
പാലോട്∙ നന്ദിയോട് പഞ്ചായത്തിലെ ചൂടൽമൺപുറം ആദിവാസി ഉന്നതിയിൽ അപകടകരമായ തടിപ്പാലത്തിലൂടെ നാട്ടുകാരുടെയും കുട്ടികളുടെയും ‘സർക്കസ്’ യാത്ര. ചൂടൽമൺപുറം വലിയ തോടിനു കുറുകെ മരക്കമ്പുകളിലുള്ള പാലത്തിലൂടെയാണ് നാട്ടുകാർ അതീവ കരുതലോടെ അക്കരയിക്കരെ കടക്കുന്നത്.
കമ്പുകളെല്ലാം ദ്രവിച്ച പാലത്തിൽ കൂടിയുള്ള യാത്രയിൽ കാലൊന്നു തെറ്റിയാൽ തോട്ടിലേക്കു വീഴും. ഒട്ടേറെ കിടപ്പു രോഗികളും പ്രായാധിക്യം ഉള്ളവരും അസുഖ ബാധിതരും ഉള്ള മേഖലയാണ്.
ഇവിടെ ഉണ്ടായിരുന്ന ചെറിയ കോൺക്രീറ്റ് പാലം തകർന്നിട്ട് മൂന്ന് വർഷത്തോളമായി. നാട്ടുകാർ തോടിനു കുറുകെ മരക്കമ്പുകൾ ഇട്ടാണ് ഇപ്പോൾ സഞ്ചരിക്കുന്നത്.
നൂറുകണക്കിന് ആദിവാസികൾ താമസിക്കുന്ന ഈ മേഖലയിൽ ആർക്കെങ്കിലും സുഖമില്ലാതെ ആയാൽ തലച്ചുമടായി ഈ പാലത്തിലൂടെ കൊണ്ടു വരണം.
സ്കൂൾ കുട്ടികളടക്കം ഈ പാലത്തിലൂടെയാണ് വരുന്നത്. വന്യമൃഗ ശല്യമുള്ള മേഖലയാണ്.
ഇതിനു സമീപത്തെ മറ്റൊരു കോൺക്രീറ്റ് പാലവും കമ്പികളെല്ലാം ദ്രവിച്ചു തകർച്ച നേരിടുകയാണ്. പ്രദേശത്തെ ജനങ്ങൾക്ക് വഴിസൗകര്യം ഇല്ലെന്നു മാത്രമല്ല, തോടിന്റെ അരികിൽ താമസിക്കുന്നവർക്ക് തോടിനു മീതെ നടപ്പാലം പോലും ഇല്ലാത്ത അവസ്ഥയാണ്.
തോട്ടിൽ വെള്ളം പൊങ്ങിയാൽ പിന്നെ യാത്ര ദുരിതപൂർണമാകും.
പാലം വേണമെന്ന് നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് വാർഡ് മെംബറുടെ നേതൃത്വത്തിൽ പട്ടികവർഗ ഡിപ്പാർട്മെന്റിനു നിവേദന നൽകിയതിന്റെ അടിസ്ഥാനത്തിൽ പുതിയ പാലത്തിനായി 37ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ചെങ്കിലും ഒരു വർഷത്തോളമായിട്ടും നടപടിയൊന്നും ഉണ്ടായില്ല. ചൂടൽമൺപുറത്ത് നിന്ന് പുളിച്ചാമല, ഭദ്രംവച്ചപാറ, മേഖലകളെ ബന്ധിപ്പിക്കുന്ന വഴിയിലാണ് ഈ പാലം.
ആദിവാസി മേഖലകളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഡിപ്പാർട്മെന്റും വകുപ്പും കോടികൾ മുടക്കുന്നതായി പറയുന്നിടത്താണ് ഈ പാവം ആദിവാസികൾക്ക് സുരക്ഷിതമായി നടന്നു പോകാൻ ഒരു പാലം പോലും ഇല്ലാത്തത്. തിരഞ്ഞെടുപ്പ് വരുമ്പോൾ പാലവും വഴിയും ഒക്കെ വാഗ്ദാനങ്ങളിൽ നിറയും.
ഇനി തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വാഗ്ദാന പാലം എത്തുമെന്നും നാട്ടുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]