
പകരം വഴിയൊരുക്കാതെ ദേശീയപാത നിർമാണം; പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തണമെന്ന് ആവശ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി/ പാലിയേക്കര ∙ അഞ്ച് സ്ഥലങ്ങളിൽ അടിപ്പാത നിർമാണം നടക്കുന്ന മണ്ണുത്തി– ഇടപ്പള്ളി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലിയേക്കരയിലെ ടോൾ പിരിവ് പണി തീരും വരെ നിർത്തിവയ്ക്കണമെന്ന് ആവശ്യമുയരുന്നു. തിരക്കുള്ള സമയങ്ങളിൽ ഒരു മണിക്കൂർ വരെ യാത്രക്കാർ ഗതാഗതക്കുരുക്കിൽപെടുകയാണ്. ടോൾ നൽകുന്ന യാത്രക്കാർക്ക് മുടക്കുന്ന പണത്തിനനുസരിച്ച് ഗുണം ലഭിക്കുന്നില്ലെന്നു മാത്രമല്ല, ബുദ്ധിമുട്ട് പലമടങ്ങ് കൂടുകയും ചെയ്തു. ദേശീയപാത 544ൽ ആമ്പല്ലൂർ, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര, കറുകുറ്റി ജംക്ഷനുകളിലാണ് അടിപ്പാത നിർമാണം.
മുരിങ്ങൂർ മുതൽ പൊങ്ങം വരെ എന്നും ഗതാഗതക്കുരുക്കാണ്. പ്രത്യേകിച്ചും രാവിലെയും വൈകിട്ടും. ശനി, തിങ്കൾ ദിവസങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട സ്ഥിതി. വാഹനങ്ങളിൽ വിമാനത്താവളത്തിൽ പോകുന്നവരും ജോലിക്കുള്ള ഇന്റർവ്യൂവിനു പോകുന്നവരും ആശുപത്രികളിൽ പോകുന്നവരും പരീക്ഷകൾക്കു പോകുന്നവരും ഉണ്ട്. ഇവർക്ക് കൃത്യസമയത്ത് എത്താനാകില്ലെങ്കിൽ വിമാനവും ജോലിയും ജീവനും പരീക്ഷാ വിജയവും നഷ്ടപ്പെടും എന്നതാണു സ്ഥിതി. മാസങ്ങളായി ഇതാണ് അവസ്ഥ. പരിഹാരത്തിന് അധികൃതർ ശ്രദ്ധ കൊടുക്കുന്നില്ല.
പ്രതിഷേധങ്ങൾ അതിശക്തമാണെങ്കിലും അവഗണിക്കുകയാണു ദേശീയപാത അതോറിറ്റിയും നിർമാണമേറ്റെടുത്ത കരാർ കമ്പനിയും. സർവീസ് റോഡുകളെ ഗതാഗതയോഗ്യമായ ബദൽ പാതകളായി വികസിപ്പിക്കാതെ ദേശീയപാതയിൽ നിന്നു വാഹനങ്ങൾ തിരിച്ചുവിടാൻ തീരുമാനിച്ചതാണ് രൂക്ഷമായ ഗതാഗതക്കുരുക്കിനു കാരണം. ഡ്രെയ്നേജ് നിർമാണവും വിവാദത്തിലായി. പലവട്ടം പൊളിച്ചു പണിത കാനകളും അവയ്ക്കു മുകളിൽ സ്ഥാപിച്ച സ്ലാബുകളും വീണ്ടും മാറ്റേണ്ട സ്ഥിതിയിലാണ്. സ്ലാബുകൾക്കു മുകളിലൂടെ ഭാരവാഹനങ്ങളുടെ യാത്ര പോലും സാധ്യമാകുമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെയും കരാറുകാരുടെയും ഉറപ്പ്. എന്നാൽ, ഇരുചക്ര വാഹനങ്ങൾ കയറിയാൽ പോലും തകർന്ന സ്ഥിതിയായപ്പോൾ പ്രതിഷേധമുയർന്നു. ദേശീയപാത അതോറിറ്റിയുടെ എൻജിനീയറിങ് വിഭാഗം ഗുണനിലവാര പരിശോധന നടത്തുന്നില്ലെന്ന പരാതിയും ശക്തമാണ്.
സ്ലാബ് പോലും പണിയാനറിയാത്തവർ പാലം പണിതാൽ എങ്ങനെ വിശ്വസിച്ചു യാത്ര ചെയ്യുമെന്നു ജനം ചോദിക്കുന്നു. ദേശീയപാതയിൽ കൊരട്ടി ജംക്ഷനിൽ മേൽപാലം നിർമാണത്തിന്റെ ഡിസൈനിനെക്കുറിച്ചും ഗുണനിലവാരത്തക്കുറിച്ചും പരാതി ഉയർന്നതോടെ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പണി നിർത്തിവയ്പ്പിച്ചിരിക്കുകയാണ്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടി) വിദഗ്ധർ റിപ്പോർട്ട് സമർപ്പിച്ച ശേഷം മാത്രമേ നിർമാണം പുനരാരംഭിക്കൂ എന്നു പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ അറിയിച്ചു. നാളെയോ മറ്റന്നാളോ എൻഐടി റിപ്പോർട്ട് ലഭിക്കുമെന്നാണു കരുതുന്നത്.
നിർമാണത്തിലെ മെല്ലെപ്പോക്കിനെതിരെ നേരത്തേതന്നെ കരാറുകാർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നതായും ദേശീയപാത അതോറിറ്റി അറിയിച്ചു. 60 മീറ്റർ നീളമുള്ളതും 3 തൂണുകളിലുള്ളതുമായ മേൽപാലമാണു കൊരട്ടിയിൽ നിർമിക്കുന്നത്. മഴക്കാലത്തിനു മുൻപ് സർവീസ് റോഡുകൾ പൂർത്തിയാക്കിയില്ലെങ്കിൽ ഗതാഗതം പൂർണമായും തടസ്സപ്പെടും.