
കൂട്ടിൽക്കേറ്, മടിയാണെങ്കിൽ കാട്ടിൽപ്പോ… ; പുലിപ്പേടി മൂന്നാം ആഴ്ചയിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം പുലിയുടെ കാൽപാടുകൾ കണ്ടെത്തുകയും ക്യാമറയിൽ പുലിയുടെ ദൃശ്യം പതിയുകയും ചെയ്തതിനു തൊട്ടുപിറ്റേന്ന് കാടുകുറ്റിയിൽ ജാതിമരച്ചുവട്ടിൽ വിശ്രമിക്കുന്ന നിലയിൽ പുലിയെ അതിഥിത്തൊഴിലാളി കണ്ടു. ഭയന്നു വിറച്ച തൊഴിലാളി സുഗേഷ് ഓടിരക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടോടെയാണു കാടുകുറ്റിയിലെ ചിറപ്പണത്ത് വാവച്ചന്റെ ജാതിത്തോട്ടത്തിൽ പുലിയെ കണ്ടത്. പിന്നീടു വനംവകുപ്പ് നടത്തിയ പരിശോധനയിൽ കാൽപാടുകൾ കണ്ടെത്തി പുലി തന്നെയെന്നു സ്ഥിരീകരിച്ചു.
കോട്ടക്കടവിനും മൂഴിക്കക്കടവിനും ഇടയിലുള്ള പുഴയോരഗ്രാമമായ സിമേതിപ്പടിയിലാണു സംഭവം. പുലിയെ പിടികൂടാനായി രാത്രി ഈ ഭാഗത്തു കൂട് സ്ഥാപിക്കാനാണു വനംവകുപ്പിന്റെ ശ്രമം. നേരത്തെ കാടുകുറ്റി പഞ്ചായത്തിലെ കുറുവക്കടവിൽ വീട്ടിൽ കെട്ടിയിട്ടിരുന്ന നായയെ പുലി പിടികൂടിയെന്നു കണക്കാപ്പറമ്പിൽ നന്ദിനിയും മകൻ അനീഷും അറിയിച്ചെങ്കിലും അതു പുലിയല്ലെന്നു വനംവകുപ്പ് അറിയിച്ചിരുന്നു. ഇവിടെനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് ഇന്നലെ പുലിയെ കണ്ടത്. തൊഴിലാളി പണിക്കിറങ്ങാൻ കൂട്ടാക്കാതെ വന്നതോടെ ചിറമേൽ വർഗീസ്, ചിറപ്പണത്ത് ജോജി എന്നിവർ കാവൽ നിന്നാണു ഇയാളെ പണിക്ക് നിയോഗിച്ചത്.
പുലിയുടെ കാൽപാട് 9 സെന്റീമീറ്റർ വീതിയുള്ളതാണെന്നു വാഴച്ചാൽ ഡിഎഫ്ഒ ആർ.ലക്ഷ്മി അറിയിച്ചു. രണ്ടിനും മൂന്നിനും ഇടയിൽ പ്രായമുള്ള പുലിയാകാം ഇതെന്നും ഡിഎഫ്ഒ പറഞ്ഞു. ഏകദേശം 35 കിലോയോളം ഭാരമുണ്ടാകാനും സാധ്യതയുണ്ട്. ചാലക്കുടിയിൽ കണ്ടെത്തിയ കാൽപാടുകളുടെ വലിപ്പവും ഇതു തന്നെയായതിനാൽ ഒരേ പുലിയായിരിക്കാം രണ്ടിടത്തും എത്തിയതെന്ന നിഗമനത്തിലാണു വനംവകുപ്പ്. സെമി അഡൾട്ട് വിഭാഗത്തിൽ പെടുത്താവുന്ന പുലിയാണ് ആഴ്ചകളായി കൊരട്ടി, കാടുകുറ്റി പഞ്ചായത്ത് പ്രദേശങ്ങളിലും ചാലക്കുടി നഗരസഭാ പ്രദേശത്തും ജനങ്ങളെ പരിഭ്രാന്തരാക്കി പ്രത്യക്ഷപ്പെടുന്നതെന്നും വനംവകുപ്പ് പറയുന്നു.
മാർച്ച് 14നു രാത്രിയാണു കൊരട്ടി പഞ്ചായത്തിലെ ചിറങ്ങര മംഗലശേരി റോഡിൽ പണ്ടാരിക്കൽ ധനേഷിന്റെ വീടിനുപുറത്ത് അടുക്കളയോടു ചേർന്ന ഭാഗത്തു പൂട്ടിയിട്ട നായയെ പുലി കടിച്ചെടുത്തു മതിൽ ചാടി മറഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് കൊരട്ടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യം നാട്ടുകാർ ചൂണ്ടിക്കാട്ടിയെങ്കിലും അവയൊന്നും വനംവകുപ്പ് സ്ഥിരീകരിച്ചില്ല. 24നു ചാലക്കുടി ടൗണിൽ കണ്ണമ്പുഴ റോഡിൽ അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ വീട്ടുമുറ്റത്തു കൂടി നടന്നു പോകുന്ന പുലിയുടെ സിസിടിവി ദൃശ്യം ലഭിച്ചു. 26നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആ വീടിന്റെ മുറ്റത്തും പുഴയോരത്ത് കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം തെക്കേടത്തു മനയുടെ വളപ്പിലും പുലിയുടെ കാൽപാടുകൾ കണ്ടെത്തുകയും ചെയ്തു. മിനിഞ്ഞാന്ന് ഇതേ സ്ഥലത്ത് വീണ്ടും പുലിയുടെ കാൽപാടുകൾ കണ്ടെത്തി. ഇതിനിടെ പുലിയെ കണ്ടെത്താനായി തെർമൽ ഡ്രോൺ ഉപയോഗിച്ചും തെർമൽ ക്യാമറ ഉപയോഗിച്ചു പുഴയിലൂടെ ബോട്ടിലും വനംവകുപ്പ് പുലിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ചാലക്കുടിയിൽ 2 കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. വഞ്ചിയിൽ ചാലക്കുടി മുതൽ കോട്ടാറ്റ് വരെ ഇന്നലെ തിരച്ചിൽ നടത്തി. പുഴയുടെ ഇരുകരകളും കാടുപിടിച്ചു കിടക്കുന്നതിനാൽ പുലിക്ക് എളുപ്പത്തിൽ ഒളിക്കാം.
ആർആർടി സംഘം വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് കാടുകുറ്റിയിൽ പുലിസാന്നിധ്യം സ്ഥിരീകരിക്കുന്നത്. ചാലക്കുടിയിൽ എത്തിയ പുലിയാണ് ഇതെങ്കിൽ പുഴ നീന്തിക്കടന്നാകും കാടുകുറ്റിയിൽ എത്തിയിട്ടുണ്ടാകുക. പുലിയുടെ സഞ്ചാരപാത കണ്ടെത്താനായി 40 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു. 20 എണ്ണം ചാലക്കുടി നഗരസഭാ പരിധിയിലും 20 എണ്ണം കാടുകുറ്റി പഞ്ചായത്ത് പരിധിയിലും. പറമ്പിക്കുളത്തുനിന്നു 100 ക്യാമറകളാണ് ഇതിനായി എത്തിച്ചത്. ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കും.