തിരുവനന്തപുരം ∙ തിരുവോണത്തിന് 5 നാൾ ശേഷിക്കെ, നാടെങ്ങും ഓണാഘോഷത്തിർമിപ്പിൽ. അത്തപ്പൂക്കളം ഒരുക്കാനും പുതുവസ്ത്രം വാങ്ങാനും ജനം ഇറങ്ങിയതോടെ നഗര നിരത്തുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ബുധനാഴ്ച ആരംഭിക്കും.ഓണത്തിന് തൊട്ടുമുൻപുള്ള അവധി ദിവസമായ ഇന്നലെ രാവിലെ മുതൽ നഗരത്തിലേക്കുള്ള റോഡുകളിലെല്ലാം വാഹനങ്ങൾ കുടുങ്ങി.
പാപ്പനംകോട് നിന്നാരംഭിച്ച കുരുക്ക് തമ്പാനൂർ വരെ നീണ്ടു. തിരുമല മുതൽ തുടങ്ങിയ കുരുക്ക് അവസാനിച്ചത് വഴുതക്കാട്. എംജി റോഡിൽ കേശവദാസപുരം മുതൽ കുരുക്കായിരുന്നു.
ഗതാഗത തടസ്സം മുൻകൂട്ടിക്കണ്ട് പ്രധാന റോഡ് ഒഴിവാക്കിയവർ ഇടറോഡുകളിൽ കുരുങ്ങി. ചെറിയ ദൂരം സഞ്ചരിക്കാൻ പോലും മണിക്കൂറുകൾ വാഹനത്തിൽ ചെലവഴിക്കേണ്ട
അവസ്ഥയിലായിരുന്നു ജനം. ഓണം വാരാഘോഷം ആരംഭിക്കുന്നതോടെ ഗതാഗതക്കുരുക്ക് കുടുതൽ രൂക്ഷമാകും എന്നാണ് കണക്കുകൂട്ടൽ.
ഓണത്തിരക്ക് മുൻകൂട്ടിക്കണ്ട് മുൻ വർഷങ്ങളിലെ പോലെ ട്രാഫിക് മാനേജ്മെന്റ് പ്ലാൻ തയാറാക്കാത്തതാണ് നിരത്തുകളിൽ ജനം നരകിക്കാൻ കാരണമെന്ന് ആരോപണമുണ്ട്.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഒഴിഞ്ഞ പുരയിടങ്ങളും സർക്കാർ സ്ഥാപനങ്ങളും സ്കൂൾ, സർവകലാശാല വളപ്പുകളും ഒരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല. ഓണം വാരാഘോഷം ആരംഭിക്കുന്നതിന് മുൻപ് പാർക്കിങ് സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
ഷോപ്പിങ്ങിനായി നഗരത്തിലേക്ക് എത്തുന്നവരുടെ വാഹനങ്ങൾ റോഡരികിൽ പാർക്കു ചെയ്യുന്നതാണ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നത്.
സിഗ്നൽ ലൈറ്റുകൾ ഓഫ് ചെയ്യുന്ന പൊലീസിന്റെ നടപടിയും കുരുക്കിനു കാരണമാകുന്നുണ്ട്.യൂണിവേഴ്സിറ്റി കോളജ്, സർവകലാശാല ക്യാംപസ്, വിമൻസ് കോളജ് തുടങ്ങി ഓണക്കാലത്ത് അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളുടെ പരിസരം പാർക്കിങ്ങിനായി ഏറ്റെടുക്കണമെന്ന് ശുപാർശയുണ്ട്. പാർക്കിങ് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ മുൻകൂട്ടി പൊതുജനങ്ങളെ അറിയിച്ചാൽ വാഹനവുമായി ജനം അലയുന്നത് ഒഴിവാക്കാമെന്ന് വിലയിരുത്തുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]