ഗ്രാമീണ സഹവാസ പരിപാടി ‘ഗ്രാമോദയ’ ഏപ്രിൽ 30 മുതൽ മേയ് 7 വരെ കാട്ടാക്കടയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാട്ടാക്കട ∙ വെള്ളായണി കാർഷിക കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായിട്ടുള്ള ഗ്രാമീണ സഹവാസ പരിപാടി ‘ഗ്രാമോദയ ‘ ഏപ്രിൽ 30 മുതൽ മേയ് 7 വരെ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ. വെള്ളയാണി കാർഷിക കോളജ് കാർഷിക വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗം, കാട്ടാക്കട ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ തുടങ്ങിയവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.
പഞ്ചായത്തിലെ കൃഷി രീതികളെ കുറിച്ച് പഠിക്കുക, കർഷകർ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യങ്ങൾ. ഗ്രാമോദയയുടെ ഭാഗമായി കാർഷിക സെമിനാറുകൾ, കാർഷിക ക്ലിനിക്, പരിശീലന പരിപാടികൾ, കർഷകരും ജനപ്രതിനിധികളുമായുള്ള ചർച്ചകൾ, അടുക്കളത്തോട്ട നിർമാണം, കാർഷിക പ്രദർശനം, പാചക മത്സരം തുടങ്ങി വിവിധ പരിപാടികൾ നടക്കും.
ഏപ്രിൽ 30ന് ആമച്ചൽ മുതൽ പ്ലാവൂർ വരെ നീളുന്ന വിളംബര ഘോഷയാത്രയോടെയാണ് ഗ്രാമോദയ 2025 ആരംഭിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം മേയ് 2ന് ഉച്ചയ്ക്ക് 2 മണിക്ക് പ്ലാവൂർ ഗവൺമെന്റ്് ഹൈസ്കൂളിൽ കാട്ടാക്കട എംഎൽഎ ഐ.ബി. സതീഷ് നിർവഹിക്കും.
മേയ് 3 രാവിലെ 9 മുതൽ 1 വരെ 8 വാർഡുകളിലായി അഗ്രി ക്ലിനിക്കും കൊല്ലോട് വാർഡിൽ ഉച്ചയ്ക്ക് 2 മുതൽ 4 വരെ കൂൺകൃഷി പരിശീലനവും മണ്ണ് പരിശോധനയും നടത്തും. മേയ് 5ന് കോഴി വളർത്തൽ, കർഷകരുടെ തദ്ദേശീയ അറിവുകളും അനുഭവങ്ങളും എന്നീ വിഷയങ്ങളിൽ സെമിനാറുകളും വൈകുന്നേരം 4.30 മുതൽ 7 വരെ അടുക്കളത്തോട്ട നിർമ്മാണവും സംഘടിപ്പിക്കും.
മേയ് 6ന് വിദ്യാർഥികൾ നടത്തുന്ന കാർഷിക സെമിനാറുകളും കർഷകർക്കായുള്ള മത്സരങ്ങളും ഉണ്ടായിരിക്കും. മേയ് 7ന് ഗ്രമോദയയുടെ സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കും.