
തൃശൂർ∙ കലക്ടറേറ്റ് പടിക്കൽ എന്താണ് നടക്കുന്നത്?മിക്ക ദിവസങ്ങളിലും സമരവും ധർണയും മാത്രമാകും വല്ലപ്പോഴും ഈവഴി വന്നുപോകുന്നവർ കാണുന്നത്.എന്നാൽ, ആളുകളെ ഇടിച്ചും കുത്തിയും പരുക്കേൽപിക്കുക, വാഹനങ്ങൾ മറിച്ചിടുക, വീടുകൾക്ക് നാശനഷ്ടം ഉണ്ടാക്കുക, രാത്രി ഇരുട്ടിൽ നടുറോഡിൽ നിന്ന് അപകടമുണ്ടാക്കുക, ബസ് സ്റ്റോപ്പിൽ കയറിക്കിടക്കുക… അങ്ങനെ കലക്ടറും പൊലീസും കോടതിയുമൊക്കെ ചുറ്റുമുണ്ടെങ്കിലും രാത്രിയെന്നോ പകലെന്നോ കൂസലില്ലാതെ അരങ്ങുവാഴുന്ന ഒരു കൂട്ടരുണ്ട്. കോടതി വളപ്പും കലക്ടറേറ്റ് പരിസരവും റോഡും വീടുമെല്ലാം കയ്യേറി നടക്കുകയും കിടക്കുകയും ചെയ്യുന്ന നാൽക്കാലികൾ!
ഇവയുടെ കുത്തും ഇവയ്ക്കെതിരെയുള്ള എഴുത്തുകുത്തും കാലങ്ങളായി തുടരുകയാണ്.
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മേയർക്കും സെക്രട്ടറിക്കും സിവിൽ സ്റ്റേഷൻ കൗൺസിലർ സുനിത വിനു പല തവണയാണ് കത്തു നൽകിയത്. വിഷയം രണ്ടു തവണ കൗൺസിലും പരിഗണിച്ചു.
പ്രദേശവാസിയും പൊതുപ്രവർത്തകനുമായ ജയിംസ് മുട്ടിക്കലും ബന്ധപ്പെട്ടവർക്കു നിവേദനം നൽകി.എന്നിട്ടെന്തുണ്ടായി? ‘ആകെ നടന്നത്’ നാൽക്കാലികൾ മാത്രം. പരാതിക്കാർ ഇപ്പോഴും നടപ്പു തുടരുകയാണ്.
ബാക്കി ‘പരിസരവാസി’കളുടെ കത്തിൽ…
ബഹു. മേയർ/സെക്രട്ടറി
കാളക്കൂറ്റന്മാരും കന്നുകാലികളും കിടാങ്ങളും ഉൾപ്പെടെ അയ്യന്തോളിൽ അലഞ്ഞുതിരിയുന്ന നാൽക്കാലികളുടെ ശല്യം നാൾക്കുനാൾ കൂടുകയാണ്.
കോടതി–സിവിൽ സ്റ്റേഷൻ വളപ്പിലും മോഡൽ റോഡിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കയറി ഇവ പല നാശനഷ്ടങ്ങളും വരുത്തുന്നു. നടന്നും ഇരുചക്ര വാഹനങ്ങളിലും പോകുന്നവർക്കു നേരെ പാഞ്ഞടുക്കുന്നതും പതിവാണ്.
ബസിറങ്ങി നടക്കുകയായിരുന്ന സിവിൽ സ്റ്റേഷൻ ജീവനക്കാരിയെ വർഷങ്ങൾക്കു മുൻപ് കുത്തി ഗുരുതരമായി പരുക്കേൽപിച്ചിരുന്നു. പള്ളിയിൽ കുർബാന കഴിഞ്ഞു മടങ്ങിയ സ്ത്രീകളെയും കുട്ടികളെയും വിരട്ടിയോടിച്ചതും ബൈക്ക് യാത്രികരായ ദമ്പതികൾക്കു നേരെ പാഞ്ഞടുത്തതും ഈയിടെയാണ്.
രാത്രികാലങ്ങളിൽ നടുറോഡിൽ നിലയുറപ്പിക്കുന്ന കാളക്കൂറ്റന്മാരെ കണ്ട് ഭയന്നും കാണാതെ വന്നിടിച്ചും അപകടങ്ങളും സംഭവിക്കുന്നുണ്ട്.
റോഡിലും സമീപത്തെ ബസ് സ്റ്റോപ്പുകളിലും ആണ് കയറിക്കിടക്കുന്നത്. മഴയോ വെയിലോ കൊള്ളാതെ യാത്രക്കാർക്ക് ബസ് ഷെൽറ്ററിലും കയറിനിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്.
പരിസരത്തും നടപ്പാതയിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിലും ചാണകമാണ്. ഇതിൽ ചവിട്ടി ആളുകൾ വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ജനങ്ങൾക്കു ഭീതി പരത്തിയും നാശനഷ്ടങ്ങൾ ഉണ്ടാക്കിയും അലഞ്ഞുതിരിയുന്ന നാൽക്കാലികളെ പിടിച്ചുകെട്ടി അപകടം ഒഴിവാക്കണം.പ്രതീക്ഷയോടെ നാട്ടുകാരുടെ സംഘം
ബഹുമാനപ്പെട്ട കലക്ടർക്ക്,
മഴയായാലും വെയിലായാലും അലഞ്ഞുതിരിയാനാണ് ഞങ്ങളുടെ വിധി. നാഥനില്ലാത്ത ഞങ്ങൾ എങ്ങോട്ടു പോകാൻ? ഞങ്ങളെ പിടിച്ചുകെട്ടാനും വാസമൊരുക്കാനും പലവട്ടം ചർച്ചകൾ നടന്നതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല.
കൗൺസിലർ നൽകിയ പരാതിയെ തുടർന്ന് രണ്ടു വട്ടം നിങ്ങൾ കൗൺസിലിൽ ഞങ്ങളുടെ വിഷയം അവതരിപ്പിച്ചെന്നു കേട്ടു. നഗരസഭയ്ക്കു കീഴിൽ ഇരുപത്തഞ്ചോളം നാൽക്കാലികൾ ഉള്ളതിനാൽ ഞങ്ങളെ പിടിച്ചുകെട്ടി സംരക്ഷിക്കുകയെന്നത് വലിയ ബാധ്യതയാണെന്നാണ് നിങ്ങൾ പറഞ്ഞത്.
പിടിച്ചുകെട്ടി സന്നദ്ധ സംഘടനകൾക്കു കൈമാറാനും അതുവരെ അയ്യന്തോൾ മൂരിച്ചന്തയിൽ താൽക്കാലിക സംവിധാനമൊരുക്കി സംരക്ഷിക്കാനും 2 വർഷം മുൻപ് തീരുമാനിച്ചിട്ട് എന്തായി? 2 ദിവസം മുൻപും വെറ്ററിനറി സർജൻ സ്ഥലത്തെത്തി. അയ്യന്തോൾ വനിത ഇൻഡോർ സ്റ്റേഡിയത്തിന്റെയോ അങ്ങയുടെ (കലക്ടർ) ഔദ്യോഗിക വസതിക്കു പിറകിലെ ആളൊഴിഞ്ഞ ക്വാർട്ടേഴ്സ് പരിസരത്തോ വാക്സിനേഷനു ശേഷം താൽക്കാലിക വേലി കെട്ടി സംരക്ഷിക്കാം എന്നൊക്കെ പറയുന്നതു കേട്ടിരുന്നു.
ഞങ്ങൾ 41 പേരുണ്ടെന്ന് നിങ്ങൾ തന്നെയാണ് കണക്കെടുത്തു പോയത്. കിടാങ്ങളെയും കൊണ്ട് അലഞ്ഞു മടുത്തു.
ഞങ്ങൾക്കൊരു വാസസ്ഥാനം ഒരുക്കാൻ അധികൃതർക്കോ സന്നദ്ധ പ്രവർത്തകർക്കോ ദയവുണ്ടാകണം. പ്രതീക്ഷയോടെ നാൽക്കാലി സംഘം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]