തൃശൂർ ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിനു പ്രൗഢിയോടെ ആതിഥ്യമരുളാൻ സാംസ്കാരിക നഗരം ഒരുങ്ങുന്നു. 14 മുതൽ 18 വരെ നടക്കുന്ന കലോത്സവത്തിന്റെ പ്രധാന പന്തലുകളുടെ നിർമാണം തേക്കിൻകാട് മൈതാനിയിൽ പുരോഗമിക്കുകയാണ്.
കലോത്സവത്തിന്റെ ഉദ്ഘാടന–സമാപന സമ്മേളനങ്ങളടക്കം നടക്കുന്ന പ്രധാന വേദിയായ മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിലും നായ്ക്കനാൽ പരിസരത്തുമാണ് ആധുനിക രീതിയിലുള്ള ജർമൻ പന്തലുകൾ നിർമിക്കുന്നത്.
തിരുവനന്തപുരം സ്വദേശി വിജയകുമാറും മകളും ആർക്കിടെക്ടുമായ ഗ്രീഷ്മയുമാണ് പന്തലുകൾ ഒരുക്കുന്നത്. 25 പന്തലുകളാണ് ഇവർ കലോത്സവത്തിനായി തേക്കിൻകാട് മൈതാനിയിലും ചുറ്റുവട്ടത്തുമായി നിർമിക്കുക.
10നകം പന്തലുകളുടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാൽ എല്ലായിടത്തും ഒരുമിച്ച് ജോലികൾ നടക്കുന്നുണ്ട്.
ഇരുനൂറോളം തൊഴിലാളികളാണ് പന്തൽ നിർമാണത്തിനായി എത്തിയത്. പ്രധാന വേദിയിൽ ഗ്രീൻ റൂം, ശുചിമുറികൾ തുടങ്ങിയവയുമുണ്ടാകും.
ജർമൻ പന്തലുകൾ
ആധുനിക രീതിയിലുള്ള അലുമിനിയം ജർമൻ ഹാങ്ങർ ടെന്റ് പന്തലുകളാണ് കലോത്സവത്തിനായി ഒരുക്കുന്നത്.
കാറ്റത്ത് മറിഞ്ഞു വീഴുകയോ തീപിടിക്കുകയോ ചെയ്യില്ലെന്നതാണ് പ്രത്യേകത. അലുമിനിയം ചട്ടക്കൂടിൽ പിവിസി കോട്ടിങ് ഉള്ള ഷീറ്റ് ഉപയോഗിച്ചാണ് മേൽക്കൂര തീർക്കുന്നത്.
വളരെ വേഗം പന്തൽ നിർമിക്കാനും കഴിയും. കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്തു നടന്ന കലോത്സവത്തിലും ജർമൻ പന്തലുകളാണ് ഉപയോഗിച്ചത്.
ആകെ 25 വേദികൾ
സ്കൂളുകളിലടക്കം നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ആകെ 25 വേദികളിലാണ് മത്സരങ്ങൾ.
5 ദിവസങ്ങളിലായി 239 ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കും. പ്രധാന വേദിയിൽ പൊതു സമ്മേളനങ്ങൾ കൂടാതെ മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം തുടങ്ങിയവ അരങ്ങേറും. സംസ്കൃത കലോത്സവം ചെമ്പൂക്കാവിലെ ജവാഹർ ബാലഭവനിലും അറബിക് കലോത്സവം സിഎംഎസ് എച്ച്എസ്എസിലുമാണ്.
കലോത്സവ ഭക്ഷണം 13 മുതൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്നവർക്കു 13ന് രാത്രി മുതൽ ഭക്ഷണം നൽകാൻ കലോത്സവ ഭക്ഷണ കമ്മിറ്റി യോഗം തീരുമാനിച്ചു.
കമ്മിറ്റി ചെയർമാൻ സനീഷ്കുമാർ ജോസഫ് എംഎൽഎയുടെയും കലക്ടർ അർജുൻ പാണ്ഡ്യന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം.
പാലസ് ഗ്രൗണ്ടാണ് ഭക്ഷണ വിതരണത്തിനായി ക്രമീകരിക്കുക. ഭക്ഷണം പാചകം ചെയ്യുന്നതും നൽകുന്നതുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങൾ കോർപറേഷൻ, ശുചിത്വ മിഷൻ, ജല അതോറിറ്റി, പൊലീസ്, ജില്ലാ മെഡിക്കൽ ഓഫിസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, അഗ്നിരക്ഷാ സേന എന്നീ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി കാര്യക്ഷമമാക്കാൻ കലക്ടർ നിർദേശിച്ചു.
മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് കോർപറേഷൻ നേതൃത്വം നൽകും. ഹരിതചട്ടം പാലിച്ച് കലോത്സവം സംഘടിപ്പിക്കുന്നതിനായി 1000 ഗ്രീൻ വൊളന്റിയർമാരെ ശുചിത്വ മിഷൻ നിയോഗിക്കും. തരംതിരിച്ച് മാലിന്യം ശേഖരിക്കുന്നതിനു ശുചിത്വമിഷൻ നടപടികൾ സ്വീകരിക്കും.
കലവറയിലും ഭക്ഷണശാലയിലും ആവശ്യമായ പൊലീസ് സേവനവും ഉറപ്പാക്കും.
പാചകക്കാരുടെ ഹെൽത്ത് കാർഡ് പരിശോധന, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകൾ തുടങ്ങിയവ ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു. കമ്മിറ്റി കൺവീനർ സജു ജോർജ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം.
ബാലകൃഷ്ണൻ, ഡിഡിഇ ഓഫിസ് പ്രതിനിധി സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

