പെരുമ്പിലാവ് ∙ തെങ്ങ് കൃഷിക്ക് പുത്തൻ ഉണർവേകാൻ വിഭാവനം ചെയ്ത കേരഗ്രാമം പദ്ധതി സാമ്പത്തികവർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ പ്രതിസന്ധിയിൽ. ജില്ലയിൽ, കാട്ടകാമ്പാൽ, മാള, കാട്ടൂർ, എടവിലങ്ങ്, പൂക്കോട്, അടാട്ട്, വാടാനപ്പള്ളി, ചേലക്കര എന്നീ 8 പഞ്ചായത്തുകളിലാണു കൃഷിഭവനുകൾ വഴി ഇക്കൊല്ലം പദ്ധതി നടപ്പിലാക്കിയിരുന്നത്.
ഒരു പഞ്ചായത്തിന് 25 ലക്ഷം രൂപ വീതമാണു പദ്ധതിത്തുക.
എന്നാൽ കാട്ടൂർ, വാടാനപ്പള്ളി, പൂക്കോട് പഞ്ചായത്തുകൾ മാത്രമാണു തുക പൂർണമായി ചെലവഴിച്ചത്. കാട്ടകാമ്പാലിൽ 20 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടന്നപ്പോൾ ചേലക്കരയിൽ 6 ലക്ഷം രൂപയും മാളയിൽ 9 ലക്ഷം രൂപയും എടവിലങ്ങിൽ 5 ലക്ഷം രൂപയും മാത്രമാണ് ഇതുവരെ വിനിയോഗിച്ചത്.
മാർച്ച് 31ന് പദ്ധതി കാലാവധി അവസാനിക്കാനിരിക്കെ ഫണ്ട് വിനിയോഗം ഇഴഞ്ഞു നീങ്ങുന്നതു പദ്ധതിയുടെ ലക്ഷ്യപ്രാപ്തിയെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പായി.
തെങ്ങിനുള്ള വളം, കീടനാശിനി, തടം തുറക്കൽ, ഇടവിള കൃഷി, പമ്പ് സെറ്റ് സ്ഥാപിക്കൽ, കിണർ നിർമാണം, തെങ്ങു കയറ്റയന്ത്രം, ജൈവ നിർമാണ യൂണിറ്റ്, മണ്ണിര കംപോസ്റ്റ് യൂണിറ്റ് തുടങ്ങിയ കാർഷിക പ്രവർത്തനങ്ങൾക്ക് 50 ശതമാനം വരെ സബ്സിഡി നൽകുന്നതാണു പദ്ധതി. കൃത്യമായ അവബോധമില്ലാത്തതിനാൽ പലയിടങ്ങളിലും കർഷകർ പദ്ധതിയോടു വിമുഖത കാട്ടുന്നതാണ് നടത്തിപ്പ് ഇഴയുന്നതിന് പ്രധാന കാരണം.
ആനുകൂല്യങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ഉള്ള അറിവില്ലായ്മ പദ്ധതിയുടെ ഗുണം അർഹരായവരിലേക്ക് എത്തുന്നതിനു തടസ്സമാകുന്നു. പദ്ധതിയിൽ ചേരാൻ താൽപര്യമുള്ള കർഷകർക്ക് ഇപ്പോഴും അവസരമുണ്ടെന്നു കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

