
തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോർപറേഷൻ പുറത്തിറക്കിയ കരട് വോട്ടർ പട്ടികയിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗത്തിന്റെയും ഭാര്യയുടെയും വോട്ട് പൂജപ്പുര വാർഡിലും ഇവർക്കൊപ്പം താമസിക്കുന്ന രണ്ടു മക്കളുടെ വോട്ട് പുന്നയ്ക്കാമുകൾ വാർഡിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പൂജപ്പുര വാർഡിലെ ഏഴാം നമ്പർ ബൂത്തിലെ വോട്ടർമാരായ കരകുളം ശശി, ഭാര്യ ശോഭന കുമാരി എന്നിവരുടെ മക്കളെയാണ് പുന്നയ്ക്കാമുകൾ വാർഡിലെ ഒന്നാം നമ്പർ ബൂത്തിലെ വോട്ടർമാരായി രേഖപ്പെടുത്തിയിട്ടുള്ളത്.
വഞ്ചിയൂർ വാർഡിൽ ‘രേവതി’ എന്നു പേരുള്ള വീട്ടിൽ താമസിക്കുന്നത് 3 പേർ. എന്നാൽ വോട്ടർ പട്ടികയിൽ ഇതേ വീട്ടുപേരുള്ള വോട്ടർമാരുടെ എണ്ണം 27.
അധികമായി ചേർത്തിരിക്കുന്ന 24 പേരുടെ വോട്ട് കുന്നുകുഴി, കണ്ണമ്മൂല വാർഡുകളിലെ വോട്ടർ പട്ടികയിലും ഉണ്ടെന്ന് ആക്ഷേപമുണ്ട്. ശ്രീവരാഹം വാർഡിലെ വോട്ടർമാരുടെ പേരുകൾ മണക്കാട് വാർഡിലും ചാക്ക വാർഡിലെ ചില വോട്ടർമാരുടെ പേരുകൾ അതേ പടി പെരുന്താന്നി വാർഡിലെ പട്ടികയിലും ആവർത്തിച്ചിട്ടുണ്ട്. പെരുന്താന്നി വാർഡിൽ ഒരു വീട്ടിലെ രണ്ടു വോട്ടർമാരുടെ പേരുകൾ വള്ളക്കടവ് വാർഡിലെ പട്ടികയിലും ഉണ്ടെന്ന് ആരോപണമുണ്ട്.
ബൂത്തുകൾ ക്രമീകരണത്തിലും വ്യാപക ക്രമക്കേടുകളുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്.
പുതുതായി രൂപീകരിച്ച ഗൗരീശപട്ടം വാർഡിലെ ഏതാനും ബൂത്തുകൾ പട്ടം സെന്റ് മേരീസ് സ്കൂളിലാണ്. കേശവദാസപുരം ഉൾപ്പെടെയുള്ള വാർഡുകളിലെ ബൂത്തും ഇതേ സ്കൂളിലായതിനാൽ ഈ പോളിങ് സ്റ്റേഷനിൽ വൻ തിരക്കുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
അതിനാൽ പട്ടം സെന്റ് മേരീസിൽ ഉള്ള ഗൗരീശപട്ടം വാർഡിലെ ബൂത്തുകൾ ആര്യ സെൻട്രൽ സ്കൂളിലേക്ക് മാറ്റണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
നാലായിരത്തിലേറെ വോട്ടർമാരുള്ള വെങ്ങാനൂർ വാർഡിൽ 4 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചപ്പോൾ 11,892 വോട്ടർമാരുള്ള തീരദേശ വാർഡായ പോർട്ട് വാർഡിൽ 9 പോളിങ് സ്റ്റേഷനുകളാണുള്ളത്. പോളിങ് സ്റ്റേഷനുകളുടെ കുറവുമൂലം വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത അവസ്ഥ വന്നേക്കുമെന്ന ആശങ്ക പാർട്ടികൾക്കുണ്ട്.
വെള്ളാർ വാർഡിൽ ഉൾപ്പെടെ പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചതിൽ ദൂരം കൂടുതലാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയും പോളിങ് സ്റ്റേഷനുകളുടെ ദൂരക്കൂടുതലും വോട്ടിങ് ശതമാനത്തെ പ്രതികൂലമായി ബാധിക്കുമോ എന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക.
മാറനല്ലൂരിൽ സിപിഎം നേതാവ് അയൽ വാർഡിൽഭാര്യ സ്വന്തം വാർഡിൽ
മാറനല്ലൂർ ∙ പഞ്ചായത്തിലെ കരട് വോട്ടർ പട്ടിക പുറത്തുവന്നപ്പോൾ മാറനല്ലൂർ വാർഡിലെ പട്ടികയിൽ വരേണ്ട
സിപിഎം പ്രാദേശിക നേതാവ് ബാബുവിന്റെ വോട്ട് വെള്ളൂർക്കോണം വാർഡിലേക്കു മാറ്റി. ഭാര്യ സുനിതയുടെ വോട്ട് മാറനല്ലൂരിൽ നിലനിർത്തി.
മാറനല്ലൂർ വാർഡിൽ ഉൾപ്പെടേണ്ട ഇരുനൂറോളം വോട്ടുകൾ വെള്ളൂർക്കോണം വാർഡിലാണ്.
പുതുതായി രൂപീകരിച്ച മാറനല്ലൂർ നോർത്ത് വാർഡിൽ ഉൾപ്പെടേണ്ട വോട്ടുകൾ പലതും മറ്റു വാർഡുകളിലേക്കു മാറി.
ചീനിവിള, ഓഫിസ്, മാറനല്ലൂർ വാർഡുകളിലെ വോട്ടർമാരെ ഉൾപ്പെടുത്തിയാണ് പുതുതായി മാറനല്ലൂർ നോർത്ത് വാർഡ് രൂപീകരിച്ചത്.
വാർഡ് വിഭജിച്ചപ്പോൾ വോട്ട് ക്രമപ്പെടുത്തിയില്ല. വാർഡുകളും അവയുടെ അതിർത്തിയും കൃത്യമായി പരിശോധിക്കാതെ ഉദ്യോഗസ്ഥർ പട്ടിക തയാറാക്കിയെന്നാണു വ്യക്തമാകുന്നത്.
പുതിയതും പഴയതുമായ വാർഡുകളിൽ വോട്ടർമാരുടെ എണ്ണം പാലിക്കാൻ തലങ്ങും വിലങ്ങും വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയതാണു പ്രശ്നമായതെന്നു രാഷ്ട്രീയപാർട്ടികൾ ആരോപിക്കുന്നു.
ഇനി അതത് വാർഡുകളിലെ പട്ടികയിൽ ഉൾപ്പെടാൻ പുതുതായി അപേക്ഷിക്കണം. പലരും ഇതിനു മെനക്കെടില്ല.
രാഷ്ട്രീയ പാർട്ടികൾക്ക് ഇത് ഇരട്ടി ജോലിയായി. തങ്ങളുടെ ഉറച്ച വോട്ടുകൾ എല്ലാ വാർഡിലുമുള്ളത് അതത് വാർഡിലെന്നു ഉറപ്പിക്കണം.
അല്ലാത്തവ മറ്റു വാർഡുകളിൽ നിന്നു യഥാർഥ താമസസ്ഥലമായ വാർഡിലേക്കു മാറ്റണം. വോട്ടർമാർ പലരും താൽപര്യം കാണിക്കാത്തത് രാഷ്ട്രീയ പാർട്ടികൾക്കു തലവേദനയായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]