പാറശാല ∙ കൊട്ടിഘോഷിച്ച് നടത്തിയ മാലിന്യമുക്ത പഞ്ചായത്ത് പദ്ധതി പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. അഞ്ചു മാസം മുൻപാണ് താലൂക്കിലെ ഭൂരിഭാഗം പഞ്ചായത്തുകളും മാലിന്യ മുക്ത പദ്ധതിക്ക് തുടക്കം കുറിച്ചത്.
പഞ്ചായത്തിലെ ശുചികരണ തൊഴിലാളികളും ഹരിത കർമ സേനയും സംയുക്തമായി നടപ്പാക്കേണ്ട സംവിധാനത്തിൽ പലയിടത്തും ഏകോപനം ഇല്ലാത്തതിനാൽ മാലിന്യ നീക്കം തുടക്കത്തിലെ പാളി.
കഴിഞ്ഞ മാർച്ച് 29ന് മാലിന്യ മുക്ത പ്രഖ്യാപനം നടത്തിയ 23 വാർഡുള്ള പാറശാല പഞ്ചായത്തിൽ റോഡ് വശങ്ങളിൽ പോലും വൻ തോതിൽ ഭക്ഷണാവശിഷ്ടം, ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യം തുടങ്ങിയവ നിറഞ്ഞിട്ടുണ്ട്.
പാറശാല ഗാന്ധി പാർക്ക് ജംക്ഷനിൽ നിന്നും സബ് റജിസ്ട്രാർ ഒാഫിസിലേക്ക് പോകുന്ന റോഡ്, ചെറുവാരക്കോണം സിഎസ്ഐ ലോ കോളജിനു സമീപം തുടങ്ങിയ സ്ഥലങ്ങളിൽ നിറഞ്ഞ മാലിന്യങ്ങൾ മഴയിൽ അഴുകി ദുർഗന്ധം പടർന്നിട്ടുണ്ട്.സ്ഥിരം മാലിന്യ നിക്ഷേപ കേന്ദ്രമായ ചെറുവാരക്കോണത്ത് സിസിടിവി ക്യാമറ സ്ഥാപിച്ചാൽ പ്രശ്നത്തിനു പരിഹാരമാകുമെന്ന് ജനപ്രതിനിധികൾ അടക്കം പഞ്ചായത്തിനു നിർദേശം നൽകിയിട്ടും നടപടിയില്ല.
മാലിന്യമുക്ത പ്രഖ്യാപനത്തിനു ദിവസങ്ങൾക്ക് മുൻപ് ശൂചികരിച്ച പ്രദേശത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ മാലിന്യം നിറഞ്ഞിരുന്നു. വർഷം തോറും മാലിന്യ സംസ്കരണത്തിനു ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ടെങ്കിലും സംസ്കരണത്തിനു സംവിധാനം ഇല്ലാത്തതാണ് നിലവിലെ ദുരവസ്ഥയ്ക്കു കാരണം.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ സേന ശേഖരിക്കുന്നുണ്ട് എങ്കിലും ഭക്ഷണാവശിഷ്ടം അടക്കമുള്ളവയുടെ സംസ്കരണത്തിനു പഞ്ചായത്തുകളിൽ കാര്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല.
പാറശാല പഞ്ചായത്ത് പ്രദേശത്തെ മാലിന്യ സംസ്കരണത്തിനു വേണ്ടി പുത്തൻകട
ചന്തയ്ക്കു അകത്ത് സ്ഥാപിച്ച പ്ലാന്റ് പ്രവർത്തനം നിലച്ചിട്ട് പത്ത് വർഷം കഴിഞ്ഞു.കുളത്തൂർ പഞ്ചായത്തിൽ പെട്ട പൊഴിയൂർ പൊഴിക്കര ഭാഗത്ത് വൻ തോതിൽ മാലിന്യം നിറഞ്ഞു കഴിഞ്ഞു.തെരുവ് നായ്ക്കളുടെ വർധനയ്ക്കും പകർച്ച വ്യാധി ഭീഷണിക്കും ഇടയാക്കുന്ന മാലിന്യ പ്രശ്നം പരിഹരിക്കാൻ ചെറുകിട
സംസ്കരണ പദ്ധതികൾ ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]