
അത്താണി വ്യവസായ പാർക്കിൽ മുറിച്ചിട്ട തേക്കിൻ തടികൾ നീക്കം ചെയ്യാൻ നടപടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുളങ്കുന്നത്തുകാവ്∙ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ (ഡിഐസി) നിയന്ത്രണത്തിലുള്ള അത്താണി വ്യവസായ പാർക്കിൽ മുറിച്ചിട്ട തേക്കിൻ തടികൾ നീക്കം ചെയ്യുന്നതിന് വനം വകുപ്പ് അധികൃതർ നടപടികൾ ആരംഭിച്ചു. മലയാള മനോരമ വാർത്തയെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുറിച്ചിട്ട തടികൾ അളന്ന് മഹസർ തയാറാക്കി. മരത്തിന്റെ വില നിശ്ചയിച്ച് റിപ്പോർട്ട് ഉടനെ ജില്ലാ വ്യവസായ കേന്ദ്രത്തിന് കൈമാറുമെന്ന അധികൃതർ അറിയിച്ചു. മരം ലേലം ചെയ്യുന്നതിനുള്ള നടപടികൾ ഡിഐസിയാണു സ്വീകരിക്കേണ്ടത്.
അത്താണിയിലെ വ്യവസായ പാർക്കിലാണ് തേക്കിൻ തടികൾ മുറിച്ചിട്ടത് വെളപ്പായ വില്ലേജിൽ വ്യവസായ യൂണിറ്റ് ആരംഭിക്കുന്നതിന് പാട്ടത്തിന് അനുവദിച്ച പ്ലോട്ടിൽ കെട്ടിട നിർമാണത്തിന്റെ ഭാഗമായാണ് മരങ്ങൾ കൂട്ടത്തോടെ മുറിച്ചു മാറ്റിയത്. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വളരുന്ന മരങ്ങൾ മുറിക്കുന്നതിന് മുൻപ് ആവശ്യമായ നടപടിക്രമങ്ങളൊന്നും ബന്ധപ്പെട്ടവർ പാലിച്ചില്ലെന്ന ആരോപണം തുടക്കം മുതൽ ഉയർന്നിരുന്നു. പരാതി ഉയർന്നപ്പോൾ മുറിച്ച മരങ്ങൾ പെരിങ്ങണ്ടൂർ വില്ലേജിൽ സിഡ്കോയ്ക്ക് അനുവദിച്ച പ്ലോട്ടിൽ അവരുടെ അനുമതിയില്ലാതെ കൂട്ടിയിടുകയായിരുന്നു. രണ്ട് വർഷമായി ഇവിടെ തടികൾ വെയിലും മഴയും കൊണ്ട് ദ്രവിച്ചു ചിതലരിച്ചു നശിക്കാൻ തുടങ്ങിയിരുന്നു.
തങ്ങളുടെ പ്ലോട്ടിൽ അനുമതിയില്ലാതെ കൂട്ടിയിട്ടിരിക്കുന്ന തടികൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സിഡ്കോ പരാതി നൽകിയെങ്കിലും അധികൃതർ അനങ്ങിയില്ല. ഉണങ്ങിയ മരങ്ങൾ സമീപമുള്ള വ്യവസായ യൂണിറ്റുകൾക്ക് അഗ്നിബാധ ഭീഷണി ഉയർത്തുന്നതായി പരാതി ഉയർന്നതോടെയാണ് മരം ലേലം ചെയ്ത് നീക്കുന്നതിന് നടപടികൾ ആരംഭിക്കാൻ അധികൃതർ നിർബന്ധിതരായത്.വ്യവസായ പാർക്കിൽ നിന്ന് അനധികൃതമായി മരം മുറിച്ചു കടത്താനുള്ള നീക്കത്തെക്കുറിച്ച് വിജിലൻസ് വിഭാഗം അന്വേഷിക്കണമെന്ന് ഡിസിസി സെക്രട്ടറി കെ.അജിത്ത് കുമാർ ആവശ്യപ്പെട്ടു.