
തൃശൂർ ∙ വിയ്യൂർ നിത്യസഹായമാത പള്ളിക്കും മണലാറുകാവ് ക്ഷേത്രത്തിനും ഇടയിൽ തൃശൂർ–ഷൊർണൂർ റോഡിന്റെ ഇടതുവശത്ത് മുകളിലേക്ക് ഉയർത്തിക്കെട്ടി പെയിന്റ് അടിച്ചും ഗ്രില്ലിട്ടും സംരക്ഷിക്കുന്ന ഒരു പൊതു കിണർ കാണാം. ചരിത്ര സംഭവത്തിനു സാക്ഷിയായി തലയുയർത്തി നിൽക്കുന്ന ഓർമകളുടെ ഒരുറവ!
കിണറും പരിസരവും സാക്ഷ്യംവഹിച്ച ആ സംഭവത്തെ കുറിച്ച് അറിവുള്ളവർ ചുരുക്കം.
ചലോ വിയ്യൂർ എന്ന പേരിൽ വിയ്യൂർ ജയിലിലേക്കു നഗരത്തിൽ നിന്ന് നടത്തിയ ഒരു മാർച്ചിനെ തുടർന്നുണ്ടായ ലാത്തിച്ചാർജ് ഈ കിണർ പരിസരത്തു നിന്നാണ് ചരിത്രത്തിൽ ഇടംപിടിച്ചത്. അന്ന്, ക്രൂരമായ മർദനത്തിന് ഇരയായവരിൽ 19 വയസ്സുകാരനായ ഒരു വിയ്യൂരുകാരനും ഉണ്ടായിരുന്നു.
സെന്റ് തോമസ് കോളജിലെ വിദ്യാർഥിയായിരുന്ന തിരൂർ കോഞ്ചിയാർ റോഡ് വാരിയംപാട്ട് മാധവൻ (2020എപ്രിലിൽ അന്തരിച്ചു). അന്ന് മർദനമേറ്റവരിൽ മാധവന്റെ ഓർമയിലുള്ള മറ്റു 2 പേരാണ് സി.എസ്.ഗംഗാധരനും എം.ടി.ലാസറും എന്ന് പ്രാദേശിക ചരിത്രകാരനായ സൈമൺ വേലൂക്കാരൻ ഓർക്കുന്നു.
ആ ചരിത്രം ഇങ്ങനെ:
ബ്രിട്ടിഷ് ഇന്ത്യയിൽ നിലവിൽ വന്ന ഭരണസമ്പ്രദായത്തിന്റെ മാതൃകയിൽ ഒരു ദ്വിഭരണ പദ്ധതി കൊച്ചിയിൽ നടപ്പിലാക്കി.
ഈ പരീക്ഷണത്തിൽ തൃപ്തരാകാത്ത പുരോഗമനവാദികൾ ‘ഉത്തരവാദിത്ത ഭരണം’ നേടുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ കൊച്ചിരാജ്യ പ്രജാമണ്ഡലം എന്ന പുതിയൊരു സംഘടനയ്ക്ക് 1941ൽ രൂപം നൽകി. ദിവാൻ എ.എഫ്.ഡബ്യു ഡിക്സന്റെ നിയന്ത്രണത്തിലായിരുന്ന കൊച്ചി സർക്കാർ ഈ പ്രസ്ഥാനത്തെ തകർക്കാൻ തീരുമാനിച്ചു.
1942 ജനുവരിയിൽ ഇരിങ്ങാലക്കുടയിൽ ചേരാൻ നിശ്ചയിച്ച പ്രജാമണ്ഡലത്തിന്റെ ആദ്യ വാർഷിക സമ്മേളനം സർക്കാർ നിരോധിച്ചു. സമ്മേളനം നടന്നു.
പങ്കെടുത്തവരെ അറസ്റ്റ് ചെയ്തു. അന്നത്തെ പ്രഗല്ഭ നേതാക്കളായ മത്തായി മാഞ്ഞൂരാനും മനയ്ക്കലാത്തിനും ഏർപ്പെടുത്തിയ പ്രസംഗ നിരോധനം ലംഘിച്ചതിന് ഇരുവരെയും ജയിലിൽ അടച്ചു. ഇവരുടെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിയ്യൂർ ജയിൽ മാർച്ച് നടത്താൻ പ്രജാമണ്ഡലത്തിലെ സോഷ്യലിസ്റ്റുകൾ തീരുമാനിച്ചു. അതിനൊരു പേരുമിട്ടു: ‘ചലോ വിയ്യൂർ’. 1942 ഫെബ്രുവരി 1ന് പൊതുയോഗങ്ങളും മാർച്ചും നിരോധിച്ചു.
തൃശൂർ പട്ടണത്തിലും ജയിൽ പരിസരത്തും നിരോധനാജ്ഞ നിലവിൽ വന്നു. നഗരമാകെ പൊലീസ് ബന്തവസ്സിലായി. നൂറുകണക്കിനാളുകൾ മാർച്ചിനെത്തിയെങ്കിലും വലിയ സംഘർഷം ഒഴിവാക്കാൻ നേതാക്കളിൽ 15 പേർ മാത്രം മാർച്ച് നടത്താൻ തയാറായി.
ഇവർ വിയ്യൂർ പാലം പിന്നിട്ട് മണലാറുകാവ് ക്ഷേത്രത്തിനടുത്ത് എത്താറായപ്പോൾ പൊലീസെത്തി ലാത്തിച്ചാർജ് ആരംഭിച്ചു. പരിസരത്ത് ഇന്നും തലയുയർത്തി നിൽക്കുന്ന പൊതുകിണറിനു സമീപം വച്ചായിരുന്നു ക്രൂരമായ ആ നരനായാട്ട് നടന്നത്. ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കൊച്ചി നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. സഭയിൽ വലിയ കോലാഹലങ്ങളും വാദപ്രതിവാദങ്ങളും നടന്നു.
സെന്റ് തോമസ് കോളജിലെ വിദ്യാർഥികൾ പഠിപ്പു മുടക്കി തെരുവിലിറങ്ങി പ്രതിഷേധിച്ചു. നിരോധനാജ്ഞ ജനങ്ങൾ പലവട്ടം ലംഘിച്ചു. ഒടുവിൽ അറസ്റ്റ് ചെയ്യപ്പെട്ട
നേതാക്കളെ സ്വതന്ത്രരാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]