
കൊടുങ്ങല്ലൂർ ∙ ദേശീയപാത 66 എ കൊടുങ്ങല്ലൂർ ബൈപാസിൽ ഡിവൈഎസ്പി ഓഫിസ് സിഗ്നൽ ജംക്ഷനിൽ അടിപ്പാതയ്ക്കു വേണ്ടി എസ്റ്റിമേറ്റ് തയാറാക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം പ്രൊജക്ട് ഡയറക്ടർ ഓഫിസിൽ നിന്നു ടെക്നിക്കൽ സംഘമാണ് എസ്റ്റിമേറ്റ് തയാറാക്കിയത്.ഡിവൈഎസ്പി ഓഫിസ് സിഗ്നലിൽ അടിപ്പാത എന്ന ആവശ്യം നേരത്തെ ഉപരിതല ഗതാഗത മന്ത്രാലയം നിരസിച്ചിരുന്നു.
കൊടുങ്ങല്ലൂർ ചന്തപ്പുരയിലും പടാകുളം സിഗ്നൽ ജംക്ഷനിലും മേൽപാലവും അടിപ്പാതയും ഉണ്ടെന്നിരിക്കെ തൊട്ടടുത്തു അടിപ്പാത വേണ്ടെന്നായിരുന്നു ദേശീയപാത അധികൃതരുടെയും നിലപാട്. എന്നാൽ, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കരുതെന്നു ചൂണ്ടിക്കാട്ടി പ്രദേശത്തു 617 ദിവസമായി കർമസമിതി നടത്തുന്ന സമരവും ജനപ്രതിനിധികളുടെ സമ്മർദവുമാണ് എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം വന്നത്.
കേന്ദ്രമന്ത്രി, എംപി, എംഎൽഎ, നഗരസഭ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഒട്ടേറെ തവണ ഇൗ ആവശ്യം ഉന്നയിച്ചു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെ സമീപിച്ചിരുന്നു.
ഇതാണു പുതിയ നിർദേശത്തിനു കാരണമായത്.കൊടുങ്ങല്ലൂർ നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് നഗരത്തിൽ എത്താനുള്ള പ്രധാന മാർഗമാണ് ഡിവൈഎസ്പി ഓഫിസ് സിഗ്നൽ. ശ്രീകുരുംബ ഭഗവതി ക്ഷേത്രം, സ്കൂൾ, മിനി സിവിൽ സ്റ്റേഷൻ, കോടതി, ആശുപത്രികൾ, പൊലീസ് എന്നീ സ്ഥാപനങ്ങൾ ദേശീയപാതയ്ക്കു കിഴക്കു ഭാഗത്താണ്. നൂറു മീറ്റർ സഞ്ചരിച്ചാൽ എത്തുന്ന പ്രദേശത്തേക്കു നിലവിലുള്ള നിർമാണം മൂലം രണ്ടു കിലോമീറ്റർ ദൂരം ചുറ്റിക്കറങ്ങിയാലെ നഗരത്തിൽ എത്താനാകൂ.
ദേശീയപാത നിർമാണം നടക്കുന്ന മറ്റിടങ്ങളിൽ ജനകീയ ആവശ്യം പരിഗണിച്ചു മാറ്റങ്ങൾ വരുത്തുമ്പോൾ ഇവിടെ മാത്രം അധികൃതർ തയാറാകാത്തതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
അടിപ്പാതയ്ക്ക് അനുമതി ലഭിക്കുമെന്നു കരുതി കാത്തിരിക്കുകയാണ് പ്രദേശവാസികൾ. അടിപ്പാതയെങ്കിലും നിർമിച്ചില്ലെങ്കിൽ പ്രദേശം രണ്ടായി വിഭജിക്കപ്പെടുമെന്നും പ്രദേശം ഒറ്റപ്പെടുമെന്നുമുള്ള ആശങ്കയാണു ജനത്തിനുള്ളത്. എടമുട്ടം സെന്ററിൽ അടിപ്പാതയ്ക്കും എസ്റ്റിമേറ്റ് തയാറാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]