
രഹസ്യങ്ങൾ പുറത്തുവിടാതെ ഇരുവിഭാഗവും; ഒരു കാര്യത്തിൽ ഉറപ്പു നൽകുന്നു: കുടമാറ്റത്തിലെ ‘കുടകൾ കണ്ടു മതിയാവില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ നിറക്കാഴ്ചകളുടെയും ശബ്ദങ്ങളുടെയും ആഘോഷമാണ് തൃശൂർ പൂരം. വർണങ്ങൾ വാരിച്ചൂടുന്ന ഈ പൂരമാമാങ്കം കുടമാറ്റമില്ലാതെ അപൂർണം. പൂരത്തിന്റെ അണിയറ വിശേഷങ്ങളിലേക്കു കയറിച്ചെല്ലുമ്പോൾ കാണുന്നത് പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും കുട നിർമാണത്തിന്റെ അവസാന മിനുക്കുപണികളാണ്. വടക്കുംനാഥനെ സാക്ഷിയാക്കി ഇരുക്ഷേത്രങ്ങളുടെയും വ്യത്യസ്ത കുടകൾ 30 ഗജവീരൻമാർക്കു മുകളിൽ മാറിമാറി ആകാശത്തോളം വിരിഞ്ഞു നിൽക്കുമ്പോൾ ജനസാഗരം ആവേശത്താൽ ഇളകി മറിയും. കാരണം കുടമാറ്റത്തിനു മാത്രം പ്രത്യേകം ആരാധകരുണ്ട്.
കുടയുടെ തലപ്പത്തെ മകുടം മുതൽ കുടക്കാൽ വരെ നിർമിക്കണം. വലിയ അധ്വാനം ആവശ്യമുള്ള ജോലിയാണ്. മൂന്നുമാസമാണ് കുടകളുടെ നിർമാണത്തിനു വേണ്ടി മാത്രം മാറ്റിവയ്ക്കുന്നത്. കുടയ്ക്കാവശ്യമുള്ള തുണിത്തരങ്ങൾ കണ്ടെത്തുന്നത് തൊട്ടു തുടങ്ങുന്നു ഒരുക്കങ്ങൾ.വെൽവെറ്റ്, ഒഗൻഡി, ടിഷ്യു, ബ്രോക്കേഡ്, ഫാറ്റിൻ, പ്രിന്റഡ് തുണിത്തരങ്ങൾ തുടങ്ങിയവയാണ് ഉപയോഗിക്കുക. ആറു വർഷത്തോളമായി ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് തുണിത്തരങ്ങൾ കൊണ്ടുവരുന്നത്. ഇതിൽ പ്രിന്റഡ് തുണികൾ കുത്താമ്പുള്ളിയിൽ നിന്ന് കൊണ്ടുവരും.തുണികൾ കുടയ്ക്കു പാകത്തിനു 12 പാളികളായി വെട്ടും. പിന്നെയത് ചേർത്തുവച്ച് കൈക്കൊണ്ടു തുന്നണം. അതിനു മുൻപ് കുടയുടെ ചട്ടക്കൂട് തയാറാക്കും.
12 ചൂരലുകൾ ഇരുപത്തിയെട്ടര ഇഞ്ചിൽ മുറിച്ച് പാകമാക്കി ചേർത്തു കെട്ടിയാണ് ചട്ടക്കൂടുണ്ടാക്കുക. ചൂരലിന്റെ അറ്റങ്ങൾ ചേർത്തു കെട്ടുന്ന മരത്തടിയുടെ അറ്റത്ത് പിച്ചള കൊണ്ട് ചുറ്റുന്നതു കാണാം. അതിലാണ് കുടക്കാൽ പിടിപ്പിക്കുക. ചട്ടക്കൂടിനു മുകളിൽ പാളിയാക്കി വെട്ടി തുന്നിച്ചേർത്ത തുണി കൊണ്ട് മൂടും. തുണിയുടെ അറ്റങ്ങളിലെ ചെറിയ പോക്കറ്റുകളിലേക്ക് ചൂരൽ ഓരോന്നായി ഇറക്കും. അങ്ങനെ 14 മീറ്റർ ചുറ്റളവിൽ കുടകൾ വിടർന്നു നിൽക്കും. ഒരേ പോലുള്ള 15 കുടകളാണ് ഒരു സെറ്റിൽ ഉണ്ടാകുക. ഭഗവതിയുടെ തിടമ്പേറ്റുന്ന ആനയുടെ കുടയ്ക്കു മാത്രം വ്യത്യാസം ഉണ്ടാകും. ചൂരലിനു പകരം നാഗപത്തിയുണ്ടാകും. 12 സർപ്പങ്ങൾ പത്തിവിടർത്തിയ രൂപങ്ങൾ. വലുപ്പത്തിലും നിറത്തിലും ബാക്കി 14 കുടകളെ അപേക്ഷിച്ച് കുറച്ചു വ്യത്യാസങ്ങൾ കാണാം.
ഓരോ കുടയ്ക്കും 10 കിലോഗ്രാം മുതൽ ഭാരമുണ്ടാകും. അതിനെ അലങ്കരിക്കാൻ സ്വർണ– വെള്ളി നിറങ്ങളിൽ അലുക്കുകളും ഉണ്ടാകും. കുടയുടെ തലപ്പത്ത് മകുടമാണ്. അതും വെള്ളിയിലോ സ്വർണത്തിലോ ആയിരിക്കും. പ്രധാന കുടയ്ക്കു മുകളിൽ താഴികക്കുടമാകും. തുണിയിൽ അലുക്കും തൊങ്ങലും ചേർത്ത് പലതരത്തിലുള്ള ഡിസൈനുകൾ ഉണ്ടാകും. കുട നിർമാണത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയും അതുതന്നെ. ഒരു കുടയ്ക്ക് 12 അടിയാണ് ഉയരം. കുടക്കാലിനു മാത്രം 9 അടി. പക്ഷേ, കുടമാറ്റത്തിൽ തിരുവമ്പാടിയും പാറമേക്കാവും കൊണ്ടുവരുന്ന സർപ്രൈസിനാണ് കാണികൾ കാത്തിരിക്കുന്നത്.