
മുൻവിധി ഇല്ലാക്കഥയായി, കള്ളനെന്ന ലേബൽ മാറാതെ അരവിന്ദ്; വിധിച്ചവരറിയുന്നുണ്ടോ ഈ ഉള്ളു പൊള്ളുന്നത്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗുരുവായൂർ ∙ തിരുവെങ്കിടത്തു താമസിക്കുന്ന തമിഴ്നാട് കടലൂർ ജില്ലക്കാരനായ അരവിന്ദിനെ (28) നാട്ടുകാർ കള്ളനെന്നു പറഞ്ഞു പിടിച്ചു കെട്ടി. അടിവസ്ത്രം മാത്രമായി കൈകൾ കെട്ടിയ ഫോട്ടോ എടുത്ത് വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. വിശദമായി ചോദ്യം ചെയ്ത പൊലീസ് അരവിന്ദ് നിരപരാധിയാണെന്ന് കണ്ടെത്തി. എന്നാൽ ഇക്കാര്യം പുറംലോകം അറിഞ്ഞിട്ടില്ല. ഇപ്പോൾ അരവിന്ദ് വീടിനു പുറത്തിറങ്ങിയാൽ ആളുകൾ ചോദ്യം ചെയ്യുന്നു, ഭീഷണിപ്പെടുത്തുന്നു. ഭാര്യ ആരതിക്കും 3 ചെറിയ കുട്ടികൾക്കുമൊപ്പം 7 മാസം മുൻപാണ് തിരുവെങ്കിടത്ത് വാടകയ്ക്ക് താമസമാക്കിയത്.
കരിങ്കൽ പണിയും കിണറു പണിയുമാണ് തൊഴിൽ. ഇപ്പോൾ ഉടമ വാടക വീട് ഒഴിയാൻ പറഞ്ഞു. അപമാനിതരായ കുടുംബം ആകെ സങ്കടത്തിലാണ്. തിരുനെൽവേലി റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ മാസം യാത്രക്കാരിയുടെ 6 പവൻ കവർന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടയാൾക്ക് അരവിന്ദിന്റെ ചിത്രവുമായി സാമ്യം കണ്ടെത്തിയതാണ് പ്രശ്നമായത്. മുൻപ് ഭാര്യവീട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് അരവിന്ദിന്റെ ഫോട്ടോ തമിഴ്നാട്ടിലെ സ്റ്റേഷനിൽ എത്തിയിരുന്നു.
റെയിൽവേ സ്റ്റേഷനിലെ മോഷ്ടാവ് അരവിന്ദ് ആണെന്ന് സംശയിച്ച് തമിഴ്നാട്ടിൽ നിന്നുള്ള സൂചനകളനുസരിച്ച് റെയിൽവെ പൊലീസ് ഗുരുവായൂർ സ്റ്റേഷന്റെ സഹായം തേടുകയായിരുന്നു. ‘മോഷണവും പിടിച്ചുപറിയും കവർച്ചയും തൊഴിലാക്കിയ കുപ്രസിദ്ധ ക്രിമിനൽ’ തിരുവെങ്കിടത്ത് ഉണ്ടെന്നും കണ്ടാൽ അറിയിക്കണമെന്നും പറഞ്ഞ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ വാട്സാപ് ഗ്രൂപ്പുകളിൽ പോസ്റ്റിട്ടു. തുടർന്നാണ് നാട്ടുകാർ പിടികൂടിയത്. തമിഴ്നാട് റെയിൽവേ പൊലീസ് ഇയാൾ നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചു. ഇക്കാര്യം ഇപ്പോഴും ഇവിടെ അറിയില്ല.