തൃശൂർ റെയിൽവേ സ്റ്റേഷനെ അത്യാധുനിക സൗകര്യങ്ങളോടെ വിമാനത്താവള നിലവാരത്തിലേക്ക് ഉയർത്താനുള്ള പുനർനിർമാണ പദ്ധതി വേഗത്തിലാകുന്നു. പദ്ധതിയുടെ ഭാഗമായി സ്റ്റേഷന്റെ പ്രധാന പ്രവേശന മന്ദിരവും അനുബന്ധ കെട്ടിടങ്ങളും ഈ മാസം തന്നെ പൊളിച്ചു നീക്കും.
ഇതിന്റെ മുന്നോടിയായി, ഒന്നാം പ്ലാറ്റ്ഫോമിലെ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകൾ കഴിഞ്ഞ മാസം തന്നെ പഴയ റിസർവേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. സൈറ്റ് സർവേ, മണ്ണു പരിശോധന, കെട്ടിടങ്ങളുടെ രൂപകൽപന എന്നിവ വിജയകരമായി പൂർത്തിയായതോടെയാണ് നിർമാണം നിർണായക ഘട്ടത്തിലേക്ക് കടന്നത്.
ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ഉദ്യോഗസ്ഥരും കരാർ കമ്പനിയായ വെങ്കിടാചലപതി കൺസ്ട്രക്ഷൻസിന്റെ പ്രതിനിധികളും വ്യാഴാഴ്ച നടത്തിയ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് നിർമാണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചത്. പ്രധാന മാറ്റങ്ങൾ
നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ സ്റ്റേഷൻ മാനേജരുടെ ഓഫീസ്, വിഐപി ലോഞ്ച്, യാത്രക്കാർക്കുള്ള വിശ്രമ കേന്ദ്രം എന്നിവ പൊളിക്കും.
മാസത്തിന്റെ മൂന്നാം വാരത്തോടെ പൊളിക്കൽ ജോലികൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഒന്നാം പ്ലാറ്റ്ഫോമിൽ ബാരിക്കേഡുകൾ സ്ഥാപിക്കും.
നിലവിൽ ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കു ഭാഗത്ത് സ്റ്റേഷൻ മാസ്റ്റർക്കും സിഗ്നലിങ് സംവിധാനത്തിനുമായുള്ള പൈലിങ് ജോലികൾ അന്തിമഘട്ടത്തിലാണ്. ഇതിനു പുറമെ, ദിവാൻജി മൂലയിൽ നിർമിക്കുന്ന 12 നില ഭവന സമുച്ചയത്തിന്റെ പൈലിങ് ടെസ്റ്റിംഗും പുരോഗമിക്കുന്നു.
പൂത്തോൾ–വഞ്ചിക്കുളം ഭാഗത്തെ ഗുഡ്സ് ഷെഡിനു സമീപം പ്രൊജക്ട് മാനേജ്മെന്റ് സർവീസ് വിഭാഗത്തിനായുള്ള കെട്ടിടത്തിന്റെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഗതാഗത നിയന്ത്രണം
സ്റ്റേഷൻ വളപ്പിലെ ഗതാഗത ക്രമീകരണങ്ങളിലും മാറ്റങ്ങൾ വരും.
ദിവാൻജി മൂലയിൽ നിന്നുള്ള വാഹനങ്ങൾക്ക് ദേശീയ പതാകയുള്ള കൊടിമരം വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇവിടെ ഓട്ടോ, ടാക്സി പാർക്കിങ് സൗകര്യം ഒരുക്കും.
കൊക്കാലയിൽ നിന്ന് ആർഎംഎസ് ഓഫീസ് വഴി പ്രധാന കവാടത്തിലേക്കുള്ള റോഡ് അടയ്ക്കാനും തീരുമാനമുണ്ട്. യാത്രക്കാരുടെ സൗകര്യം
പാഴ്സൽ ഓഫീസിനു സമീപം പുതിയ പ്രവേശന കവാടവും അറിയിപ്പ് കേന്ദ്രവും സജ്ജമാക്കുന്ന ജോലികൾ നടക്കുന്നു.
യാത്രക്കാർക്ക് ടിക്കറ്റെടുത്ത ശേഷം റോഡ് മുറിച്ചുകടന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ ഇത് സഹായിക്കും. പഴയ സസ്യ ഭക്ഷണശാല പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് പൊതു വിശ്രമ കേന്ദ്രം മാറ്റും.
കൊക്കാല ഭാഗത്തുനിന്നുള്ള യാത്രക്കാർക്കായി ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്തുള്ള നടപ്പാലത്തിനു സമീപം ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് യന്ത്രങ്ങൾ (എടിവിഎം) സ്ഥാപിക്കും. 345 കോടി രൂപ ചെലവഴിച്ചുള്ള ഈ സമഗ്ര വികസന പദ്ധതി 2027 ജനുവരി മാസത്തോടെ പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

