തിരുവനന്തപുരം ∙ ആകാശത്തുനിന്നു മുരൾച്ചയോടെ ചാക്കയിലെ റൺവേയിലേക്കു പറന്നിറങ്ങിയ ‘യന്ത്രപ്പക്ഷി’യെ കാണാൻ ജനങ്ങൾ തടിച്ചുകൂടി. ഇന്നേക്ക് 90 വർഷം മുൻപാണത്, 1935 ഒക്ടോബർ 29ന്.
നിലവിലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനു സമീപം, രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി സ്ഥിതി ചെയ്യുന്ന സ്ഥലത്തു വന്നിറങ്ങിയ ആ ‘ഡിഎച്ച്83 ഫോക്സ്മോത്ത്’ വിമാനം കേരളത്തിന്റെ വ്യോമഗതാഗത മേഖലയിലെ ‘ആദ്യ പക്ഷി’യായിരുന്നു.
ഇന്ത്യയിലെ ആദ്യ പൈലറ്റ് കൂടിയായ ജെആർഡി ടാറ്റയോടാണ് തിരുവനന്തപുരത്തേക്ക് ടാറ്റ ഏവിയേഷന്റെ (പിൽക്കാലത്ത് എയർ ഇന്ത്യ) സർവീസ് നടത്താമോ എന്ന് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ചോദിച്ചത്. നഷ്ടമുണ്ടായാൽ നികത്താമെന്ന ഉറപ്പു കൂടി ലഭിച്ചതോടെ ആ വിമാനം പുറപ്പെട്ടു.
1935 ഒക്ടോബർ 29 ചൊവ്വ രാവിലെ ആറരയോടെ ഒരു കെട്ടു കത്തുകളും ചില യാത്രക്കാരെയും വഹിച്ച് ബോംബെ(മുംബൈ)യിൽ നിന്നു പുറപ്പെട്ട വിമാനം 9ന് ഗോവയിലെത്തി.
അര മണിക്കൂർ വിശ്രമം. തുടർന്ന് കണ്ണൂരിലും ഇറങ്ങി.
ഫലത്തിൽ, കേരളത്തിൽ ആദ്യമായി ആ വിമാനം ലാൻഡ് ചെയ്തത് കണ്ണൂരിലായിരുന്നു.
വൈകിട്ട് നാലരയോടെ, മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത വിമാനത്തെ ദിവാൻ മുഹമ്മദ് ഹബീബുല്ലയും സി.പി.രാമസ്വാമി അയ്യർ ഉൾപ്പെടെ പ്രധാന ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു. ആ വിമാനത്തിൽ ടാറ്റ കമ്പനി ഭാരവാഹിയായ ജംഷെഡ് നവറോജിയും ബോംബെയിലെ തിരുവിതാംകൂർ വാണിജ്യ ഏജന്റ് കാഞ്ചിദ്വാരകദാസും ഉൾപ്പെടെയുണ്ടായിരുന്നു.
നവറോജിയെയും പൈലറ്റ് നെവിൽ വിൻസന്റിനെയും തിരുവിതാംകൂർ മുനിസിപ്പാലിറ്റി പ്രസിഡന്റ് വെങ്കിട്ട കൃഷ്ണയ്യ ഹാരമണിയിച്ചു സ്വീകരിച്ചു.
വിമാനത്തിലെത്തിയ ആദ്യത്തെ കത്ത് മഹാരാജാവിന് ജന്മദിനാശംസ നേർന്ന് വൈസ്രോയി വെല്ലിങ്ടൺ പ്രഭു അയച്ചതായിരുന്നു.
ബോംബെ– തിരുവനന്തപുരം വിമാന സർവീസ് ആരംഭിച്ചതോടെ ഇന്ത്യയിലെ ഇത്തരത്തിൽ ഒരു വിമാന സർവീസ് ആരംഭിച്ച ആദ്യ നാട്ടുരാജ്യമായി തിരുവിതാംകൂർ. ബോംബെയിലേക്ക് ട്രെയിനിൽ ഒന്നാം ക്ലാസിൽ യാത്ര ചെയ്യാനുള്ള നിരക്കായ 150 രൂപയായിരുന്നു വിമാന ടിക്കറ്റിനും ടാറ്റ കമ്പനി ഈടാക്കിയിരുന്നത്.
ആഴ്ചയിൽ ഒരു സർവീസ്. വെള്ളിയാഴ്ച ബോംബെയിൽ നിന്നെത്തിയാൽ ചൊവ്വാഴ്ച മടക്കം.
പിയേഴ്സ് ലെസ്ലി കമ്പനിയായിരുന്നു ടിക്കറ്റ് ഏജന്റ്. 1991 ജനുവരി 1ന് ഇന്ത്യയിലെ അഞ്ചാമത്തെ രാജ്യാന്തര വിമാനത്താവളമായി തിരുവനന്തപുരം. 2021 ഒക്ടോബർ14 മുതൽ അദാനി ഗ്രൂപ്പിന് ആണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല.
ജി.വി.രാജയുടെ സ്വപ്നം
1932ൽ, ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ സഹോദരീ ഭർത്താവായിരുന്ന കേണൽ ഗോദവർമ രാജ (ജി.വി.രാജ) സ്ഥാപിച്ച ‘റോയൽ ട്രാവൻകൂർ എയർ ക്ലബ്’ ആണ് പിൽക്കാലത്തു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളമായി വികസിച്ചത്.
1939 ൽ തിരുവിതാംകൂർ മഹാരാജാവ് കൊട്ടാരം ആവശ്യങ്ങൾക്കായി ഒരു ഡെക്കോട്ട വിമാനം വാങ്ങി.
തിരുവനന്തപുരം വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ പറന്നിറങ്ങുന്നത് കേണൽ ജി.വി.രാജയുടെ സ്വപ്നമായിരുന്നു. വിമാനത്താവളം വികസിപ്പിച്ച ശേഷം 1971 മേയ് 1ന് അവിടെ ആദ്യമായി ഒരു വലിയ വിമാനം പറന്നിറങ്ങി.
മണാലിയിൽ വിമാനാപകടത്തിൽ മരിച്ച ജി.വി.രാജയുടെ മൃതദേഹം വഹിച്ചുള്ള ചാർട്ടേഡ് വിമാനമായിരുന്നു അത്! … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

