തൃശൂർ ∙ ധനുമാസത്തിലെ തിരുവാതിരനാൾ വരെ വടക്കുന്നാഥനു മുൻപിലെ പ്രാർഥന കൂടിയാണ് തിരുവാതിരക്കളി. പല ദേശങ്ങളിൽനിന്നു സ്ത്രീകൾ തുളസിക്കതിർ ചൂടി സെറ്റുസാരി അണിഞ്ഞ് ദേവനു മുൻപിൽ തിരുവാതിരയാടുന്നത് എല്ലാവർഷവും പതിവാണെങ്കിലും നാലായിരത്തഞ്ഞൂറോളം അംഗങ്ങളാണ് ഇത്തവണത്തെ ആതിരോത്സവത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ വർഷം 295 ടീമുകളാണ് ഉണ്ടായിരുന്നതെങ്കിൽ നാനൂറ്റൻപതോളം ടീമുകളാണ് ഇന്നലെവരെ പങ്കെടുത്തത്.
ഇതാദ്യമായാണ് ഇത്രയധികം ടീമുകൾ എത്തുന്നതെന്നു തിരുവമ്പാടി ദേവസ്വം ബോർഡ് ഉപദേശക സമിതി പ്രസിഡന്റ് കെ.എ.മനോജ് കുമാർ പറഞ്ഞു. വിവിധ പ്രായത്തിലുള്ളവരും ഇക്കുറി ആതിരോത്സവത്തിന്റെ ഭാഗമായി.
പതിവിൽ നിന്നു മാറി ഈ വർഷം പൊലീസുകാരുടെ നേതൃത്വത്തിൽ 3 ടീമുകളാണ് തിരുവാതിര അവതരിപ്പിച്ചത്.
പൊലീസ് അക്കാദമിയുടെ നേതൃത്വത്തിലും ഈസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും ട്രാഫിക് എസ്ഐയുടെ നേതൃത്വത്തിലും ടീമുകളെത്തി. കോർപറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഇത്തവണ തിരുവാതിര അവതരിപ്പിച്ചു.
ജില്ലാ കോടതി ജഡ്ജിമാരും അഭിഭാഷകരും അടങ്ങുന്ന സംഘവും അഭിഭാഷക സംഘടനയുടെ നേതൃത്വത്തിലുള്ള സംഘവും എത്തി.
70 വയസ്സുള്ളവർ പങ്കെടുത്ത ഗുരുവായൂർ ഉരൽപ്പുര സംഘമാണ് ഏറ്റവും പ്രായം കൂടിയവരുടെ ടീം. ചെറിയ കുട്ടികൾ അടങ്ങുന്ന സംഘങ്ങളും വിവിധ പ്രഫഷനൽ ടീമുകളും ഇത്തവണ കൂടുതൽ എത്തിയതായി ഭാരവാഹികൾ പറയുന്നു.
ഡിസംബർ 18ന് തുടങ്ങിയ ഉത്സവം ഇന്നവസാനിക്കും. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4 മുതൽ രാത്രി 10 വരെയുമാണ് അവതരണം.12 മുതൽ 14 വരെ അംഗങ്ങളാണ് ഒരു ടീമിൽ ഉണ്ടാകുക.
റസിഡന്റ്സ് അസോസിയേഷനും ക്ലബുകളും സ്ത്രീ കൂട്ടായ്മകളും കൂടുതലായി പങ്കെടുക്കാൻ തുടങ്ങിയതാണ് തിരുവാതിരയുടെ തിരിച്ചുവരവിന്റെ പ്രധാന കാരണമെന്ന് ഭാരവാഹികൾ പറഞ്ഞു.
അറുന്നൂറിലേറെ അപേക്ഷകളാണ് ഇക്കുറി എത്തിയത്. നേരത്തേ പ്രചാരണം നൽകിയതും ഒട്ടേറെപ്പേർ പങ്കെടുക്കാൻ കാരണമായി.
തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽനിന്നു പോലും അപേക്ഷകൾ എത്തി. തിരുവാതിരക്കളിക്കായി ഇത്തവണ സമയം വർധിപ്പിച്ചു; അവതരണ ദിവസങ്ങളും കൂട്ടി. കൃത്യമായി ടീമുകളെ ഏകീകരിച്ചു.
അവധി ദിവസങ്ങൾ വന്നതും അവസരമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

