
മോട്ടർ വാഹന ചെക്കിങ് ചോർത്താൻ ടിപ്പർ ലോറി ഡ്രൈവർമാരുടെ ‘സൂപ്പർ നിരീക്ഷണ’ സംഘം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ റോഡുകളിൽ മോട്ടർ വാഹന വകുപ്പ് പരിശോധന നിരീക്ഷിക്കാൻ ടിപ്പർ ലോറി ഡ്രൈവർമാരുടെ ‘സൂപ്പർ നിരീക്ഷണ’ സംഘം ജില്ലയിൽ വ്യാപകം. മോട്ടർ വാഹന വകുപ്പ് വാഹനങ്ങൾ റോഡിൽ കണ്ടാൽ ആ വിവരം തങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ മെസേജ് അയയ്ക്കുകയും ഉടനെ ഡ്രൈവർമാർ ടിപ്പറുകൾ റോഡരികിൽ പൂട്ടിയിട്ട് സ്ഥലം വിടുകയും ചെയ്യുന്നത് പതിവാകുന്നു. ഇത്തരത്തിൽ മോട്ടർ വാഹന വകുപ്പിന് ചെക്കിങ് വിവരം ചോർത്തുന്നവർക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് മോട്ടർ വാഹന വകുപ്പ്. കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം എൻഎച്ച് 544ൽ നടത്തിയ മിന്നൽ പരിശോധനയിൽ 24 ഓവർലോഡ് ലോറികൾ പിടികൂടി നടപടിയെടുത്തിരുന്നു.
ഇതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിലാണ് മോട്ടർ വാഹന വകുപ്പിനെ നിരീക്ഷിക്കുന്ന രഹസ്യ ടീം ടിപ്പർ ഡ്രൈവർമാർക്കിടയിൽ പ്രവർത്തിക്കുന്നുണ്ടെന്നു കണ്ടെത്തിയത്. വാഹന പരിശോധന ഉണ്ടെന്ന് അറിഞ്ഞ് ഡ്രൈവർമാർ അമിതഭാരം കയറ്റിയ ടിപ്പർ ലോറികൾ ദേശീയപാതയിൽ ഗതാഗതതടസ്സം വരുന്ന രീതിയിൽ നിർത്തിയിട്ട് പൂട്ടി സ്ഥലം വിടുകയായിരുന്നു. ഇവർക്കെതിരെ പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചതിനും വാഹനം അപകടകരമായ രീതിയിൽ ഉപേക്ഷിച്ചു പോയതിനും ഓവർലോഡ് കയറ്റിയതിനും കേസെടുത്തിട്ടുണ്ട്.
വാഹന ഉടമകളോട് അന്നേദിവസം വാഹനം ഓടിച്ചിരുന്ന ഡ്രൈവർമാരെ എൻഫോഴ്സ്മെന്റ് ആർടിഒ മുൻപാകെ ഏഴുദിവസത്തിനുള്ളിൽ ഹാജരാക്കാൻ നിർദേശിച്ച് സമൻസ് അയച്ചിട്ടുണ്ട്. 7 ദിവസത്തിനകം ഡ്രൈവർമാരെ ലൈസൻസ് സഹിതം ഹാജരാക്കാത്ത പക്ഷം വാഹനത്തിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യുന്ന നടപടികളിലേക്ക് കടക്കും. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ റോഡ് നികുതി അടയ്ക്കാത്ത 2 ടിപ്പറുകളും ഫിറ്റ്നസ് ഇല്ലാത്ത ഒരു ടിപ്പറും പിടികൂടി. 24 കേസുകളിൽ നിന്നായി 9,38,250 രൂപ പിഴ ചുമത്തി. പരിശോധനയിൽ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ആർ.സുജിത്ത്, കെ.വിപിൻ എന്നിവർ പങ്കെടുത്തു.