തിരുവനന്തപുരം ∙ ഏരിയ കമ്മിറ്റി ഓഫിസ് നിർമിക്കാൻ പാർട്ടിയംഗത്തിന്റെ വീട് പണയംവച്ചു ലക്ഷങ്ങൾ കൈപ്പറ്റിയ സിപിഎം നേതൃത്വം, രണ്ടര വർഷത്തിനു ശേഷം സംഭവം പുറത്തായതിനു പിന്നാലെ പണം തിരികെ നൽകി. പണം നൽകാത്തതിനാൽ സ്വന്തം വീട് വിൽക്കേണ്ട സ്ഥിതിയാണെന്നു കാട്ടി ഇടുക്കിയിലെ പാർട്ടിയംഗം അബ്ബാസ് ഇബ്രാഹിമും ഭാര്യയും സിപിഎം നേതൃത്വത്തിനു കത്തുനൽകിയതു കഴിഞ്ഞ ഓഗസ്റ്റ് 20നു ‘മനോരമ’ പുറത്തുവിട്ടിരുന്നു.
പിന്നാലെ, വാർത്ത തള്ളി പരസ്യമായി രംഗത്തുവന്ന സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, പാർട്ടിയംഗത്തിന് ഒരു രൂപ പോലും നൽകാനില്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി.
പുറമേ തള്ളിപ്പറഞ്ഞ സംഭവമാണ് തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പണം തിരികെ നൽകി പാർട്ടി ഒത്തുതീർപ്പാക്കിയത്. ‘കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം’ എന്ന പേരിൽ ഓഫിസ് കെട്ടിടം പണിയാൻ തൊടുപുഴ ഈസ്റ്റ് ഏരിയ മുൻ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടപ്രകാരം 2023 ജനുവരിയിലാണ് സ്വന്തം വീട് പണയംവച്ച് അബ്ബാസ് 8.5 ലക്ഷം രൂപ പാർട്ടിക്കു നൽകിയത്.3 മാസത്തിനകം മുഴുവൻ പണവും തിരികെനൽകാമെന്നായിരുന്നു ഫൈസലിന്റെ ഉറപ്പെങ്കിലും പാലിച്ചില്ല. പലതവണകളായി 4.65 ലക്ഷം നൽകിയെങ്കിലും ബാക്കി മൂന്നര ലക്ഷത്തോളം രൂപ കൈമാറിയില്ല.
പാർട്ടിക്കു വേണ്ടി പണയംവച്ച വീട് വിൽക്കേണ്ട
സ്ഥിതിയാണെന്നു കാട്ടി സി.വി.വർഗീസിനെയും എം.വി.ഗോവിന്ദനെയും അബ്ബാസും ഭാര്യയും നേരിൽ കണ്ടെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഫൈസലിനെ സംരക്ഷിക്കുന്ന നിലപാടെടുത്ത പാർട്ടി വിഷയം ചർച്ചയ്ക്കെടുക്കാനോ അന്വേഷിക്കാനോ തയാറായില്ല. സംഭവം സംബന്ധിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെ അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ ജില്ലാ സെക്രട്ടറി സെപ്റ്റംബർ അവസാനത്തോടെ പണം നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു.
എന്നാൽ, പിന്നാലെ ചേർന്ന ജില്ലാതല യോഗത്തിലാണ് ഒരു രൂപ പോലും കൊടുക്കാനില്ലെന്ന പരസ്യ നിലപാട് സ്വീകരിച്ചത്.
ഇതിനിടെ, നേതാക്കളുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തിയെന്ന പേരിൽ അബ്ബാസിനെതിരെ ആഭ്യന്തര അന്വേഷണത്തിനും പാർട്ടി തുടക്കമിട്ടു.
സ്വന്തം വീട് പാർട്ടിക്കായി പണയംവച്ച തന്നെ നേതൃത്വം വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് സിപിഎം അംഗത്വം രാജിവയ്ക്കുകയാണെന്നറിയിച്ചു കഴിഞ്ഞ ഒക്ടോബറിൽ അബ്ബാസ് കത്തുനൽകി. ഇതിനു പിന്നാലെയാണ്, മൂന്നര ലക്ഷം രൂപ കൈമാറാൻ പാർട്ടി തയാറായത്.തന്നെ പുറത്താക്കാൻ നേതൃത്വം നീക്കംനടത്തുന്ന സാഹചര്യത്തിൽ പാർട്ടി വിടാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
അബ്ബാസിനെ തങ്ങൾക്കൊപ്പം നിർത്തുന്നത് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

