പെരുമ്പിലാവ് ∙ സഫിയ അബൂബക്കറിന് ഡ്രൈവിങ് ജീവനോപാധി മാത്രമല്ല ഹോബിയും കൂടിയാണ്. സ്കൂട്ടറിൽ നിന്നു തുടങ്ങി ടാങ്കർ ലോറി വരെ എത്തി നിൽക്കുന്ന ഈ ഹോബി സഫിയയ്ക്ക് നേടിക്കൊടുത്തത് ഒട്ടേറെ നേട്ടങ്ങൾ. യുഎഇയിൽ ടാങ്കർ ലോറി ഓടിക്കാൻ ലൈസൻസ് നേടുന്ന വനിത എന്ന ഖ്യാതിയും ഇപ്പോൾ ഇവർക്കു സ്വന്തം.
വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇതുവരെ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.5 തവണത്തെ പരിശ്രമത്തിനു ശേഷം ആറാം തവണത്തെ റോഡ് ടെസ്റ്റിൽ സഫിയ വിജയിച്ചു. മറ്റു ടെസ്റ്റുകളിലെല്ലാം ആദ്യവട്ടം തന്നെ വിജയിച്ചിരുന്നു. കഴിഞ്ഞ മാസം 27നു ലൈസൻസും ലഭിച്ചു.കടവല്ലൂർ പടിഞ്ഞാറ്റുമുറി പരുവിങ്ങൽ അബൂബക്കറിന്റെ ഭാര്യയായ സഫിയ (50) കേരളത്തിൽ ഹസാർഡ്സ് ലൈസൻസ് നേടുന്ന മൂന്നാമത്തെ വനിതയാണ്.
കെമിക്കൽസ്, പാചകവാതകം, ഇന്ധനം തുടങ്ങിയ അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്ന വലിയ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ആണ് ഹസാർഡ്സ് ലൈസൻസ്.ഡ്രൈവിങ്ങിനോടുള്ള കമ്പം സഫിയക്ക് ചെറുപ്പം തൊട്ടേ ഉണ്ട്.
സ്കൂട്ടർ, ഓട്ടോറിക്ഷ, കാർ എന്നിവ ഓടിക്കാൻ പഠിച്ച ശേഷം ഡ്രൈവിങ് സ്കൂൾ അധ്യാപികയായി ജോലി നേടി. കോവിഡ് മഹാമാരി തന്റെ ഇഷ്ട
ജോലിക്കു വിഘാതം ഉണ്ടാക്കിയെങ്കിലും സഫിയ വെറുതേ ഇരുന്നില്ല. കോവിഡ് സമയത്തെ തൊഴിലില്ലായ്മ ഹെവി ലൈസൻസ് നേടിയെടുക്കാനുള്ള അവസരമാക്കി. പിന്നീട് ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തു. ബസും നാഷനൽ പെർമിറ്റ് ലോറിയും ഓടിച്ചു.
ചങ്ങരംകുളം അടയ്ക്കാ മാർക്കറ്റിൽനിന്ന് പാലക്കാട്ടേക്കു ലോറിയിൽ അടയ്ക്ക കൊണ്ടു പോയിരുന്നത് സഫിയ ആയിരുന്നു. പിന്നീടാണ് ഹസാർഡ്സ് ലൈസൻസ് സ്വന്തമാക്കുന്നത്.യുഎഇ അജ്മാനിലെ നോബിൾ ടെക് കമ്പനിയിലെ ഇന്ധന ടാങ്കർ ലോറി ഡ്രൈവറാണ് ഇപ്പോൾ സഫിയ.
മികച്ച ശമ്പളം. സഫിയയെ കൂടാതെ 3 വനിതകൾ കൂടി ഇതേ കമ്പനിയിൽ ടാങ്കർ ലോറി ഡ്രൈവർമാരായി ഉണ്ട്. ഈ മേഖലയിൽ വനിതകൾക്ക് ഒട്ടേറെ അവസരങ്ങളുണ്ടെന്നു സഫിയ പറയുന്നു.മലബാർ ഡെന്റൽ കോളജിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അബൂബക്കറാണ് ഭർത്താവ്.
അസ്ബിയ (ഖത്തർ), അസ്ലം, അസ്നിയ എന്നിവർ മക്കളാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

