
ആശാ സമരത്തിൽ തദ്ദേശസ്ഥാപനങ്ങളോട് കെപിസിസി: ‘ആനുകൂല്യം നൽകൂ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ തനതു ഫണ്ട് ഉപയോഗിച്ച് ആശാ പ്രവർത്തകർക്ക് അധിക വേതനം നൽകണമെന്നു കെപിസിസി നേതൃത്വം നിർദേശിച്ചു. ഓരോ തദ്ദേശസ്ഥാപനത്തിന്റെയും സാമ്പത്തിക സ്ഥിതി പരിഗണിച്ചുള്ള തീരുമാനമെടുക്കാം. കോൺഗ്രസ് ഭരിക്കുന്ന പല തദ്ദേശ സ്ഥാപനങ്ങളും ഇതിനകം വേതന വർധന പ്രഖ്യാപിച്ച സാഹചര്യത്തിലാണു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പൊതുനിർദേശം നൽകിയത്.സാമ്പത്തിക പ്രതിസന്ധിമൂലം ദുരിതമനുഭവിക്കുന്ന ആശാ പ്രവർത്തകർക്ക് തദ്ദേശസ്ഥാപനങ്ങളുടെ കഴിവിന് അനുസരിച്ച് ആശ്വാസമെത്തിക്കാനാണു നിർദേശം.
ന്യായമായ ആവശ്യങ്ങളുന്നയിച്ച് ആശാ പ്രവർത്തകർ നടത്തുന്ന സമരത്തിന് ആദ്യദിനം മുതൽ കോൺഗ്രസ് പൂർണ പിന്തുണയാണു നൽകുന്നതെന്നും അതു തുടരുമെന്നും ജനറൽ സെക്രട്ടറി എം.ലിജു കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷർക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി. സമരത്തോടു സർക്കാർ നിരുത്തരവാദപരമായ നിലപാടാണു തുടരുന്നതെന്നും കുറ്റപ്പെടുത്തി.സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ, ഡിസിസികളുടെ നേതൃത്വത്തിൽ കലക്ടറേറ്റ്–സെക്രട്ടേറിയറ്റ് മാർച്ച് എന്നിവ സംഘടിപ്പിച്ചിരുന്നു.