തൃശൂർ പിണ്ടാണിയിൽ ഇരുട്ടിന്റെ മറവിൽ ‘രോഗം വിതറി’ മറുനാടൻ ആശുപത്രി
മേലൂർ ∙ ജനവാസ മേഖലയോടു ചേർന്നു പിണ്ടാണി പാടശേഖരത്തിലും റോഡരികിലും പല ഭാഗത്തായി വൻതോതിൽ ആശുപത്രി മാലിന്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പിണ്ടാണി കപ്പേള മുതൽ 10 സ്ഥലങ്ങളിലാണു മാലിന്യം തള്ളിയത്.
8, 9,10 എന്നീ വാർഡുകളിലെ പ്രദേശങ്ങളിൽ കണ്ടെത്തിയ മാലിന്യം നാട്ടുകാർ പരിശോധിച്ചപ്പോൾ രേഖകളിൽ നിന്നു കൊച്ചി കാക്കനാടുള്ള ആശുപത്രിയിലേതാണു മാലിന്യമെന്നു തിരിച്ചറിഞ്ഞു. ആശുപത്രിയിൽ നിന്നു സ്വകാര്യ ഏജൻസികൾ ശേഖരിച്ച മാലിന്യം രാത്രിയിൽ വാഹനത്തിൽ എത്തിച്ചു തള്ളിയതാണെന്നാണു സൂചന. രോഗികളെക്കുറിച്ചു സൂചനകളുള്ള ബുക്കുകൾ, കിറ്റുകൾ, മാസ്ക്, ഭക്ഷണ അവശിഷ്ടങ്ങൾ, ഓപ്പറേഷൻ മാലിന്യം എന്നിവയാണുള്ളത്.
മഴക്കാലമായതോടെ ഡെങ്കിപ്പനി സ്ഥിരീകരിച്ച വാർഡുകളിൽ മെഡിക്കൽ മാലിന്യം തള്ളിയതു പകർച്ചവ്യാധികൾ പടരാൻ വഴിയൊരുക്കുമെന്നാണു ജനങ്ങളുടെ ആശങ്ക. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിതയും ജനപ്രതിനിധികളും ആരോഗ്യ വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യം തള്ളിയവരെ കണ്ടെത്തി അവരെക്കൊണ്ടു തന്നെ മാലിന്യം നീക്കിപ്പിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേലൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ റീന ജോസഫ് അറിയിച്ചു.
പഞ്ചായത്ത് അംഗങ്ങളായ സൗമ്യ മോഹൻദാസ്, സതി ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.മഞ്ജിത്ത് എന്നിവരും സ്ഥലത്തെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]