ചാവക്കാട്∙ നമ്മൾ മാത്രം ഓണം കണ്ടാൽ പോരാ, എല്ലാവരും ഓണം കാണണമെന്നാണ് ഈ കൂട്ടായ്മ ആഗ്രഹിച്ചത്. 165 പേരുടെ നേത്രപടലം എടുത്ത് 330 പേർക്ക് കാഴ്ച നൽകിയ വാടാനപ്പള്ളി സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയാണ് കാഴ്ചയുടെ ഓണനിലാവ് പരത്തുന്നത്. 2017ൽ ആരംഭിച്ചെങ്കിലും 2022 മുതലാണ് സംഘടന കൂടുതൽ സജീവമായ പ്രവർത്തനം തുടങ്ങിയത്.
സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ചർച്ച് വാടാനപ്പള്ളി സമ്പൂർണ നേത്രദാന ഇടവകയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇൗ കൂട്ടായ്മ കാഴ്ചയില്ലാത്തവർക്ക് സ്നേഹത്തിന്റെ പ്രകാശം പരത്തി മുന്നേറി.
ഇടവകയുടെയും മതത്തിന്റെയും അതിരുകളെയും മായ്ച്ചാണ് ഇവരുടെ പ്രവർത്തനം . 248 കുടുംബങ്ങളിലെ 1200 പേർ ഇതിനകം സമ്മതപത്രം നൽകി കഴിഞ്ഞു.
നേത്രദാനം ചെയ്തവരിൽ 70 ശതമാനത്തിലേറെപ്പേർ അക്രൈസ്തവ വിഭാഗമാണ് എന്നും ഭാരവാഹികൾ പറഞ്ഞു. സെപ്റ്റംബർ 8വരെ ദേശീയ നേത്രദാന പക്ഷാചരണം നടത്തുമ്പോൾ ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ച് കൂടുതൽ ജനങ്ങളിലേക്ക് നേത്രദാനത്തിന്റെ പ്രാധാന്യം അറിയിക്കുന്നു.
സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ സംഘടന സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ചർച്ച് വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ നേത്രദാനം ചെയ്ത കുടുംബങ്ങളെ ആദരിക്കുന്ന സമ്മേളനം 7ന് നടക്കും.
രാവിലെ 10ന് സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യും. എസ്എൻഡിപി, പ്രദേശത്തെ ക്ലബ്ബുകൾ, വ്യാപാരികൾ, മരണാനന്തര സമിതികൾ എന്നിവരുടെ സഹായവും നേത്രദാന പദ്ധതിക്ക് ലഭിക്കുന്നുണ്ട്.
മരണം നടന്ന വീടുകളിലെത്തി സംഘടന കണ്ണുകൾ എടുക്കും.
തൃശൂർ മെഡിക്കൽ കോളജ്, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. നേത്രദാന സമിതി കൺവീനർ പി.എഫ്.ജോയ്, വികാരി ഫാ.ഏബിൾ ചിറമ്മൽ, എം.ടി.ഫ്രാൻസിസ്, പി.വി.ലോറൻസ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി. പോസ്റ്റ്മോർട്ടം കേസുകളിൽ പൊലീസ് അധികാരികൾ സാങ്കേതികത്വം പറഞ്ഞ് സമ്മതം നൽകാത്തതിനാൽ നേത്രപടലം എടുക്കാനാകില്ലയെന്നത് ബുദ്ധിമുട്ടാണെന്ന് കൺവീനർ പി.എഫ്.ജോയ് പറഞ്ഞു.
നിയമസഭ സബ്ജക്ട് കമ്മിറ്റിയെയും പ്രതിപക്ഷ നേതാവിനെയും വിഷയം ധരിപ്പിച്ചിട്ടുണ്ട്.
ജില്ലയിൽ ഏറ്റവും അധികം കണ്ണുകൾ ദാനം ചെയ്തത് ഇൗ സംഘടനയാണ് എന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. സ്കൂൾ പാഠ്യപദ്ധതികളിൽ അവയവദാനം മരണശേഷം ബുദ്ധിമുട്ടില്ലാതെ ചെയ്യാവുന്ന നേത്രദാനം എന്നിവ ഉൾപ്പെടുത്തണമെന്നും സംഘടന ഭാരവാഹികൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]