തിരുവനന്തപുരം∙ ഓണമായതോടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ദീർഘദൂര സ്വകാര്യ ബസുകൾ. ബെംഗളൂരു–തിരുവനന്തപുരം ടിക്കറ്റ് നിരക്ക് എസി സ്ലീപ്പർ ബസുകളിൽ 1500 മുതൽ 2500 വരെയുണ്ടായിരുന്നത് 2950 മുതൽ 4100 രൂപ വരെയാണു വർധിപ്പിച്ചിരിക്കുന്നത്. നോൺ എസി ബസുകളിലെ നിരക്കും ഇരട്ടിയായിട്ടുണ്ട്.
നോൺ എസി സീറ്റർ ബസുകളിൽ നിരക്ക് 2000 രൂപയായി. കെഎസ്ആർടിസി ഒട്ടേറെ സ്പെഷലുകൾ പ്രഖ്യാപിച്ചെങ്കിലും സെപ്റ്റംബർ 3ന് ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള സർവീസുകളിലൊന്നും സീറ്റുകൾ ഒഴിവില്ല.
സ്ഥിരമായുള്ള 7 ബസുകൾക്കു പുറമേ പുതിയ ബസുകൾ ഉപയോഗിച്ച് 9 അധിക സർവീസുകൾ ക്രമീകരിച്ചിട്ടും ഒറ്റ ബസിലും എറണാകുളത്തേക്ക് അന്നു ടിക്കറ്റില്ല. ഓണം കഴിഞ്ഞു കൂടുതൽ പേരും മടങ്ങുന്ന സെപ്റ്റംബർ 7 ഞായറാഴ്ച സ്വകാര്യ എസി സ്ലീപ്പർ നിരക്ക് 4949 രൂപ വരെയായിട്ടുണ്ട്.
തിരുവനന്തപുരം–ചെന്നൈ ബസ് നിരക്കും ഗണ്യമായി കൂട്ടിയിട്ടുണ്ട്. 2650 മുതൽ 4300 രൂപ വരെയാണു നിരക്കുകൾ.
7ന് ചെന്നൈ, ബെംഗളൂരു റൂട്ടുകളിലും ട്രെയിനുകളിൽ ടിക്കറ്റില്ല.
തിരുവനന്തപുരം–ബെംഗളൂരു സ്പെഷൽ ട്രെയിനിൽ വെയ്റ്റ് ലിസ്റ്റ് 295 കടന്നു. കഴിഞ്ഞ ഓണത്തിന് കോട്ടയത്തു നിന്നു ചെന്നൈയിലേക്ക് സ്പെഷൽ ട്രെയിൻ ഉണ്ടായിരുന്നെങ്കിലും ഇത്തവണ സർവീസില്ല.
ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കു കൂടുതൽ സ്പെഷൽ ട്രെയിനുകളോടിക്കണമെന്നു യാത്രക്കാർ പറഞ്ഞു. ഇതിനാവശ്യമായ കോച്ചുകൾ റെയിൽവേയുടെ പക്കലുണ്ട്. തിരുവനന്തപുരം നോർത്ത്–ബെംഗളൂരു ഹംസഫറിന്റെ കോച്ചുകൾ ചൊവ്വാഴ്ച സ്പെഷൽ സർവീസ് നടത്താൻ ലഭ്യമാണ്. ആഴ്ചയിലൊരിക്കലുള്ള 2 എറണാകുളം–നിസാമുദ്ദീൻ ട്രെയിനുകളുടെ കോച്ചുകളും സ്പെഷൽ സർവീസിനായി റെയിൽവേയുടെ പക്കലുണ്ട്.
കഴിഞ്ഞ ഓണത്തിന് തിരുവനന്തപുരം നോർത്ത് –ചെന്നൈ എസി എക്സ്പ്രസ് ഉണ്ടായിരുന്നതു യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു.
ചെന്നൈ എഗ്മൂറിലെ പണികളുടെ പേരിൽ ട്രെയിൻ റദ്ദാക്കിയതോടെ ആ സർവീസും ഇല്ലാതായി. ഒക്ടോബറിൽ ദീപാവലി സ്പെഷലിന് തിരുവനന്തപുരം–മുംബൈ സിഎസ്എംടി ട്രെയിനിന്റെ കോച്ചുകൾ ഉപയോഗിച്ചു റെയിൽവേ സ്പെഷൽ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ ഇത് ഓണസമയത്ത് ആരംഭിച്ചാൽ കൂടുതൽ യാത്രക്കാർക്കു പ്രയോജനപ്പെടുമെന്നു ചെന്നൈ യാത്രക്കാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]