സി–മെറ്റ്, കെൽട്രോൺ എന്നിവയുടെ സ്വത്തുക്കൾ ഉപയോഗപ്പെടുത്തും; ഭൂമി വീണ്ടെടുത്ത് വികസനത്തിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുളങ്കുന്നത്തുകാവ്∙ കേന്ദ്ര ഗവേഷണ വികസന സ്ഥാപനമായ സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി (സി–മെറ്റ്), പ്രവർത്തനം നിലച്ച കെൽട്രോൺ പവർ ഡിവൈസസ്, കെൽട്രോൺ റെക്ടിഫയേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗപ്പെടുത്തി വ്യവസായ വികസനത്തിനുള്ള സാധ്യത സർക്കാർ സജീവമായി പരിഗണിക്കുന്നു. സി–മെറ്റ് മതിലിനോട് ചേർന്ന് കിടക്കുന്ന കെൽട്രോണിന്റെ ഭൂമിയും കെട്ടിടവും ഇതിനായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ തലത്തിൽ പുരോഗമിക്കുന്നത്. കേരള സംസ്ഥാന ഇലക്ട്രോണിക്സ് വികസന കോർപറേഷന്റെ (കെഎസ്ഇഡിസി) സബ്സിഡിയറി യൂണിറ്റുകളായ കെൽട്രോൺ യൂണിറ്റുകൾ 2003ലാണ് പൂർണമായി പ്രവർത്തനം നിർത്തി അടച്ചു പൂട്ടിയത്.
തൃശൂർ– ഷൊർണൂർ സംസ്ഥാന പാതയോട് ചേർന്ന് അത്താണിയിൽ 5 ഏക്കറിലധികം ഭൂമിയും രണ്ട് വലിയ കെട്ടിടങ്ങളും അടങ്ങുന്ന യൂണിറ്റുകൾ നിലവിൽ ഹൈക്കോടതി നിയമിച്ച ലിക്വിഡേറ്ററുടെ നിയന്ത്രണത്തിലാണ്. ലിക്വിഡേഷൻ നടപടികൾ ഒഴിവാക്കി ഈ സ്വത്തുക്കൾ വീണ്ടെടുത്ത് സി–മെറ്റുമായി സഹകരിച്ച് വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാനാണ് സർക്കാർ നടപടി പുരോഗമിക്കുന്നത്. ഇതിനാവശ്യമായ റിപ്പോർട്ട് തയാറായി കഴിഞ്ഞു. മന്ത്രി പി.രാജീവ് സി–മെറ്റിൽ സന്ദർശനം നടത്തി വികസന സാധ്യതകളെക്കുറിച്ച് അധികൃതരുമായി ചർച്ച നടത്തി.
സി– മെറ്റിലെയും കെൽട്രോണിലെയും ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു. വികസന പ്രൊപ്പോസൽ അടിയന്തരമായി സമർപ്പിക്കാൻ മന്തി നിർദേശം നൽകി. വീണ്ടെടുക്കുന്ന സ്ഥലത്ത് സി–മെറ്റിന്റെ വികസന പദ്ധതികളും കെൽട്രോണിന്റെ നിയന്ത്രണത്തിൽ സംയുക്ത സംരംഭങ്ങളും ആരംഭിക്കുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നതെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, സി–മെറ്റ് സീനിയർ സയന്റിസ്റ്റുമാരായ ഡോ.എ.സീമ, ഡോ.എസ്.എൻ. പോറ്റി, അനിൽകുമാർ, ഡോ.ദിഗംഭർ, ഡോ.ഭാഗ്യശ്രീ, ഡോ.മുരളീധരൻ, ടി.പരമശിവം, കെൽട്രോൺ ഇലക്ട്രോ സിറാമിക്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഇ.കെ.ജേക്കബ് തരകൻ കെഎസ്ഇഡിസി സീനിയർ ലീഗൽ ഓഫിസർ വി.പ്രേം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.