തൃശൂർ ∙ റെയിൽവേ സ്റ്റേഷനിലെ ഇരുചക്ര വാഹന പാർക്കിങ് കേന്ദ്രത്തിലുണ്ടായ തീപിടിത്തം റെയിൽവേ ഇലക്ട്രിക്കൽ ലൈൻ കാരണമല്ലെന്നു ദക്ഷിണ റെയിൽവേ. ദൃക്സാക്ഷി വിവരണങ്ങളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ തീപിടിത്തം പാർക്കിങ് ഏരിയയ്ക്കു സമീപമുള്ള ഓവർഹെഡ് ലൈനിൽ നിന്നോ മറ്റ് റെയിൽവേ ഇലക്ട്രിക്കൽ സാമഗ്രികളിൽ നിന്നോ അല്ലെന്നും വൈദ്യുതി ലൈനിൽ സ്പാർക്ക് ഉണ്ടായി എന്നതു പാർക്കിങ് സ്ഥലത്തെ കരാർ ജീവനക്കാർ നടത്തിയ തെറ്റായ അവകാശവാദമാണെന്നും റെയിൽവേ പറയുന്നു.
രണ്ടാം പ്രവേശന കവാടത്തെ പാർക്കിങ് പ്രദേശം മുഴുവൻ സിസിടിവി നിരീക്ഷണത്തിലായിരുന്നു.
എന്നാൽ സിസിടിവി കൺട്രോൾ യൂണിറ്റും ഹാർഡ് ഡിസ്കും തീപിടിത്തത്തിൽ നശിച്ചതായി കണ്ടെത്തി. ഇവ ഫൊറൻസിക് പരിശോധനയ്ക്കായി വെസ്റ്റ് പൊലീസിനു കൈമാറിയെന്നും റെയിൽവേ അറിയിച്ചു.
പൊലീസ് അന്വേഷണത്തോടൊപ്പം റെയിൽവേയും വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാവിലെ ആറരയോടെയുണ്ടായ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ജീവനക്കാരും ഗവ. റെയിൽവേ പൊലീസും (ജിആർപി) ഒന്നാം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയും ചെയ്തു.
ഇതോടൊപ്പം സ്റ്റേഷനിലും പാർക്കിങ് ഏരിയയിലും ലഭ്യമായ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് പ്രാഥമിക നടപടികൾ സ്വീകരിച്ചു. ഏകദേശം 250 വാഹനങ്ങൾ പൂർണമായോ ഭാഗികമായോ കത്തി നശിച്ചിട്ടുണ്ടെന്നാണു റെയിൽവേ പറയുന്നത്.
തദ്ദേശ അനുമതി വേണ്ട
ഇന്ത്യൻ റെയിൽവേ ആക്ടിലെയും ഗവ.ബിൽഡിങ് ആക്ടിലെയും വ്യവസ്ഥകൾ പ്രകാരം റെയിൽവേ സ്റ്റേഷൻ പരിസരത്തെ നിർമാണത്തിന് കോർപറേഷന്റെയോ മറ്റ് തദ്ദേശ സ്ഥാപനത്തിന്റെയോ അനുമതി ആവശ്യമില്ലെന്ന് റെയിൽവേ അറിയിച്ചു.
ഹെൽപ് ഡെസ്ക് തുറന്നു
തീപിടിത്തത്തിൽ വാഹനങ്ങൾ കത്തിനശിച്ച യാത്രക്കാരെ സഹായിക്കുന്നതിനായി പാർക്കിങ് ഏജൻസി അതേ പാർക്കിങ് ഏരിയയ്ക്കു സമീപം ഹെൽപ് ഡെസ്ക് തുറന്നു. ഇരുചക്ര വാഹന ഉടമകളെ അന്വേഷണത്തിനായി ഏകോപിപ്പിക്കുന്നതിനും ഇൻഷുറൻസ് ക്ലെയിം സംബന്ധിച്ച നടപടികൾക്ക് സഹായവും നൽകുന്നതിനാണിത്.
കരാറുകളിൽ ആശയക്കുഴപ്പം
തൃശൂർ ∙ കരാറും ഉപകരാറുകളുമായാണ് റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
സ്റ്റേഷൻ അങ്കണത്തിൽ മുൻവശത്തു തന്നെ രണ്ടു പാർക്കിങ് കേന്ദ്രങ്ങളുണ്ട്. അതിലൊന്ന് കാറുകൾക്ക് ഉൾപ്പെടെയുള്ള പ്രീമിയം പാർക്കിങ് ആണ്.
30,000 രൂപയാണ് ഇതിന്റെ പ്രതിദിന വാടക. സ്റ്റേഷന്റെ വലതുവശത്ത് ആർഎംഎസ് ഭാഗത്തുള്ള ഇരുചക്ര വാഹന പാർക്കിങ് 13,000 രൂപയാണ് പ്രതിദിന വാടക.
ഇവിടെ മാത്രം രണ്ടു വശത്തായി അഞ്ഞൂറോളം ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. പ്രധാന കവാടത്തിൽ നിന്ന് സ്റ്റേഷനിലേക്ക് ഇറങ്ങി വരുമ്പോൾ ഇടതുവശത്തെ പാർക്കിങ്ങിന് 18,000 രൂപയാണ് പ്രതിദിന വാടക.
ഇതെല്ലാം നേരിട്ടുള്ള കരാറുകളാണോ, ഉപ കരാറുകളാണോ എന്ന കാര്യത്തിൽ ആർക്കും വ്യക്തമായ മറുപടിയില്ല. രണ്ടു ഷിഫ്റ്റുകളിലായി ആകെ നാലു ജീവനക്കാർ.
24 മണിക്കൂർ നീളുന്ന ഒരു ഷിഫ്റ്റിൽ 1200 രൂപ ദിവസക്കൂലി. അത്യാഹിതങ്ങളിൽ പ്രവർത്തിപ്പിക്കാനുള്ള അഗ്നിരക്ഷാ ഉപകരണങ്ങളോ ജീവനക്കാർക്കു പ്രായോഗിക പരിശീലനമോ നൽകിയിട്ടില്ല.
ദൃക്സാക്ഷി ആനന്ദ് പറയുന്നതിങ്ങനെ…
പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലൊന്നിനു തീപിടിക്കുകയും വ്യാപിപ്പിക്കുകയുമായിരുന്നെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷി മനക്കൊടി സ്വദേശി പി.എ.
ആനന്ദ് റെയിൽവേക്കു മൊഴി നൽകി. ചേർത്തലയ്ക്കു പോകാൻ വേണ്ടിയാണ് 6.25ന് സ്റ്റേഷന്റെ രണ്ടാം കവാടത്തിലെത്തിയത്.വാഹനം പാർക്കിങ് കേന്ദ്രത്തിലെത്തിച്ച് ടിക്കറ്റ് വാങ്ങിയ ശേഷം മടങ്ങുമ്പോഴാണ് പുക കണ്ടത്.
അപ്പോൾ ഒരു ജീവനക്കാരി മാത്രമാണുണ്ടായിരുന്നത്. പഴക്കമുള്ള വാഹനത്തിൽ ആദ്യം ചെറിയ അളവലായിരുന്നു തീ.
ഉടൻ ജീവനക്കാരി തീ അണയ്ക്കാൻ സഹായത്തിനു വിളിച്ചു. എന്നാൽ ഇന്ധന ടാങ്ക് ചോർന്നു തീ വ്യാപിച്ചു. ഉടൻ കൺട്രോൾ റൂമിൽ വിവരമറിയിച്ചെന്നും ആനന്ദ് പറഞ്ഞു.
ആനന്ദിന്റെ വാഹനവും കത്തിനശിച്ചിട്ടുണ്ട്.
നഷ്ടപരിഹാരം നൽകണം: യൂത്ത് കോൺഗ്രസ്
തൃശൂർ ∙ റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ തീപിടിത്തത്തിൽ വാഹനം നശിച്ചവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സ്ഥലം എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി അടിയന്തര ഇടപെടലുകൾ നടത്തി നഷ്ടപരിഹാരം വേഗത്തിലാക്കണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി.പ്രമോദ്, സെക്രട്ടറി സുഷിൽ ഗോപാൽ എന്നിവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

