
കൗണ്ടറിൽ നിന്ന് തത്കാൽ ട്രെയിൻ ടിക്കറ്റ് എടുക്കുമ്പോൾ എന്തു ചെയ്യണം? ജൂലൈ 1 മുതൽ ഇങ്ങനെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ/ തിരുവനന്തപുരം ∙ തത്കാൽ, പ്രീമിയം തത്കാൽ എന്നീ മാർഗങ്ങളിലൂടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ അല്ലെങ്കിൽ യാത്രക്കാരുടെ ഡിജി ലോക്കറിലുള്ള അംഗീകൃത തിരിച്ചറിയൽ രേഖ നിർബന്ധമാക്കിയുള്ള പരിഷ്കാരം ജൂലൈ 1 മുതൽ. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴിയും കൗണ്ടറിൽ നിന്നു നേരിട്ടും ടിക്കറ്റ് എടുക്കുന്നതിന് രേഖ നിർബന്ധമാണ്. യഥാർഥ ഉപയോക്താക്കൾക്ക് ടിക്കറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നടപടിയെന്നാണു റെയിൽവേയുടെ വിശദീകരണം. തത്കാൽ ബുക്കിങ് ആരംഭിച്ച് 2–3 മിനിറ്റിനകം ടിക്കറ്റുകൾ തീരുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകുമെന്നാണു യാത്രക്കാരുടെ പ്രതീക്ഷ.
എന്തൊക്കെയാണ് മാറ്റങ്ങൾ?
ബുക്കിങ്ങിനുള്ള ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവയിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. പ്രൊഫൈലിൽ ഇതുമായി ബന്ധപ്പെട്ട ഓപ്ഷനുകൾ ലഭ്യമാണ്. ഓരോ വ്യക്തിക്കും സ്വയം ചെയ്യാൻ സാധിക്കുന്ന രീതിയിൽ ലളിതമാണു നടപടിക്രമങ്ങൾ. നാളെ മുതൽ പ്രാബല്യത്തിലാകും. അതേസമയം ഫോണിൽ ലഭിക്കുന്ന ഒടിപി കൂടി വെരിഫൈ ചെയ്താൽ മാത്രമേ 15 മുതൽ ടിക്കറ്റുകൾ ലഭിക്കൂ. യഥാർഥ വ്യക്തി തന്നെയാണെന്ന് ഉറപ്പാക്കാൻ വേണ്ടിയാണിത്.
കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുക്കുമ്പോൾ എന്ത് ചെയ്യണം?
ഫോണിൽ ലഭിക്കുന്ന ഒടിപി വെരിഫൈ ചെയ്താൽ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. മറ്റു നടപടിക്രമങ്ങളിൽ മാറ്റമില്ല.
ഏജന്റുമാർക്കു ബുക്ക് ചെയ്യാൻ സാധിക്കില്ലേ?
അംഗീകൃത ഏജന്റുമാർക്കുള്ള ബുക്കിങ്ങിനു സമയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ 30 മിനിറ്റ് കഴിഞ്ഞ ശേഷമാണ് ഏജന്റുമാർ വഴിയുള്ള ബുക്കിങ്. എസി തത്കാൽ ബുക്കിങ് രാവിലെ 10ന് ആരംഭിക്കും. എന്നാൽ, ഏജന്റുമാർക്കുള്ള ബുക്കിങ് സമയം 10.30 മുതലാണ്. സമാനമായി സ്ലീപ്പർ കോച്ചിലെ ബുക്കിങ് രാവിലെ 11ന് ആരംഭിച്ചാലും ഏജന്റുമാർക്ക് 11.30 മുതലേ ബുക്ക് ചെയ്യാൻ പറ്റൂ.
ഏജന്റ് ബുക്കിങ്ങിനും ഒടിപി വേണോ?
വേണം. അപേക്ഷകരുടെ ഫോൺ നമ്പറുകളിൽ ലഭിക്കുന്ന ഒടിപി നിർബന്ധമായും വെരിഫൈ ചെയ്യണം.
പ്രീമിയം തത്കാലിന് ഇളവുണ്ടോ?
ഇല്ല. പുതിയ പരിഷ്കാരങ്ങൾ തത്കാലിനും പ്രീമിയം തത്കാലിനും ഒരുപോലെ ബാധകമാണ്.