
കുരിയച്ചിറ∙ കുരിയച്ചിറ സെന്ററിലെ കുരുക്ക് ഒഴിവാക്കാൻ സെന്റർ വികസനം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിലേറെ പഴക്കം. തൃശൂർ നഗരത്തിനു ചേർന്നു നിൽക്കുന്ന പ്രദേശം എന്ന നിലയിലും, ജനങ്ങൾ ഏറെ തിങ്ങി പാർക്കുന്ന മേഖല എന്ന നിലയിലും കുരിയച്ചിറ ഏറെ പ്രാധാന്യമുള്ള സ്ഥലമായി മാറുകയാണ്. 3 കിലോമീറ്റർ ചുറ്റളവിൽ ഏകദേശം 5 ലക്ഷം പേർ കുരിയച്ചിറയിൽ താമസിക്കുന്നുണ്ട് എന്നാണ് കണക്ക്.
ഒരുകിലോമീറ്റർ ചുറ്റളവിൽ 6 സ്കൂളുകൾ സ്ഥിതി ചെയ്യുന്ന അപൂർവ ഇടം കൂടിയാണിത്.
തൃശൂർ എറണാകുളം സംസ്ഥാന പാതയിലെ പ്രധാന സെന്റർ ആയി കുരിയച്ചിറ മാറുന്നതും ഇക്കാരണങ്ങളാലാണ്. സംസ്ഥാന പാതയിലെ തിരക്കിനു പുറമേ കുരിയച്ചിറയിലെ ജനങ്ങളുടെ വാഹനങ്ങളും കൂടി ചേരുന്നതോടെ ഗതാഗത കുരുക്ക് സ്ഥിരമായ ഉണ്ടാകുന്ന കേന്ദ്രമായി മേഖല മാറി.
സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും രൂക്ഷമായ ഗതാഗത കുരുക്കാണ്. സെന്റ് പോൾസ് പബ്ലിക് സ്കൂൾ, സെന്റ് പോൾസ് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ് ഐസിഎസ്ഇ സ്കൂൾ, മാർ തിമോത്തിയോസ് സ്കൂൾ, പോപ് ജോൺ സ്കൂൾ എന്നിവിടങ്ങളിലെവിദ്യാർഥികൾ കടന്നു പോകുന്നതും ഈ സെന്ററിൽ കൂടിയാണ്.
സെന്ററിൽ നിന്നു തൃശൂർ ഭാഗത്തേക്ക് വീതി കൂട്ടണം എന്ന ആവശ്യം ഏറെ നാളായി ചർച്ച ചെയ്യപ്പെടുന്നത് ആണെങ്കിലും നടപ്പിലായിട്ടില്ല. സെന്ററിൽ ട്രാഫിക് ഐലൻഡ്, അല്ലെങ്കിൽ റൗണ്ട് എബൗട്ട് എന്ന ആവശ്യത്തിനും നടപടി ആയിട്ടില്ല.
കാൽനട യാത്രികർക്ക് ഫൂട്ട് ഓവർ ബ്രിജ് എന്ന ആശയത്തെ കുറിച്ച് 4 വർഷം മുൻപ് സജീവ ചർച്ച ഉണ്ടായെങ്കിലും പിന്നീട് ഒന്നും നടന്നില്ല. അടിയന്തരമായി സെന്ററിൽ അൽപ്പം വീതി കൂട്ടി ബെൽ മൗത്ത് നിർമിച്ചാൽ കുരുക്കിനു ചെറിയ ആശ്വാസമാകും എന്ന അഭിപ്രായവും ജനങ്ങൾക്ക് ഇടയിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]