
‘ഊരാക്കുരുക്ക് ’: കുരുക്കഴിയാതെ ദേശീയപാത; വലഞ്ഞു ജനം
ചിറങ്ങര
കൊരട്ടി ∙ മതിയായ മുന്നൊരുക്കമില്ലാതെയും സൗകര്യമൊരുക്കാതെയും ദേശീയപാത അടച്ചു കെട്ടി നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെ തുടർന്നുള്ള ഗതാഗതക്കുരുക്കിൽ പെട്ടു ജനം വലയുന്നു. കലക്ടർ സന്ദർശനം നടത്തി അടിയന്തര പരിഹാരമുണ്ടാകുമെന്ന് ആശ്വസിപ്പിച്ചു മടങ്ങിയിട്ടും ഗതാഗതക്കുരുക്കു കൂടിയതല്ലാതെ കുറഞ്ഞില്ല.
കലക്ടറുടെ സാന്നിധ്യത്തിൽ ഇന്നലെയും യോഗം നടത്തി. ഇതേത്തുടർന്നുള്ള പരിഹാര നടപടികൾ ഇന്ന് ആരംഭിക്കുന്നതോടെ പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണു ജനം.
ഇന്നലെ വൈകിട്ട് ദേശീയപാതയിൽ ആമ്പല്ലൂർ മുതൽ പുതുക്കാട് വരെയുള്ള ഭാഗത്തെ വാഹനനിര.
നാട്ടുകാർക്കു പുറമെ ദീർഘദൂര യാത്രക്കാർ വാഹനങ്ങളുമായി നടുറോഡിൽ കിടക്കേണ്ടി വരുന്നതു മണിക്കൂറുകളാണ്. കടുത്ത പൊടിശല്യമാണു മറ്റൊരു പ്രശ്നം. വാഹനങ്ങൾ വഴിതിരിച്ചു വിടാനായി സർവീസ് റോഡ് ബദൽ റോഡായി സജ്ജമാക്കിയെങ്കിലും അതിന്റെ വീതികുറവും പ്രധാന റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ വിസ്താരക്കുറവും പ്രശ്നം ഗുരുതരമാക്കുകയാണ്.
ചാലക്കുടി ഭാഗത്തുനിന്നു അങ്കമാലി ഭാഗത്തേക്കു പോകുന്ന വാഹനങ്ങളെയാണു കുരുക്ക് കൂടുതൽ ബാധിക്കുന്നത്. ഇന്നലെ വാഹനങ്ങളുടെ നിര ചാലക്കുടി വരെ നീണ്ടു.
അടിപ്പാത നിർമാണം നടക്കുന്ന മുടിക്കോട്ട് ഇന്നലെ വൈകിട്ടുണ്ടായ ഗതാഗതക്കുരുക്ക്.
ചാലക്കുടിയിൽനിന്നു വരുന്ന വാഹനങ്ങൾ മുരിങ്ങൂർ ഡിവൈൻ നഗറിലെ അടിപ്പാതയിലൂടെ വലത്തോട്ടു തിരിച്ചുവിട്ടു കാടുകുറ്റി, വൈന്തല, അന്നമനട, പൂവത്തുശേരി, മൂഴിക്കുളം വഴി അങ്കമാലിയിലേക്കോ അത്താണി വഴി ആലുവയിലേക്കോ പോകാവുന്ന പാത കഴിഞ്ഞ ദിവസം മലയാള മനോരമ നിർദേശിച്ചിരുന്നു. ഈ പാതയാണു പൊലീസ് പ്രധാനമായും ആശ്രയിക്കാനൊരുങ്ങത്. വാഹനങ്ങൾ വഴിതെറ്റാതിരിക്കാനായുള്ള സൂചനാ ബോർഡുകളുടെ നിർമാണവും ആരംഭിച്ചു.
സർവീസ് റോഡിന്റെ വശങ്ങളിലെ കുഴികൾ മൂടാത്തതു അപകടഭീഷണി ഉയർത്തുന്നു. ചിറങ്ങര ചിറയുടെ വശത്തും മതിയായ സുരക്ഷ ഒരുക്കിയിട്ടില്ല.
കലക്ടറുടെ യോഗത്തിലെ നിർദേശപ്രകാരം ദേശീയപാതയിലെ കൊരട്ടി–ചിറങ്ങര ഭാഗത്തെ ഗതാഗതക്കുരുക്കു പരിഹരിക്കാനായി വാഹനങ്ങൾ വഴിതിരിച്ചു വിടാനായി സൂചനാ ബോർഡ് സ്ഥാപിച്ചപ്പോൾ.
പരീക്ഷണ പരിഷ്കാരം ഇന്നുമുതൽ
കുരുക്ക് ഒഴിവാക്കാൻ ഇന്നു വൈകിട്ട് 4 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗതപരിഷ്കാരം നടപ്പിലാക്കും.
കലക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കാർ പോലുള്ള ചെറുവാഹനങ്ങൾ ദേശീയപാതയിൽനിന്നു വഴി തിരിച്ചുവിട്ടു ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്ന് ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷ് അറിയിച്ചു. രാത്രി പൊലീസ് ബൈക്ക് പട്രോളിങ് നടത്തും.
വലിയ വാഹനങ്ങൾ ദേശീയപാതയിലൂടെ തന്നെ പോകും. കുരുക്കിനു ശാശ്വത പരിഹാരം കാണാനായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നു കലക്ടർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ തുടങ്ങിയവർ ഓൺലൈനായി ചേർന്ന യോഗത്തിൽ പങ്കെടുത്തു. കല്ലിടുക്ക്, വാണിയമ്പാറ, മുടിക്കോട് :കുരുക്ക് തന്നെ
പട്ടിക്കാട് ∙ കല്ലിടുക്ക്, വാണിയമ്പാറ, മുടിക്കോട് എന്നിവിടങ്ങളിലെ അടിപ്പാത നിർമാണത്തിന്റെ ഭാഗമായുള്ള ഗതാഗത തടസ്സങ്ങൾ തുടരുന്നു, സർവീസ് റോഡുകൾ വീതികൂട്ടി റീടാറിങ് നടത്തണമെന്നു നാട്ടുകാർ.
അടിപ്പാതയുടെ നിർമാണം നടക്കുന്ന ഭാഗത്തു ഗതാഗതം സർവീസ് റോഡ് വഴി തിരിച്ചുവിട്ടിട്ടുണ്ട്. എന്നാൽ കല്ലിടുക്കിൽ സർവീസ് റോഡ് വീതി കുറവായതിനാൽ രാവിലെയും വൈകിട്ടും ഗതാഗത തടസ്സം പതിവാണ്.
വാണിയമ്പാറയിൽ ഗർഡർ ദേശീയപാതയ്ക്കു നടുവിലായി നിരത്തിവച്ചതിനാൽ ഈ ഭാഗത്തും പാതയ്ക്കു വീതി കുറവാണ്. മുടിക്കോട്ട് അടിപ്പാത നിർമാണം നടക്കുന്ന ഭാഗത്തു പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ ഇരു ഭാഗത്തേക്കും ഗതാഗതമുള്ളതിനാൽ ഇവിടെയും കുരുക്ക് പതിവാണ്. കുരുക്കിന് പുറമേ മഴയും
വേനൽമഴയ്ക്കൊപ്പം ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്ക് യാത്രക്കാരെ വലച്ചു.
തൃശൂരിലേക്കുള്ള പാതയിൽ അടിപ്പാത നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന ആമ്പല്ലൂർ മുതൽ പുതുക്കാട് വരെയായിരുന്നു വാഹനനിര. അടിപ്പാതയ്ക്ക് സമീപമുള്ള യുടേണിൽ വാഹനങ്ങൾ കുരുങ്ങിയതിനാൽ ചാലക്കുടി ഭാഗത്തേക്കുള്ള പാതയിലും ഗതാഗതം മന്ദഗതിയിലായി. തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് നിർമാണം ശാസ്ത്രീയമായി പൂർത്തിയാക്കിയാൽ ഗതാഗതക്കുരുക്ക് താൽക്കാലികമായി പരിഹരിക്കാനായേക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]