
മാസം ഒരു കോടിയിലേറെ രൂപ ലഭിക്കുന്ന ഗുരുവായൂരിലെ ഭണ്ഡാരത്തിൽ തീപടർന്നു; നോട്ടുകൾ കത്തിനശിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗുരുവായൂർ ∙ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു സമീപത്തെ ഒന്നാം നമ്പർ പ്രധാന ഭണ്ഡാരത്തിനു മുകളിൽ വെൽഡ് ചെയ്യുന്നതിനിടെ തീപ്പൊരി അകത്തു വീണ് നോട്ടുകൾ കത്തിനശിച്ചു. ഭണ്ഡാരത്തിനകത്ത് നിന്നു പുക വരുന്നതു കണ്ട് ജീവനക്കാർ ഉടൻ വെള്ളമൊഴിച്ച് തീയണച്ചു. ഭണ്ഡാരം തുറന്ന് മുഴുവൻ നോട്ടുകളും 130 കുട്ടകങ്ങളിലാക്കി സുരക്ഷിത മുറിയിലേക്ക് മാറ്റി. നനഞ്ഞ നോട്ടുകൾ ഉണക്കുന്നതിനുള്ള സംവിധാനം ചെയ്തു. ക്ഷേത്ര ശ്രീകോവിലിനു സമീപത്തെ ഈ ഒരൊറ്റ ഭണ്ഡാരത്തിൽ നിന്ന് ഒരു മാസം ഒരു കോടിയിലേറെ രൂപ ലഭിക്കാറുണ്ട്.
ക്ഷേത്ര ശ്രീകോവിലിനു ചുറ്റും ചുമർചിത്രം നവീകരിക്കുന്നതിനായി ഭണ്ഡാരം മാറ്റിയിട്ടപ്പോൾ ഭണ്ഡാരത്തിന്റെ മുകളിൽ മഴ നനയാതെ ഉണ്ടാക്കിയ മുഖപ്പ് മുറിച്ചു മാറ്റിയിരുന്നു. മഴക്കാലത്തിനു മുൻപായി ഈ ഭാഗം വെൽഡ് ചെയ്ത് ഉറപ്പിക്കുന്നതിനിടെയാണ് തീപിടിച്ചത്. സംഭവം അറിഞ്ഞ് എത്തിയ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഫിനാൻസ് കെ.ഗീത, ഹൈക്കോടതി നിരീക്ഷകൻ മുകുന്ദരാജ എന്നിവരുടെ സാന്നിധ്യത്തിൽ നോട്ടുകൾ പൂർണമായും കുട്ടകങ്ങളിലാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്ന് ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നഷ്ടം കണക്കാക്കും. 7നു ഭണ്ഡാരം എണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം തുറക്കുന്ന ഭണ്ഡാരമാണിത്.