തിരുവനന്തപുരം ∙ കിഴക്കേകോട്ടയിലെ കുരുക്കഴിക്കാൻ നടപ്പാക്കിയ ഗതാഗത പരിഷ്കാരത്തെ ചൊല്ലി കെഎസ്ആർടിസി– സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ തർക്കം. ജീവനക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ ഇന്നലെ സർവീസുകൾ റദ്ദാക്കി. ഇതുകാരണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഇന്നലെ ഉച്ച മുതൽ അധിക സർവീസ് നടത്തിയതായി കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസി ബസുകൾക്കായി അനുവദിച്ചിട്ടുള്ള ബസ് ബേയിലേക്ക് അനധികൃതമായി ബസ് കടത്തിയതിന് സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു.
കിഴക്കേകോട്ടയിൽ യാത്രക്കാരെ കയറ്റുന്നതിന് സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടുള്ള സമരമാണ് സംഘർഷത്തിന് ഇടയാക്കിയത്.
സ്വകാര്യ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു നീക്കിയതോടെ സംഘഷർഷാവസ്ഥയ്ക്ക് അയവുണ്ടായി. കിഴക്കേകോട്ടയിൽ ഗതാഗത കുരുക്ക് ഒ!ഴിവാക്കാനും കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി റോഡ് കുറുകെ കടക്കാനും സംവിധാനം ഒരുക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിഷ്കാരം. സർവീസ് കഴിഞ്ഞ ശേഷം സ്വകാര്യ ബസുകൾ നിർത്തിയിടാനായി അട്ടക്കുളങ്ങരയിൽ സ്ഥലം സജ്ജീകരിച്ചു.
വെട്ടിമുറിച്ച കോട്ടയ്ക്കു മുന്നിൽ നിന്ന് സർവീസ് ആരംഭിക്കാൻ സ്വകാര്യ ബസുകൾക്ക് നിർദേശം നൽകി.
ഇവിടെ 3 മിനിറ്റ് പാർക്ക് ചെയ്ത് ആളെ കയറ്റിയ ശേഷം പോകണമെന്നായിരുന്നു നിർദേശം. കിഴക്കേകോട്ടയിൽ രണ്ട് ബസ് ബേകൾ ആണ് ഉണ്ടായിരുന്നത്. സ്വകാര്യ ബസുകളെ വെട്ടിമുറിച്ച കോട്ടയ്ക്കു മുന്നിലേക്കു മാറ്റിയതോടെ രണ്ടു ബേകളും കെഎസ്ആർടിസിക്കു ലഭിച്ചു. പരിഷ്കാരം നടപ്പാക്കുന്നതിനു മുന്നോടിയായി കിഴക്കേകോട്ടയിൽ കഴിഞ്ഞ ദിവസം റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചതോടെയാണ് പ്രതിഷേധം കനത്തത്.രാവിലെ എട്ടരയോടെ ഒരു സ്വകാര്യ ബസ്, കെഎസ്ആർടിസിക്ക് അനുവദിച്ചിട്ടുള്ള ബസ് ബേയിലേക്ക് പ്രവേശിച്ചു.
ഇതിനെതിരെ കെഎസ്ആർടിസി അധികൃതർ നൽകിയ പരാതിയെത്തുടർന്ന് ഫോർട് പൊലീസ് ഈ ബസ് കസ്റ്റഡിയിൽ എടുത്തു.അതോടെ സർവീസുകൾ നിർത്തി വച്ച് സ്വകാര്യ ബസ് ജീവനക്കാർ സംഘടിച്ചു.
കിഴക്കേ കോട്ടയിൽ ബസുകൾ നിർത്തി ആളെ കയറ്റുന്നതിനുള്ള സംവിധാനം തങ്ങൾക്കും വേണമെന്ന് ആവശ്യപ്പെട്ടു. കെഎസ്ആർടിസി അധികൃതർ ഇതു നിഷേധിച്ചതോടെ വാക്കേറ്റമായി. കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോഴാണ് സ്വകാര്യ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്.
ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കലക്ടർ, കമ്മിഷണർ, ട്രാൻസ്പോർട്ട് കമ്മിഷണർ, ആർടിഒ എന്നിവർ യോഗം ചേർന്നാണ് പരിഷ്കാര പദ്ധതി തയാറാക്കിയത്.
3 കാൽനട മേൽപാലങ്ങൾ നിർമിക്കണം: ഹൈക്കോടതി
തിരുവനന്തപുരം ∙ കിഴക്കേകോട്ടയിലെ കുരുക്ക് ഒ!ഴിവാക്കാൻ എസ്കലേറ്റർ സംവിധാനത്തോടു കൂടി പുതുതായി 3 കാൽനട
മേൽപാലങ്ങൾ നിർമിക്കണമെന്നതായിരുന്നു ഹൈക്കോടതിയുടെ നിർദേശം. അട്ടക്കുളങ്ങര ഭാഗത്തേക്കും, കെഎസ്ആർടിസി ബസ് ഡിപ്പോയിൽ നിന്ന് ഗാന്ധി പാർക്കിലേക്കും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിലുമാണ് മേൽപാലങ്ങൾ നിർമിക്കേണ്ടത്.
കാൽനട
യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹാൻഡ് റെയ്ലുകൾ സ്ഥാപിക്കണം. തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കണം.
ബസ് ബേകളും യാത്രക്കാർക്കായി വെളിച്ചമുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളും നിർമിക്കണം. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബസ് ഷെഡ്യുൾ തയാറാക്കണം. കിഴക്കേകോട്ട
അപകട മുക്തമാക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല നടപടികൾ നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]