
35 ഗജവീരൻമാർ അണിനിരന്നു ആവേശത്തിരയിളക്കി പറപ്പൂക്കാവ് പൂരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേച്ചേരി∙ ആഹ്ലാദാരവത്തിന്റെ ആവേശത്തിരയിളക്കി പറപ്പൂക്കാവ് പൂരം കൂട്ടിയെഴുന്നള്ളിപ്പിന്റെ മനോഹാരിതയിൽ ജനമനസുകളിൽ പെയ്തിറങ്ങി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നീങ്ങിയ എഴുന്നള്ളിപ്പുകൾ വൈകിട്ടു ക്ഷേത്രത്തിൽ കൂട്ടിയെഴുന്നള്ളിച്ചു. പോക്കുവെയിലിന്റെ പൊൻപ്രഭയിൽ നടന്ന കൂട്ടിയെഴുന്നള്ളിപ്പിൽ 35 ആനകൾ അണിനിരുന്നു. പതിനെട്ടു ദേശങ്ങൾക്കും അധിപയായ തട്ടകത്തമ്മയുടെ ദർശനത്തിനായി രാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്തജന തിരക്കായിരുന്നു. ശീവേലി എഴുന്നള്ളിപ്പിനും വിശേഷാൽ പൂജകൾക്കും ശേഷം ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിൽ അന്നദാനം നടന്നു. ഉച്ചയ്ക്ക് ആരംഭിച്ച ദേവസ്വം പൂരം എഴുന്നള്ളിപ്പിന് കൊമ്പൻ പാറന്നൂർ നന്ദൻ ഭഗവതിയുടെ തിടമ്പേറ്റി.
പഞ്ചവാദ്യമേളത്തിന് നെല്ലുവായ് ശശി, വൈക്കം ചന്ദ്രൻ എന്നിവർ നേതൃത്വം വഹിച്ചു. വൈകിട്ട് പ്രാദേശിക പൂരങ്ങൾ ഗ്രാമങ്ങളിലെ എഴുന്നള്ളിപ്പിനു ശേഷം ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. പാണ്ടിമേളത്തിന് വെള്ളിത്തിരുത്തി ഉണ്ണിനായർ നേതൃത്വം നൽകി. പിന്നീട് ക്ഷേത്രത്തിൽ നാടൻ വേലകളുടെ പ്രകടനം നടന്നു. പാണ്ടിമേളം സമാപനത്തിനു ശേഷം ശീവേലി എഴുന്നള്ളിപ്പും ഉണ്ടായിരുന്നു. രാത്രി കഥാപ്രസംഗവും അരങ്ങേറി. തുടർന്ന് വിവിധ ആഘോഷ കമ്മിറ്റിക്കാരുടെ കാവടിയാട്ടവും ക്ഷേത്രത്തിൽ പ്രവേശിച്ചു. പുലർച്ചെയും പൂരം തുടർന്നു.