്ചു. എച്ച്എസ്എസ് പ്രിൻസിപ്പൽ കെ.ബി.അജോഷ് പഠനോപകരണങ്ങൾ കൈമാറി. പ്രധാന അധ്യാപിക പി.എം.രജനി, പിടിഎ പ്രസിഡന്റ് മണികണ്ഠൻ കിഴക്കൂട്ട്, എൻഎസ്എസ് പ്രോഗ്രാം കോഓർഡിനേറ്റർ പി.എസ്.സന്ധ്യ, അധ്യാപകരായ ദീപ്തി, എം.കെ.പ്രസാദ് എന്നിവർ പ്രസംഗിച്ചു.
‘എന്നെ കൊല്ലണ്ട അമ്മേ, നമുക്കു ജീവിക്കാം’: മകന്റെ കൈപിടിച്ച് റെയിൽവേ ട്രാക്കില്
തൃശൂർ ∙ ‘ഈ കൊച്ചിനെയും കൊണ്ട് ഞാൻ എവിടെയൊക്കെ, എത്രനാൾ ഓടും സാറേ..? കയറിക്കിടക്കാൻ സ്വന്തമായൊരു വീടില്ല. അവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ ഇവനെ ഞാൻ എവിടെനിന്ന് പറഞ്ഞുവിടും? എന്തു കൊടുത്തുവിടും?’ വെങ്ങിണിശേരി കപ്പക്കാട് വാഴപ്പറമ്പിൽ മേഘനയ്ക്കും (37) അഞ്ചാം ക്ലാസിലേക്കു ജയിച്ച ചേർപ്പ് സിഎൻഎസ് സ്കൂൾ വിദ്യാർഥി അങ്കിത് കൃഷ്ണയ്ക്കും (10) മുൻപിൽ ഉണ്ടായിരുന്നത് ഉത്തരമില്ലാത്ത ചോദ്യങ്ങളായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച മഴയത്തു മകനെയും കൂട്ടി കുറേ നടന്നു, പലയിടത്തും ഇരുന്നു നേരം കഴിച്ചുകൂട്ടി. സന്ധ്യയായപ്പോൾ മകന്റെ കൈപിടിച്ച് കണിമംഗലം വളവിൽ റെയിൽവേ ട്രാക്കിലെത്തി. അമ്മ കൈമുറുകെ പിടിച്ചതും ട്രെയിന്റെ ശബ്ദവും കേട്ടതോടെ പേടിച്ചരണ്ട അങ്കിത് ‘എന്നെ കൊല്ലണ്ട അമ്മേ, നമുക്കു ജീവിക്കാം’ എന്നു വിളിച്ചുപറഞ്ഞ് കുതറിയോടി. നാട്ടുകാരും കൂർക്കഞ്ചേരി കൗൺസിലർ വിനേഷ് തയ്യിലും ചേർന്ന് ഇരുവരെയും ചേർപ്പ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് ഇടപെട്ട് ഒരൊറ്റ രാത്രി തങ്ങാൻ അമ്മയെയും മകനെയും അയ്യന്തോളിലെ ‘സ്നേഹിത’യിലേക്കു മാറ്റി. ഇട്ടിരുന്ന വസ്ത്രവും മാറാനുള്ള ഒരു ജോടി വസ്ത്രവും കുടയും മാത്രമുള്ള ബാഗും മകനെയും കയ്യിൽപിടിച്ച് പൊലീസ് ഇടപെടലിൽ മേഘന വീണ്ടും ‘എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോരാവുന്ന’ ആ വീടുകയറുകയാണ്.
വർഷങ്ങളായുള്ള തന്റെ ദുരിതയാത്ര മേഘന പറയുന്നു: കുരിയച്ചിറയിലെ പുറമ്പോക്ക് ഭൂമിയിലുള്ള വീട്ടിൽ ഭർതൃവീട്ടിൽ കഴിയുമ്പോഴും സമാധാനം ഇല്ലായിരുന്നു. മാനസിക പീഡനവും വഴക്കും തുടർന്നതോടെ പലവട്ടം പൊലീസിൽ പരാതി നൽകി. ദുരിതം കണ്ടറിഞ്ഞ നാട്ടുകാരും പാർട്ടി പ്രവർത്തകരും ഇടപെട്ട് ഭർത്താവിനൊപ്പം ഒന്നു രണ്ട് തവണ വാടകവീടുകളിലേക്കു താമസം മാറ്റി. ഇതിനിടെ പലയിടത്തും ജോലിനോക്കി. തന്റെ പേരിൽ ഭർത്താവെടുത്ത വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് ആളുകളുടെ വരവു തുടങ്ങിയതോടെ വാടകവീടും ജോലിയും പോയി. ഭർത്താവ് ഉപേക്ഷിച്ചതോടെ സ്വന്തം വീട്ടിലേക്കു മടങ്ങി.
തനിച്ചായ തന്നെയും മകനെയും സുഹൃത്തുക്കൾ മലപ്പുറത്തെ ഒരു ബാലാശ്രമത്തിൽ കൊണ്ടുനിർത്തി. മകനെയൊപ്പം നിർത്താൻ കഴിയില്ലെന്ന വ്യവസ്ഥയുള്ളതിനാൽ മാനസിക സമ്മർദത്താൽ കുറച്ചുനാളുകൾക്കു ശേഷം വെങ്ങിണിശേരിയിലെ സ്വന്തം വീട്ടിലേക്കു മടങ്ങി. ഇവിടെയും വീട്ടുകാരുടെ സഹായമോ സുരക്ഷിതത്വമോ ലഭിച്ചില്ല. സഹോദരനുമായുള്ള നിരന്തര വഴക്കും ജീവഭയവും കാരണം ഒട്ടേറെ തവണ വീടുവിട്ടിറങ്ങി. പൊലീസ് സാന്നിധ്യത്തിലാണ് പലപ്പോഴും തിരികെ കയറിയത്. കുടുംബപ്രശ്നത്തിൽ പൊലീസിന് ഇടപെടാനുള്ള പരിമിതി അറിയിച്ചതോടെ പല രാത്രികളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ കഴിയേണ്ടി വന്നു.
അവസാനം തിങ്കളാഴ്ച ഇരിങ്ങാലക്കുട റൂറൽ പൊലീസിന്റെ നിർദേശ പ്രകാരം വനിതാ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും വീട്ടുകാർ അനുകൂല നിലപാട് എടുക്കാത്തതിനാൽ കുഞ്ഞിനെയുംകൊണ്ട് മാറിത്താമസിക്കാനാണ് പൊലീസ് നിർദേശിച്ചത്. ഒടുവിൽ മറ്റു വഴികളില്ലാത്തതിനാൽ മകനെയും കൂട്ടി റെയിൽവേ ട്രാക്കിൽ എത്തുകയായിരുന്നു. മൂക്കിൽ അണുബാധയെത്തുടർന്ന് മെഡിക്കൽ കോളജിൽ മേഘനയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നു. ചികിത്സയ്ക്കുള്ള പണവും കൂട്ടിരിപ്പുകാരും ഇല്ലാത്തതിനാൽ ചികിത്സ വേണ്ടെന്നുവച്ചു. (മേഘന– 98471 48371)