
വീതി കൂട്ടാൻ സ്ഥലം വിട്ടുനൽകിയിട്ടും വീട്ടുകാരുടെ വഴി അടച്ചുകെട്ടി റോഡ് നിർമാണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വലക്കാവ് ∙ റോഡ് വീതി കൂട്ടുന്നതിനു 10 സെന്റ് സ്ഥലം സർക്കാരിന് വിട്ടു നൽകിയ കുടുംബത്തിന്റെ വീട്ടിലേക്കുള്ള വഴി അടച്ചുകെട്ടി റോഡ് നിർമാണം. ചാലാംപാടം നിരപ്പലാവുങ്കൽ സൂസമ്മ തോമസാണ് (70) മരാമത്ത് മന്ത്രിക്കും നടത്തറ പഞ്ചായത്തിലും പരാതി നൽകിയത് കാത്തിരിക്കുന്നത്. നടത്തറ – പാണഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടത്തറ പഞ്ചായത്ത് ആറാം വാർഡിലെ ശ്രീധരി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ വീതി കൂട്ടുന്നതിനാണു സ്ഥലം വിട്ടുനൽകിയത്.
വീതി കുറഞ്ഞ പാലവും അപ്രോച്ച് റോഡും വീതികൂട്ടി പണിയുന്നതിനു 2017 ലാണ് തീരുമാനിച്ചത്. പാലത്തിന്റെ ഉയരത്തിന് അനുസരിച്ച് അപ്രോച്ച് റോഡിനു പരമാവധി 2 അടി ഉയരം മാത്രമാണ് ഉണ്ടാവുക എന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഉറപ്പിലാണ് ഭൂമി വിട്ടു നൽകിയത്. എന്നാൽ മുൻ ധാരണയ്ക്കു വിരുദ്ധമായി 9 അടി ഉയരത്തിലാണ് റോഡ് പണിയുന്നത്. വീട്ടിലേക്കുള്ള റോഡ് അടച്ചുകെട്ടി 9 അടി ഉയരത്തിൽ കൂറ്റൻ മതിൽ വരുന്നതോടെ കുടുംബത്തിനു പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി ഉണ്ടാവുമെന്ന് പരാതിയിൽ പറയുന്നു.
റോഡിൽ നിന്ന് റാംപ് നിർമിച്ചാൽ പോലും വീട്ടിൽ നിന്ന് റോഡിലേക്ക് കയറാനാവില്ല. മുൻ ധാരണയ്ക്കു വിരുദ്ധമായും സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയുമുള്ള റോഡ് നിർമാണം കുടുംബത്തിന്റെ പരാതിയെത്തുടർന്നു വീടിന്റെ മുൻഭാഗത്തെ നിർമാണം മാത്രം താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ മറ്റുഭാഗത്തു പണി നടക്കുന്നുണ്ട്. റോഡ് പണി പൂർത്തിയായാൽ വീട്ടിലേക്ക് പോകുന്നതിനു മറ്റു വഴിയില്ലാതെയാവും. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു മന്ത്രിമാർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് കുടുംബം.