
കാട്ടാക്കട ∙ റബർ ടാപ്പിങ്ങിനിടെ കർഷകന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്ക്.
ഗുരുതരമായി പരുക്കേറ്റ കുറ്റിച്ചൽ മലവിള ശംഭുതാങ്ങി സെന്റ് മേരീസ് ഭവനിൽ ചെല്ലപ്പനെ(72) കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ആറോടെയാണ് സംഭവം.
അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ചെല്ലപ്പന് കാലിനും വാരിയെല്ലിനും നട്ടെല്ലിനുമാണ് പരുക്ക്. ഒരു കാൽ ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്.
വീടിനു പുറകിലുള്ള കൃഷിയിടത്തിൽ ടാപ്പിങ്ങ് ചെയ്യുന്നതിനിടെ കാട്ടുപോത്ത് ഇടിച്ച് വീഴ്ത്തുകയായിരുന്നു.
വനാതിർത്തി പ്രദേശമാണ്. കൂട്ടമായെത്തുന്ന കാട്ടുപോത്തുകൾ വിളകൾ നശിപ്പിക്കുക പതിവാണ്.
3 ദിവസമായി കാട്ടുപോത്ത് പ്രദേശത്ത് ഉള്ളതായി നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനോ വനത്തിലേയ്ക്ക് തുരത്താനോ ശ്രമിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പതിനൊന്നരയോടെ വീണ്ടുമെത്തിയ വനംവകുപ്പ് ആർആർടി സംഘത്തിലുള്ളവരെ 2 മണിക്കൂറോളം നാട്ടുകാർ തടഞ്ഞുവച്ചു.
കാട്ടുപോത്തിനെ കണ്ടെത്തി വനത്തിലേക്ക് തുരത്താമെന്നും ഡിഎഫ്ഒ യുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്നും ഉറപ്പ് ലഭിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 6 ദിവസം മുൻപാണ് തൊളിക്കോട് പനയ്ക്കോട് വയൽപ്പുല്ല് മേഖലയിൽ കാട്ടുപോത്ത് ഭീതി വിതച്ചത്.
ഇതിനെ മയക്കുവെടിവച്ച് പിടികൂടി കാട്ടിലേക്ക് വിട്ടെങ്കിലും പിന്നാലെ ചത്തു.
ചികിത്സച്ചെലവ് വനംവകുപ്പ് വഹിക്കും
കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ ചെല്ലപ്പന്റെ കുടുംബത്തിനു അടിയന്തര സഹായമായി 60,000 രൂപ നൽകിയതായി ഡിഎഫ്ഒ ദേവിപ്രിയ അജിത് പറഞ്ഞു. ആർആർടി സംഘം കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തിയിട്ടുണ്ട്. നിരീക്ഷണത്തിനായി 3 ആർആർടി അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ചെല്ലപ്പൻ ചികിത്സയിലുള്ള ആശുപത്രിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടെങ്കിൽ സഹായം ചെയ്യും.
ചികിത്സച്ചെലവ് വനംവകുപ്പ് വഹിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]