
കിളിമാനൂർ∙ കരാർ തുക 40 ലക്ഷം രൂപ, കരാർ കാലാവധി 6 മാസം, 4 മാസത്തിൽ പണി ചെയ്തത് കഷ്ടിച്ച് 20 മീറ്റർ നീളത്തിൽ പാർശ്വ ഭിത്തിക്കുള്ള പാറ അടുക്ക് മാത്രം, അതും പൂർത്തിയാക്കിയില്ല. കിളിമാനൂർ പഞ്ചായത്തിൽ പത്താം വാർഡിലെ പുതിയകാവ് വർത്തൂർ പുല്ലയിൽ റോഡിന്റെ നവീകരണം നടക്കുന്നത് ഈ രീതിയിൽ ആണ്.
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് നവീകരണത്തിനു 40 ലക്ഷത്തിന്റെ കരാർ നൽകിയത് 2025 മാർച്ച് 29ന്, 6 മാസത്തെ കാലാവധി തീരാൻ ഇനി 2 മാസം.
4 മാസത്തിനുള്ളിൽ ആകെ ചെയ്ത നിർമാണം എന്നു പറയുന്നത് പുല്ലയിൽ കുന്നത്തുവാതുക്കൽ കഷ്ടിച്ച് 20 മീറ്ററിലെ പാർശ്വ ഭിത്തി നിർമാണം ആണ് അതു ഇനിയും പൂർത്തിയായില്ല. പാർശ്വ ഭിത്തിക്കായി റോഡ് വെട്ടി കുഴിച്ച മണ്ണ് റോഡിൽ നിർത്തിയതോടെ റോഡ് ചെളികണ്ടമായി മാറി.
റോഡിനു കുറുകെ പാറ ഇറക്കിയിട്ട ശേഷം പണി നടത്താതെ വന്നതോടെ പൂല്ലയിൽ റോഡിലെ ഗതാഗതം പൂർണമായി സ്തംഭിച്ചു.
മെറ്റലും ടാറും ഇളകി പോയതോടെ മഴക്കാലത്ത് റോഡ് കുളങ്ങളായും തോടായും മാറും ഈ സമയത്ത് കാൽനട
പോലും അസാധ്യമാകും. ചെളിയിൽ കുളിക്കാതെ ഇതു വഴി നടക്കാൻ കഴിയില്ല.
വേനൽ കാലത്ത് പൊടി ശല്യം രൂക്ഷമാകും. സംസ്ഥാന സർക്കാരിന്റെ ഗ്രാമവികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്.
കരാർ എടുത്ത കരാറുകാരനെ കാണാൻ കിട്ടുന്നില്ലെന്നാണ് വാർഡ് മെംബർ ജോഷിയുടെ പരാതി.
കരാറുകാരൻ യഥാസമയം നിർമാണം നടത്താത്ത പക്ഷം നടപടി എടുക്കേണ്ടവർ നടപടി എടുക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. കരാർ എടുത്തിട്ട് സമയത്ത് പണി ചെയ്യാത്ത കരാറുകാരൻ ആണ് പുതിയകാവ് വർത്തൂർ പുല്ലയിൽ റോഡിന്റെ നവീകരണ കരാർ എടുത്തതെന്ന് പഞ്ചായത്ത് അംഗം പരാതിപ്പെട്ടു.
ഇപ്പോൾ മഴയെ പഴിക്കുന്ന കരാറുകാരൻ കരാർ എടുത്ത സമയത്ത് രണ്ട് മാസം മഴ ഇല്ലായിരുന്നു.
ഒന്നേകാൽ കിലോമീറ്റർ ദൂരമുള്ള റോഡിൽ ടാറിങ്, നീരൊഴുക്ക് ഉള്ളിടത്ത് കോൺക്രീറ്റ് എന്നിവയാണ് നടത്തേണ്ടത്. കരാറിന്റെ കാലാവധി തീരുന്ന മുറയ്ക്ക് തട്ടി കൂട്ടി നവീകരണം നടത്തി സ്ഥലം വിടാനുള്ള തയാറെടുപ്പിലാണ് കരാറുകാരൻ എന്നാണ് നാട്ടുകാരുടെ ആക്ഷേപം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]