തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മത്സരങ്ങൾ കാണാനെത്തുന്നവർക്ക് ആവേശമേകാൻ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഫാൻ വില്ലേജ് തുറന്നു. കെസിഎല്ലിന്റെ ഔദ്യോഗിക മൊബൈൽ ആപ്പും പുറത്തിറക്കി. സ്റ്റേഡിയത്തിലെ അഞ്ചാം നമ്പർ ഗേറ്റിലൂടെ പ്രവേശിക്കുന്ന സ്ഥലത്ത് സജ്ജമാക്കിയ ഫാൻ വില്ലേജിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി മിനി ക്രിക്കറ്റ്, ബോളിങ്, ഡാർട്ട്, ഹൂപ്ല, സ്പീഡ് ബോൾ തുടങ്ങിയ ഗെയിമുകൾ ഒരുക്കിയിട്ടുണ്ട്.
വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളുമുണ്ട്. കെസിഎൽ ഭാഗ്യ ചിഹ്നങ്ങളായ വീരു ആന, ചാരു വേഴാമ്പൽ എന്നിവർക്കൊപ്പം ചിത്രങ്ങൾ എടുക്കാം.
ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്.
ഫൈനൽ നടക്കുന്ന സെപ്റ്റംബർ 7 വരെ ഫാൻ വില്ലേജ് പ്രവർത്തിക്കും. ഉച്ചയ്ക്ക് 2 മുതലാണ് പ്രവേശനം. മത്സരവുമായി ബന്ധപ്പെട്ട
തത്സമയ വിവരങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയെല്ലാം ലഭ്യമാക്കുന്നതാണ് കെസിഎൽ മൊബൈൽ ആപ്പ്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
ഫാൻ വില്ലേജിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോഴും ആപ്പിലൂടെ പോളുകൾക്ക് ഉത്തരം നൽകുമ്പോഴും ലഭിക്കുന്ന ലോയൽറ്റി പോയിന്റുകൾ വിനിയോഗിച്ച് ഉൽപന്നങ്ങൾ വാങ്ങുവാനും കഴിയും.
ഫാൻ വില്ലേജ് ഉദ്ഘാടനവും മൊബൈൽ ആപ് പ്രകാശനവും വിഴിഞ്ഞം തുറമുഖ കമ്പനി എംഡിയും സാംസ്കാരിക വകുപ്പ് ഡയറക്ടറുമായ ഡോ.ദിവ്യ എസ്.അയ്യർ ചെയ്തു. കുടുംബസമേതം ഫാൻ വില്ലേജിൽ ഗെയിമുകളിൽ പങ്കെടുക്കുകയും ചെയ്തു.
കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാർ, മുൻ സെക്രട്ടറി ശ്രീജിത്ത് വി.നായർ, സിഇഒ മിനു ചിദംബരം, കെസിഎൽ ടൂർണമെന്റ് ഡയറക്ടർ രാജേഷ് തമ്പി തുടങ്ങിയവർ പങ്കെടുത്തു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]